'ലോകത്തെ മാറ്റുന്ന, ജീവിതത്തെ പുതുക്കിപ്പണിയുന്ന' വലിയൊരു ഏജൻസിയാണ് ആധുനികസ്ത്രീവാദങ്ങൾ. അവയിൽതന്നെ വളരെയധികം ചരിത്രപ്രാധാന്യമുള്ളതാണ് പാശ്ചാത്യ ഫെമിനിസം. ഇതിൽ വെളുത്ത വംശീയതയ്ക്കൊപ്പം അവസരവാദവും സ്വാധീനമുറപ്പിക്കുന്നതായി പ്രമുഖ ആഫ്രോ-അമേരിക്കൻ എഴുത്തുകാരിയായ ബെൽ ഹൂക്‌സ് നിരീക്ഷിച്ചിട്ടുണ്ട്. വ്യക്തിവാദികളായ ചിലർ സമകാലീന ഫെമിനിസത്തെ ദുരുപയോഗം ചെയ്യുന്നതിന്റെ ഫലമായിട്ടാണ് ഈ സ്ഥിതി രൂപപ്പെട്ടത്. പുരുഷകേന്ദ്രീകൃതമായ മാധ്യമങ്ങൾക്കുവേണ്ടി രംഗത്തുവരുന്ന ഇവരിൽ പലരും സാമൂഹികതയെയും മൾട്ടികൾച്ചറലിസത്തെയും ഉൾക്കൊള്ളാത്തവരാണ്. തങ്ങളുടെ മാധ്യമപ്രതിച്ഛായ ഉയരുകയാണെങ്കിൽ, ബലാൽസംഗം സ്ത്രീവിമോചനത്തിന് ഉപകരിക്കുമെന്നുപോലും പറയാൻ മടിക്കാത്ത തരത്തിൽ ആത്മബോധമില്ലാത്തവരാണ് ഇക്കൂട്ടരെന്നും ബെൽ ഹൂക്‌സ് തുറന്നെഴുതിയിട്ടുണ്ട്.
1960-70കൡ സാമ്രാജ്യത്വ യുദ്ധപരതയ്ക്കും വംശീയതയ്ക്കും ലിംഗാധിപത്യത്തിനുമെതിരേ ലോകമെമ്പാടുമുള്ള പിന്നണിജനതകളിൽനിന്നും സ്ത്രീകളിൽനിന്നും വമ്പിച്ച മുന്നേറ്റങ്ങൾ ഉയർന്നിരുന്നു. അവയെ മൊത്തത്തിൽ അദൃശ്യമാക്കിക്കൊണ്ട് ചില വ്യക്തിവാദഗ്രൂപ്പുകൾ നടത്തിയ അടഞ്ഞ സമരമുറകളെയും, കമ്മ്യൂണിസ്റ്റ്തീവ്രവാദികളുടെ പക്ഷത്തുനിന്നും ഉണ്ടായ അട്ടിമറിപ്രവർത്തനങ്ങളെയും മാത്രമാണ് പാശ്ചാത്യമാധ്യമങ്ങൾ ഉയർത്തിപ്പിടിച്ചത്.
