സർവകലാശാലകൾ എന്ന സാമൂഹിക ഇടങ്ങൾക്ക് സമകാലിക ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ക്രിയാത്മകമായിത്തന്നെ പുതിയ രൂപവും ഉള്ളടക്കവും നിർമിക്കാൻ സാധിക്കുന്നുണ്ടെന്നതാണ് ദേശീയതലത്തിൽ നടക്കുന്ന എൻ ആർ സി, എൻ പി ആർ, സി എ എ വിരുദ്ധ വിദ്യാർഥി മുന്നേറ്റങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നത്. ജാമിയ മില്ലിയ, അലിഗഢ് സർവകലാശാല, ജെഎൻയു, ദില്ലി യൂണിവേഴ്സിറ്റി, എച്ച് സി യു, നദ് വത്തുൽ ഉലമ, ഐ ഐ ടി ബനാറസ് സർവകലാശാല തുടങ്ങിയ അനേകം സർവകലാശാലകളിൽ ഒരുമിച്ച് നടക്കുന്ന യുവവിദ്യാർഥി മുന്നേറ്റങ്ങളെ നാളിതുവരെ ഇന്ത്യയിൽ നടന്ന വിദ്യാർഥി മുന്നേറ്റങ്ങളുടെ ചരിത്രത്തെയും അവ ഉത്പാദിപ്പിച്ച ഭൗതിക വ്യവഹാരങ്ങളെ ആധാരമാക്കിക്കൊണ്ടുതന്നെ സൂക്ഷ്മ വായനയ്ക്ക് വിധേയമാക്കേണ്ടതാണ്, കാരണം സിഎ എ വിരുദ്ധ വിദ്യാർഥി സമരങ്ങളെ സാമാന്യാർഥത്തിൽ വിശകലനം ചെയ്യുന്ന ലേഖനങ്ങളും പ്രഭാഷണങ്ങളും മാധ്യമദ്വാരാ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും സവിശേഷമായിത്തന്നെ പ്രസ്തുത സമരങ്ങളെ വിവിധ അടരുകളിൽ നിന്ന് ആഴത്തിൽ അപഗ്രഥിക്കുന്ന ചുരുക്കം ചില ലേഖനങ്ങളാണു പ്രസിദ്ധീകൃതമായിട്ടുള്ളത്. ഫ്രണ്ട്ലൈനിൽ പ്രഭാത് പട്നായിക് എഴുതിയ എ നാഷൺ അവൈക്കൻഡ് (Front line- Jan 17-2020, P41), ദ ഹിന്ദുവിൽ സോയാ ഹസൻ എഴുതിയ 'ആൻ അനാട്ടമി ഓഫ് ആന്റി സിഎഎ പ്രോട്ടസ്റ്റ്സ്' (The Hindu, Jan 1, 2020), ദ വയറിൽ അവിജിത് പതക് എഴുതിയ റീ തിങ്കിങ് എജ്യുക്കേഷൻ ഇൻ ദ ഏജ് ഓഫ് ടോട്ടലിറ്റേറിയൻ പൊളിറ്റിക്സ് തുടങ്ങിയ ലേഖനങ്ങൾ ഇവയിൽ ഏറെ പ്രധാനമർഹിക്കുന്നതാണ്.
അതുകൊണ്ടുതന്നെ ഇന്ത്യയിലെ വിദ്യാർഥി മുന്നേറ്റങ്ങളെക്കുറിച്ചുള്ള വിശകലനം അതിന്റെ യഥാതഥമായ ചരിത്രത്തിലൂന്നി, പൗര സമൂഹം (Civil Society), ഹിംസ (violence), ചരക്കുവത്കരണം (Commodification), പുറന്തള്ളൽ (Exclusion), ജാതി (Caste) മതരാഷ്ട്രവാദം (Religious Fundamentalism), സ്വത്വം (Identity), കല (Art) തുടങ്ങിയ സംജ്ഞകളെ അക്കാദമികമായി സ്പർശിക്കുമ്പോഴാണ് പ്രസ്തുത വിഷയത്തിന് ഏറെ ദൃശ്യത കൈവരുന്നത്. 1969-ലെ തെലങ്കാന സമരം, 1970-ലെ ബീഹാർ വിദ്യാർഥി സമരം,1980-ലെ ആസാം വിദ്യാർഥി സമരം,2014-ൽ ജാദവ്പൂർ സർവകലാശാലയിലെ ഹോകോകൊളോറൊബ് സമരം,2015-ലെ പിഞ്ജ്ര തോഡ്, ഒക്കുപ്പൈ യുജിസി സമരം, 2016 ജനുവരിയിലെ രോഹിത് വെമുല സമരം, 2016 ഫെബ്രുവരിയിലെ ആസാദി മുന്നേറ്റം എന്നീ വിദ്യാർഥി സമരങ്ങൾ മുതൽ 2020 ഡിസംബറിലെ ഫീസ് വർധനവിനെതിരേയുള്ള ജെഎൻയു സമരവും സിഎഎ വിരുദ്ധ ദേശീയ വിദ്യാർഥി സമരവുംവരെ എത്തിനിൽക്കുന്ന വിദ്യാർഥി മുന്നേറ്റങ്ങളുടെ ആഖ്യാന ചരിത്രം മേൽപറഞ്ഞ സംജ്ഞകളിലൂടെ ഘടനാപരമായും ധർമ്മാധിഷ്ഠിതമായും എങ്ങനെ മാറ്റങ്ങൾക്ക് വിധേയമാവുന്നു? അവ എങ്ങനെ രാഷ്ട്ര ബന്ധത്തെയും പൊതുബോധത്തെയും മാറ്റിയെടുക്കുന്നു? അവയെക്കുറിച്ചുള്ള പുതിയ സാമൂഹികശാസ്ത്ര ആലോചനകൾ എന്തൊക്കെയാവാം? തുടങ്ങിയ ചോദ്യങ്ങളെ വിമർശനാത്മകമായി പരിശോധിക്കാം.
