തലശ്ശേരി, തിരുനെല്ലി,കോങ്ങാട്, വേണു, ചൈന

Society

തലശ്ശേരി, തിരുനെല്ലി,കോങ്ങാട്, വേണു, ചൈന


1968 നവംബറിൽ തലശ്ശേരി പൊലിസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ട വാർത്തക്കൊപ്പം ഒരു ബോക്‌സ് വാർത്തകൂടിയുണ്ടായിരുന്നു. ''പാലക്കാട്ടെ പത്തോളം കോളജ് വിദ്യാർഥികൾ വിപ്ലവത്തിൽ ചേരുവാൻ അപ്രത്യക്ഷമായിയിരിക്കുന്നു''. ഈ പത്ത് പേരിൽ ഒരാളായിരുന്നു അന്ന് പതിനെട്ട് വയസ് മാത്രം പ്രായമുള്ള വി പി ഭാസ്‌കരൻ.

തലശ്ശേരി ആക്രമണം പരാജയപ്പെട്ടതിനെതുടർന്ന് ഭാസ്‌കരൻ ഒഴികെ പാലക്കാട് നിന്നുള്ള എല്ലാവരും നാട്ടിലേക്ക് തിരിച്ചുപോയി. ഭാസ്‌കരൻ മാത്രം വിപ്ലവ പൂർത്തീകരണത്തിന് വയനാട്ടിലേക്ക് യാത്രതിരിച്ചു. കയ്യിലുണ്ടായിരുന്ന കാശ് മുഴുവൻ വിപ്ലവ കൗൺസിലിന് കൊടുത്തിരുന്നു. അതുകൊണ്ട് ഒരു നാണയത്തുട്ടുപോലും കയ്യിലില്ലാതെ, ആഹാരത്തിന് വഴിയില്ലാതെ കാൽനടയായി, ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത വയനാട്ടിലേക്ക്. വഴിക്കുവെച്ച് കോഴിക്കോട്ടുള്ള ബാലറാമേട്ടനും ഒപ്പം ചേർന്നു. കബനിനദിയുടെ തീരത്തെവിടെയോ വിപ്‌ളവത്തിനുവേണ്ടി തയ്യാറെടുക്കുന്നുവെന്ന ഊഹത്തിൽ നെടുമ്പൊയിൽ ചുരംതാണ്ടി മാനന്തവാടിയും കടന്ന് അവർ കാട്ടിക്കുളം വനത്തിൽ പ്രവേശിച്ചു. അവിടെവെച്ച് പൊലിസ് ഏജന്റുമാരുടെ കയ്യിലകപ്പെട്ടു. അവരുടെ കയ്യിൽനിന്ന് കഷ്ടിച്ച് ഓടി രക്ഷപ്പെട്ടു. അവർ ബാവലിപുഴയുടെ കിഴക്ക് അന്തർസന്തയിലെ ഘോരവനത്തിൽ രാത്രി മുഴുവൻ ഉറക്കമിളച്ച് കാത്തിരുന്നു, വിപ്ലവത്തിന്റെ വെടിശബ്ദം കേൾക്കാൻ. രാത്രി മുഴുവൻ ഇടതടവില്ലാതെ എന്തോ പൊട്ടിക്കൊണ്ടിരുന്നു. പന്നിപ്പടക്കത്തിന്റെ ആ ഒച്ചയെ ഘോരമായ വിപ്‌ളവയുദ്ധമായി തെറ്റിദ്ധരിച്ചുകൊണ്ട് നവംബറിലെ കൊടും മഞ്ഞിൽ മരവിച്ചു. ദിക്കറിയാതെ കുഴങ്ങി. കാട്ടുമൃഗങ്ങൾ വിഹരിക്കുന്ന കാട്ടിലൂടെ അലഞ്ഞുതിരിഞ്ഞ് അവസാനം കബനീ ഡാമിന്റെ നിർമ്മാണ സ്ഥലത്ത് എത്തിച്ചേർന്നു. മൂന്ന് മാസക്കാലം ഡാമിൽ കൂലിവേല ചെയ്തു ജീവിക്കുമ്പോഴും വിപ്‌ളവത്തിന് സംഭവിച്ച വിപര്യമായിരുന്നു ഭാസ്‌കരന്റെ മനസ്സുനിറയെ.

