ആദ്യംതന്നെ നാം മനസ്സിലാക്കേണ്ട ഒരു കാര്യം ഗ്രാമീണ-നഗര ജീവിതങ്ങളെപ്പറ്റി ഇന്ത്യയിൽ ഏറ്റവും പ്രചാരം നേടിയ കാഴ്ചപ്പാടുകൾ മഹാത്മാഗാന്ധിയുടേതായിരുന്നു എന്നാണ്. ഗാന്ധിജിയുടെ അഭിപ്രായത്തിൽ സുസ്ഥിരമായ, സ്വയം പര്യാപ്തമായ ഗ്രാമങ്ങൾ ആണ് ഇന്ത്യയുടെ ആത്മാവ്. ഗാന്ധിജിയുടെ 'ഹിന്ദ് സ്വരാജ്' പോലുള്ള പുസ്തകങ്ങളിൽ അദ്ദേഹത്തിന്റെ ഈ കാഴ്ചപ്പാട് വളരെ വ്യക്തവുമാണ്. അങ്ങനെയിരിക്കെത്തന്നെ അധിനിവേശകാലഘട്ടത്തിൽ ഉണ്ടായി പടർന്നു പന്തലിച്ച ബോംബെ, കൽക്കട്ട, മദിരാശി മുതലായ വൻനഗരങ്ങളെ മനസ്സിലാക്കുവാനും ഉൾക്കൊള്ളുവാനും ഗാന്ധിജിക്കു കഴിഞ്ഞിരുന്നു.
ഗ്രാമകേന്ദ്രീകൃതമായ ഒരു കാഴ്ചപ്പാട് ഇന്ത്യയുടെ പ്രശ്‌നങ്ങളെ പൂർണ്ണമായും പരിഹരിക്കും എന്നു ഗാന്ധിജിക്കുശേഷം ഉയർന്നുവന്ന ജനനേതാക്കൾ വിശ്വസിച്ചിരുന്നില്ല. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന കാര്യത്തിൽ നെഹ്‌റു ഒരു പരിധിവരെ യോജിച്ചുവെങ്കിലും ഇന്ത്യയുടെ നഗരവൽക്കരണത്തെപ്പറ്റി നെഹ്‌റുവിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. സർവകലാശാല പഠനകാലത്തും മോത്തിലാൽ നെഹ്‌റുവുമൊന്നിച്ചുള്ള റഷ്യാസന്ദർശനകാലം മുതൽക്കും ഒരു ശാസ്ത്രീയ അവബോധം (scientific temper) വളർത്തിയെടുക്കുന്നതിൽ നെഹ്‌റു ബോധപൂർവം ശ്രമിച്ചിരുന്നു. ഈ ശാസ്ത്രീയ അവബോധം ഇന്ത്യയുടെ ഭരണഘടനയുടെ മാർഗ്ഗനിർദ്ദേശകതത്ത്വങ്ങളിൽ ((Directive Principles of State Policy) ഉൾപ്പെടുത്തുന്നതിലും നെഹ്‌റു കാര്യമായ സ്വാധീനം ചെലുത്തി. ഐ.ഐ.റ്റി., എയിംസ് (AIIMS), അറ്റോമിക് എനർജി കമ്മീഷൻ, തിരുവനന്തപുരത്തെ ഐ.എസ്.ആർ.ഒ. (ISRO) മുതലായവ നെഹ്‌റുവിന്റെ ശാസ്ത്ര-സാങ്കേതിക അഭിരുചികളുടെ ഉത്പന്നമാണ്. ഒരുപക്ഷേ, നെഹ്‌റുവായിരിക്കാം ശാസ്ത്രജ്ഞനല്ലാത്ത ഒരാൾ, ആദ്യമായി ഇന്ത്യൻ സയൻസ് കോൺഗ്രസ്സിന്റെ ഒരു സെക്ഷന് ആധ്യക്ഷം വഹിച്ച ആദ്യത്തെ വ്യക്തി, അതും 1937 ഡിസംബറിൽ. ഇന്ത്യയുടെ പ്രധാനമന്ത്രിമാർ ഇന്ത്യൻ സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്യുന്ന രീതിയും തുടങ്ങിയത് നെഹ്‌റുവാണ്. ഇന്ത്യൻ സയൻസ് കോൺഗ്രസിൽ അദ്ദേഹത്തിന്റെ ആദ്യ ഉദ്ഘാടന പ്രസംഗത്തിൽ നെഹ്‌റു ഇപ്രകാരം പറഞ്ഞു: ''ശാസ്ത്രത്തിനു മാത്രമേ ജനങ്ങളുടെ വിശപ്പും പട്ടിണിയും അനാരോഗ്യവും നിരക്ഷരതയും അന്ധവിശ്വാസങ്ങളും ഇല്ലാതാക്കുവാനും പാരമ്പര്യത്തിന്റെ പിടിയിൽനിന്നും കുറച്ചെങ്കിലും കുതറിമാറി ഈ രാജ്യത്തിലെ പട്ടിണിപ്പാവങ്ങളെ രക്ഷിക്കാനും പറ്റൂ.'' നെഹ്‌റുവിനെ സംബന്ധിച്ചിടത്തോളം ആധുനിക ഇന്ത്യ നേരിടുന്ന പരമ്പരാഗത പ്രശ്‌നങ്ങൾ നേരിടുവാൻ ശാസ്ത്രവും ആധുനികതയും യുക്തിയും ചേർന്നേ പറ്റൂ.
സുനിൽ ഖിൽനാനി (Sunil Khilnani) യെപ്പോലുള്ള ചരിത്രകാരന്മാർ പറയുന്നത് നെഹ്‌റു കേവലമായ ശാസ്ത്രീയ അവബോധത്തിനപ്പുറം പോയി എന്നാണ്. ഖിൽനാനിയുടെ അഭിപ്രായം ആധുനിക ആശയങ്ങളായ കാര്യകാരണബന്ധങ്ങളും യുക്തിയുമുപയോഗിച്ച് (reasoning and rationality) ജീവിതങ്ങളും സമൂഹങ്ങളും കെട്ടിപ്പൊക്കുന്നതിൽ നെഹ്‌റു വളരെ ശ്രദ്ധാലുവായിരുന്നെന്നാണ്. തീർച്ചയായും നെഹ്‌റു ചിന്തിച്ചിരുന്നതും പ്രവർത്തിച്ചിരുന്നതും മനുഷ്യരാശിയുടെ പ്രശ്‌നങ്ങളെ എങ്ങനെയാണ് യുക്തി ഉപയോഗിച്ച് നേരിടാമെന്നതായിരുന്നു.
