ഇന്നത്തെ മലയാളി എത്രത്തോളം മതേതരവാദിയാണ്, അഥവാ വർഗ്ഗീയവാദിയാണ് എന്നുള്ള അന്വേഷണം വളരെ പ്രസക്തമായ ഒന്നാണ്. വ്യക്തിപരമായി മതവിശ്വാസവും ജാതീയമായ ആചാരങ്ങളും പിന്തുടരുമ്പോൾത്തന്നെ ഒരാൾക്ക് മതേതരവാദിയാവാൻ കഴിയുമോ എന്നതും ഒരു ആലോചനാവിഷയംതന്നെ. മതവിശ്വാസിയായതുകൊണ്ടുമാത്രം ഒരാൾ വർഗ്ഗീയവാദിയാവുന്നില്ല. മതവിശ്വാസിയായിക്കൊണ്ടുതന്നെ വർഗ്ഗീയതയെ എതിർക്കുന്ന മതേതരസമീപനം ഒരു ജനാധിപത്യ സംവിധാനത്തിൽ വളരെ പ്രധാനവുമാണ്. ഒപ്പം, ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനുള്ള അവകാശവും ഇതേ ജനാധിപത്യസംവിധാനത്തിന്റെ ഭാഗമാകുന്നു. ഈ അവകാശം വളരെ പ്രകടമായി രേഖപ്പെടുത്തുകയും ഊന്നിപ്പറയുകയും ചെയ്തത് കേരളീയ നവോത്ഥാനത്തിന് വലിയ സംഭാവന ചെയ്ത ശ്രീനാരായണഗുരുവാണ്. അദ്ദേഹത്തിന്റെ ആ പ്രസ്താവനമാത്രം പക്ഷേ, വേണ്ടത്ര ചർച്ചചെയ്യപ്പെട്ടിട്ടുമില്ല. മാത്രവുമല്ല ഗുരുവിനെ ഒരു പ്രത്യേക ജാതിയുടെ നേതാവായി ചുരുക്കാനുള്ള കടുത്ത ശ്രമങ്ങൾ അനുദിനം നടന്നുവരുകയുംചെയ്യുകയാണല്ലോ. സി.ആർ. കേശവൻ വൈദ്യർ ഗുരുവിന്റെ കൃതികൾ സമാഹരിച്ചിട്ടുണ്ട്. ഗുരു ഇപ്രകാരം പറയുന്നു: ''നാം ജാതിഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും സംവത്സരങ്ങളായി. എന്നിട്ടും ചില പ്രത്യേക വർഗ്ഗക്കാർ നമ്മെ അവരുടെ വർഗ്ഗത്തിൽപ്പെട്ടതായി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായും അതു ഹേതുവായി പലർക്കും നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണയ്ക്കിടവന്നിട്ടുണ്ടെന്നുമറിയുന്നു.'' ഇനിയുള്ള വാചകം ഏറ്റവും ശ്രദ്ധിക്കേണ്ടതായ ഒന്നാണ്. ''നാം ഒരു പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യരിൽനിന്നും മേൽപ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിൻഗാമിയായി വരത്തക്കവണ്ണം ആലുവാ അദ്വൈതാശ്രമത്തിൽ ചേർത്തിട്ടുള്ളൂ എന്നും മേലിലും ചേർക്കൂ എന്നും വ്യവസ്ഥപ്പെടുത്തിയിട്ടുള്ളൂ.''
തനിക്ക് ജാതിയും മതവും ഇല്ലെന്ന് ശ്രീനാരായണഗുരു അസന്ദിഗ്ധമായി പറഞ്ഞു. മതവിശ്വാസം വേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഇങ്ങനെ പറയാൻ ഇന്ന് എത്രപേർക്ക് കഴിയും?
ഇനി മഹാത്മാഗാന്ധിയുടെ നിലപാട് നോക്കുക: ''ഞാൻ ഹിന്ദുവാണ്. ഇസ്ലാമാണ്. എനിക്ക് റാം എന്നു പറയുമ്പോൾ റഹിംകൂടിയാണ്.'' ഇതു പറയാൻ ഇന്ന് എത്ര ഇന്ത്യക്കാർ, എത്ര മലയാളികൾ തയ്യാറാണ്? നമ്മളൊക്കെ എന്താണ് ചെയ്യുന്നതെന്ന ചോദ്യം ഞാൻ വ്യക്തിപരമായും ഞാനുൾപ്പെടുന്ന പ്രസ്ഥാനത്തോടും ചോദിക്കുകയാണ്.