തിരിച്ച് കേരളത്തിൽ എത്തിയപ്പോൾ സഖാവ് കുന്നിക്കലിന്റെ കീഴടങ്ങൽ സൃഷ്ടിച്ച അപമാനത്തിന്റെ ഭാരംകൂടി പേറുന്ന പ്രസ്ഥാനത്തെ കരകയറ്റാൻ പാലക്കാട്ടും അട്ടപ്പാടിയിലും ഹൈറേഞ്ചിലും കോട്ടയത്തും ഭാസ്‌കരൻ ഗ്രാമങ്ങൾ തോറും അലഞ്ഞു തിരിഞ്ഞു. അന്നത്തെ സി പി ഐ (എം എൽ) ലീഡിംഗ് ഗ്രൂപ്പുകളിൽ സംസ്ഥാന തലത്തിലും പാലക്കാട് ജില്ലാ തലത്തിലും പ്രവർത്തിച്ചു. കോങ്ങാട് കേസിൽ പ്രതിയാകുന്നതുവരെയുള്ള ഭാസ്‌കരന്റെ യാത്ര ഇങ്ങനെയൊക്കെയായിരുന്നു. ആറ് മാസത്തെ ഒളിവ് ജീവിതത്തിനുശേഷം ഭാസ്‌കരൻ പാലക്കാട്ടെ ഒരു പ്രസിൽവെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. നാല് മാസം വിയ്യൂർ ജയിലിൽ കഴിഞ്ഞു. അവിടെനിന്ന് എട്ട് സഹപ്രവർത്തകർക്കൊപ്പം ജയിൽ ചാടി. ഈ സമയത്ത് സി പി ഐ (എം എൽ)ന്റെ സംസ്ഥാന സമിതി പുന:സംഘടിപ്പിച്ചു. എട്ട് മാസങ്ങൾക്കുശേഷം കണ്ണൂരിലെ ഏതോ ഗ്രാമത്തിൽവെച്ച് വീണ്ടും അറസ്റ്റിലായി. ജയറാം പടിക്കലിന്റെ പൊട്ടക്കുഴി ക്യാമ്പിൽ മാസങ്ങൾ നീണ്ട പീഡനകാലം. തുടർന്ന് 14 വർഷത്തെ ജയിൽവാസം. മർദനങ്ങളും പ്രതിഷേധങ്ങളും നിരാഹാരസമരങ്ങളും നിറഞ്ഞ തടവുജീവിതം. ഇത് വായനയുടെയും പഠനങ്ങളുടെയും കാലമായിരുന്നു. ജയിലിൽ കഴിയുമ്പോൾ പുസ്തകമെഴുതി. 14 വർഷം ജയിലിൽ കഴിഞ്ഞിട്ടും മോചിപ്പിക്കാൻ ഭരണകൂടം തയ്യാറായില്ല. ഒടുവിൽ രാഷ്ട്രീയ തടവുകാരെ വിട്ടയക്കാനായി ശക്തമായ ജനകീയ പ്രസ്ഥാനംതന്നെയുണ്ടായി. ജയിലിൽനിന്ന് മോചിതനായശേഷം സി പി ഐ (എം എൽ) ലിബറേഷന്റെ സജീവ പ്രവർത്തകനായി. 'ജനകീയശബ്ദ'ത്തിന്റെ സ്ഥാപക പത്രാധിപരായിരുന്നു. ഇന്ത്യൻ ജനകീയ മുന്നണിയുടെ (ഐ പി എഫ്) നാഷണൽ കൗൺസിൽ അംഗമായി തിരഞ്ഞെടുത്തിരുന്നു. ഒരിക്കൽ ഈ വിപ്ലവയാത്രയുടെ അനുഭവങ്ങൾ എഴുതാൻ തയ്യാറെടുത്തതാണ്. എന്നാൽ പൂർത്തിയാക്കിയിട്ടില്ല. ആ അനുഭവങ്ങളും നിലപാടുകളും പങ്കുവെയ്ക്കുകയാണ് ഭാസ്‌കരൻ.


Related Articles