1927–ൽ രണ്ടു ഘട്ടങ്ങളിലായി മഹാരാഷ്ട്രയിലെ റായ്ഗഡ് (മുൻ കൊളാബ) ജില്ലയിലെ മഹാഡിൽ നടത്തപ്പെട്ട സത്യാഗ്രഹമാണ് ഡോക്ടർ അംബേദ്കറുടെ പൊതു പ്രക്ഷോഭണ ജീവിതത്തിനു തുടക്കം കുറിച്ചത്. പാശ്ചാത്യ വിദ്യാഭ്യാസം പൂർത്തിയാക്കി ബോംെബയിൽ അഭിഭാഷക വൃത്തിക്ക് അദ്ദേഹം തയ്യാറെടുപ്പു നടത്തിക്കൊണ്ടിരുന്ന സന്ദർഭം ആയിരുന്നു അത്. ഡോക്ടർ അംബേദ്കറെ ആദരിക്കാനും അയിത്ത ജാതിക്കാരുടെ മനുഷ്യാവകാശങ്ങളും ആത്മാഭിമാനവും ഉയർത്തിപ്പിടിക്കാനും ആണ് മഹാഡ് സമ്മേളനവും അതിനോട് അനുബന്ധിച്ചു സത്യാഗ്രഹവും സംഘടിപ്പിച്ചത്. ആ സത്യാഗ്രഹ സമരം സംഘടിപ്പിച്ചതും ഡോക്ടർ അംബേദ്കറെ അതിൽ പങ്കെടുപ്പിച്ച് അതിന്റെ നേതൃത്വ സ്ഥാനത്തു എത്തിച്ചതും മഹാർ സമാജ് സേവാ സംഘിന്റെ ആഭിമുഖ്യത്തിൽ അതിന്റെ ജനറൽ സെക്രട്ടറി ആയിരുന്ന രാമചന്ദ്ര ബാബാജി മോറെ (1903-1972) എന്ന അതി പ്രഗത്ഭനായ ഒരു സംഘാടക പ്രതിഭയാണ്. മഹാഡ് സമരത്തിന്റെ രണ്ടു ഘട്ടങ്ങളുടെയും ചരിത്രം ഇവിടെ പുനരാഖ്യാനം ചെയ്യുന്നില്ല. പലരുടെയും എഴുത്തുകളിൽ വളരെയേറെ ചർച്ച ചെയ്യപ്പെട്ട ആ ചരിത്ര പ്രസിദ്ധ സമരത്തിന്റെ – ആ സമ്മേളന–സത്യാഗ്രഹ തയ്യാറെടുപ്പുകൾ മാത്രമാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്.
മഹാഡിലെ കുടിവെള്ള പ്രശ്‌നം
