''ചിന്താവിഷ്ടയായ സീത'' എന്ന ആശാന്റെ സീതാകാവ്യം കേരളനവോത്ഥാന ആധുനികതയുടെ ഒരു പ്രധാന ഏടായി പൊതുവെ അടയാളപ്പെടുത്തുന്നുണ്ട്. ആശാന്റെ സീതയാകട്ടെ 'ആധുനിക സ്ത്രീ'യുടെ പ്രതീകമായും നിരൂപകർ വിലയിരുത്തിയിട്ടുമുണ്ട്. പാരമ്പര്യത്തിനുള്ളിൽ സ്ഥിതിചെയ്തുകൊണ്ട് പാരമ്പര്യത്തെ വിധ്വംസാത്മകമായി നവീകരിക്കാൻ പ്രേരിപ്പിക്കുന്ന കൃതിയെന്ന നിലയിലും ആശാന്റെ സീതാകാവ്യത്തെ സ്ഥാനപ്പെടുത്താനുള്ള ശ്രമങ്ങളുണ്ട്. എന്നാൽ പലവിധത്തിലുള്ള ഇത്തരം അടയാളപ്പെടുത്തലുകൾ തുടരുമ്പോഴും ആശാന്റെ സീതാകാവ്യം ആന്തരികമായി സംവഹിക്കുന്ന ഇതിഹാസപുരാണപാഠങ്ങളുടെ യാഥാസ്ഥിതികമൂല്യബോധം തുറന്ന ചർച്ചകൾക്ക് വിധേയമാവാതെ തമസ്‌ക്കരിക്കപ്പെടുകയാണുണ്ടായത്. കേരള നവോത്ഥാന ആധുനികത എന്ന വിശേഷിപ്പിക്കപ്പെടുന്ന പ്രക്രിയയിൽ കുമാരനാശാന്റെ സംഭാവനകളെ വിലമതിക്കുമ്പോഴും അദ്ദേഹത്തിന്റെ കാവ്യങ്ങളിൽ ഉള്ളടങ്ങിയ ഇതിഹാസപുരാണ വേദാന്ത പാഠങ്ങളുടെ മൂല്യ വ്യവസ്ഥയെ തുറന്ന സംവാദത്തിന് വിധേയമാക്കുക എന്നത് ചരിത്രത്തോടുള്ള നീതിപുലർത്തലാണ്.
സീതാകാവ്യത്തിലെ വേദാന്ത-കർമഭാവനകൾ
അദ്വൈത വേദാന്തചിന്തകളുടെ സ്വാധീനം ആശാന്റെ കൃതികളിൽ വ്യക്തമായി ദർശിക്കാം. സീതാകാവ്യത്തിൽ സീതയിലൂടെ ജീവിതത്തെ സംബന്ധിച്ച അഭിസന്ധികളും പ്രശ്‌നങ്ങളും വെളിവാക്കുമ്പോൾ അതെല്ലാം വേദാന്ത കർമസിദ്ധാന്തബന്ധിതമായാണ് ആവിഷ്‌ക്കരിക്കപ്പെടുന്നത്. ''ഒരു നിശ്ചയമില്ലയൊന്നിനും വരുമോരോ ദശ വന്നപോലെ പോം'' എന്ന കവിസൂക്തികൾ ഇന്ത്യൻ കർമസിദ്ധാന്തത്തിന്റെ സ്വാധീനതയിലാണ് സൃഷ്ടിക്കപ്പെടുന്നത്. 'ഒരു കൈ പ്രവഹിക്കവേ പിടിച്ചൊരു കൈകൊണ്ടു തലോടുമേയിവൾ' എന്ന നിയതിയെ (വിധി) പറ്റിയുള്ള ചിന്തകൾ സീതാകാവ്യത്തിലെ കർമബന്ധിതവും മനുഷ്യന് തടുക്കാൻ കഴിയാത്തതുമായ വിധിഹിതത്തെ ഉറപ്പിക്കുന്നു. നിഴലും വെളിച്ചവും പോലെ സുഖദുഃഖങ്ങൾ അനുഭവപ്പെടുന്നു (അഴലും സുഖവും സ്ഫുരിപ്പതും/ നിഴലും ദീപവുമെന്നപോലവേ) എന്ന് കവി പ്രസ്താവിക്കുമ്പോഴും അത് കേവലമായ ഒരു ലോകോക്തിയല്ലെന്നും കർമസിദ്ധാന്തത്തിന്റെ നിഴൽ ഈ വരികളിലും വീണുകിടക്കുന്നുണ്ടെന്നും കാണാവുന്നതാണ്. ഗർഭിണിയായ സീത കാട്ടിലുപേക്ഷിക്കപ്പെടാൻ കാരണം 'കർമവിപാക'മാണെന്ന് ആശാന്റെ സീതാകാവ്യം വ്യക്തമായി പ്രസ്താവിക്കുന്നു:
