കഴിഞ്ഞ ഒരു മാസം കേരളം ഏറെ ചർച്ചചെയ്ത ഒരു വിഷയമുണ്ട്. കേരളത്തിലെ സീറോ മലബാർസഭയിലെ, താമരശ്ശേരി രൂപതയിൽപ്പെട്ട നീണ്ടണ്ടുനോക്കി ഇടവക വികാരിയായിരുന്ന ഫാ. റോബിൻ വടക്കുംചേരി തന്റെ ഇടവകയിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെ (സ്‌കൂളിന്റെ മാനേജരും ഫാ. റോബിൻതന്നെയായിരുന്നു) ലൈംഗികമായി പീഡിപ്പിച്ചതും പ്രായപൂർത്തി ആകാത്ത ആ പെൺകുട്ടി സഭയുടെ കീഴിലുള്ള ഒരാസ്പത്രിയിൽവച്ച് അമ്മയായതും. എന്നിട്ട്, ആ കുഞ്ഞിന്റെ മനുഷ്യാവകാശംപോലും നിഷേധിച്ച് കുഞ്ഞിനെ അമ്മയിൽനിന്നും അകറ്റി സഭയുടെ അധികാരത്തിൻകീഴിൽ വരുന്ന അനാഥശാലയിൽ എത്തിച്ചു.
കൃത്യം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷം ചൈൽഡ്‌ലൈനിലേക്ക് വന്ന ഒരു അജ്ഞാത ടെലഫോൺ സന്ദേശമാണ് ഈ നെറികേടിനെ പുറത്തുകൊണ്ടുവന്നത്. അത്രകാലവും അത് 'സഭാരഹസ്യ'മായിരുന്നു. ഫാ. റോബിൻ പതിവുപോലെ കുർബ്ബാന അർപ്പിക്കുകയും മറ്റു പൗരോഹിത്യ-സാമൂഹ്യ ദൗത്യങ്ങൾ നിർവ്വഹിച്ചുപോരുകയും ചെയ്തു. അറസ്റ്റിലാകപ്പെടും എന്നു ഉറപ്പായിട്ടുപോലും അദ്ദേഹം ആ ഞായറാഴ്ച പള്ളിയിൽ സാധാരണ പോലെ പ്രസംഗിക്കുകയും തന്റെ വിദേശയാത്രയ്ക്ക് വിശ്വാസികളുടെ പ്രാർത്ഥന ആവശ്യപ്പെടുകയും ചെയ്തു. വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ ചാലക്കുടി പരിസരത്തുനിന്ന് അറസ്റ്റ് ചെയ്യപ്പെട്ടതിനുശേഷമാണ് അദ്ദേഹം കുറ്റം സമ്മതിക്കുന്നതും നിയമനടപടികൾക്ക് വിധേയമാകുന്നതും.
അത്രയും ആശ്വാസം എന്നു കരുതുമ്പോഴും അത് അത്ര ആശ്വാസകരമായിരുന്നില്ല. സഭാനേതൃത്വം കുറ്റവാളി ശിക്ഷിക്കപ്പെടണം എന്നു പറഞ്ഞുവെങ്കിലും നവജാതശിശുവിനെ അനാഥാലയത്തിലാക്കാൻ കൂട്ടുനിന്നു എന്നു കരുതുന്ന കന്യാസ്ത്രീകൾ ഒളിവിൽ പോകുന്നു. കന്യാസ്ത്രീകൾ എന്തിന് ഒളിവിൽപോകുന്നു എന്ന പൊതുസമൂഹത്തിന്റെ ചോദ്യത്തിന് സഭയുടെ ഔദ്യോഗിക മറുപടി ''പ്രതികൾ പൊതുവേ ഒളിവിൽ പോകാറില്ലേ'' എന്നായിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ മാത്രം കന്യാസ്ത്രീകൾ സാധാരണസ്ത്രീകളാവുന്നത് അത്ഭുതകരംതന്നെ. ഫാ. റോബിന്റെ കുറ്റസമ്മതത്തോടെ അത് ഒരു സാധാരണ ലൈംഗിക പ്രശ്‌നം മാത്രമായി ചുരുങ്ങി സഭയിൽ.
