ശുദ്ധീകരണവും  പരിഷ്‌കരണവും

Society

ശുദ്ധീകരണവും പരിഷ്‌കരണവും


മകാലിക പ്രതിസന്ധികളിൽ പരിഹാരമായും ഊർജ്ജമായും ചരിത്രത്തിൽ നിന്നും വേരുകൾ കണ്ടെത്തുന്നതിലൂടെ ചരിത്രത്തെ സദാ വർത്തമാനത്തിന്റെ ഉപദാനമായും പ്രതിവിധിയായും വിലയിരുത്തുന്നവരുണ്ട്. മറ്റ് വാക്കുകളിൽ പറഞ്ഞാൽ, ചരിത്രത്തെ വർത്തമാനത്തെ പൂരിപ്പിക്കുന്നതിനുള്ള പ്രധാന ഉപാധിയായി പണ്ഡിതർ കണക്കാക്കുകയും ചെയ്യുന്നു. ഒരുവേള ഭരണകൂട ശക്തികൾക്ക് ചരിത്രരചന തങ്ങളുടെ അധികാര സാധൂകരണത്തിന്റെ ഉപകരണമാണ്. മറ്റ് ചിലർക്ക് തങ്ങളുടെ ആഖ്യാനങ്ങളുടെ സാധൂകരണത്തിനുള്ള ഉപകരണമായും കലാശിക്കുന്നു. അടിസ്ഥാനപരമായി ചരിത്ര വസ്തുതകൾ ആഖ്യാനങ്ങളെ സാധൂകരിക്കുന്ന സന്ദർഭത്തിലാണ് ചരിത്ര രചന ശാസ്ത്രീയമായി മാറിത്തീരുക. "അംബേദ്കർ ഗാന്ധി സമന്വയം സാധ്യമാണോ?' എന്ന ചോദ്യം അതുകൊണ്ടു തന്നെ തീർത്തും ചരിത്രപരമാണ്. വസ്തുതകൾ സമന്വയിക്കുമ്പോഴാണ് ചരിത്രാഖ്യാനം തിളക്കമാർന്ന ഭൂപടമായി പരിണമിക്കുന്നത്. അംബേദ്കർ– ഗാന്ധി സമന്വയം എന്ന വിഷയത്തെ സംബന്ധിച്ചും ചരിത്ര ആഖ്യാനത്തെ സംബന്ധിച്ച അടിസ്ഥാന ധാരണകൾ സുപ്രധാനവും പ്രസക്തവുമാണ്.

ആത്മ ശുദ്ധീകരണവും സ്വയം പരിഷ്‌കരണവും

അംബേദ്കറെയും ഗാന്ധിയെയും സമന്വയിപ്പിക്കുന്നവരുടെ പ്രധാന വാദമാണ് അംബേദ്കർ ദലിതരോട് ഗോമാംസം ഉപേക്ഷിച്ച് സ്വയം പരിഷ്കരിക്കാൻ ആഹ്വാനം ചെയ്തത് ഗാന്ധിയുടെ ആത്മശുദ്ധീകരണം എന്ന തത്ത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് എന്നുള്ള വാദം. ആത്മശുദ്ധീകരണം എന്ന ആശയവും സ്വയം പരിഷ്കരണം എന്ന ആശയവും ഇവിടെ പരിശോധിക്കേണ്ടതുണ്ട്. സവർണരുടെ ആത്മശുദ്ധീകരണത്തിലൂടെ അയിത്തം അവസാനിപ്പിക്കുക എന്ന ഗാന്ധിയൻ ദർശനത്തിൽ ദലിതർക്ക് യാതൊരു കർത്തൃത്വവുമില്ല. കൂടാതെ ഇത് ഔദാര്യ പൂർണമായ യജമാനഭാവത്തെ പ്രകടിപ്പിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഭരണരംഗത്തും അധികാര രംഗത്തും അക്കാദമിക മേഖലകളിലും ഇന്നും ദലിതർ നേരിടുന്ന അസ്പൃശ്യതയും പുറന്തള്ളലും തെളിയിക്കുന്നത് സവർണരുടെ ആത്മശുദ്ധീകരണത്തിലൂടെ ദലിത് ഉന്നമനം സാധ്യമാവില്ല എന്നു തന്നെയാണ്. നിയമങ്ങളും ഭരണഘടനയും നിലനിൽക്കുന്നതിനാണ് ദലിതർ ഇന്നും സംരക്ഷിക്കപ്പെടുന്നത്. സവർണരുടെ ആത്മശുദ്ധീകരണത്തിന്റെ ബലമല്ല മറിച്ച് സംവരണം ഉൾപ്പെടെയുള്ള പ്രാതിനിധ്യ അവകാശങ്ങളാണ് ഇന്നും ഒരു പരിധി വരെയെങ്കിലും ദലിത് ഉന്നമനത്തെ സഹായിക്കുന്നത്. ജനാധിപത്യത്തിന്റെ തത്ത്വങ്ങളിലാണ് ദലിത് വിമോചനത്തിന്റെ ദർശനങ്ങൾ കുടികൊള്ളുന്നത് എന്നാണ് ഇത് ബോധ്യപ്പെടുത്തുന്നത്. ഗാന്ധിയൻ ആത്മശുദ്ധീകരണം സവർണർ ഏറ്റെടുത്തില്ല എന്നതിന്റെ പ്രത്യക്ഷ ദൃഷ്ടാന്തമാണ് ദലിതർ ഇന്നും നേരിടുന്ന ദുരിതപർവങ്ങൾ. അതുകൊണ്ടുതന്നെ ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ദലിതർക്ക് ഗാന്ധിയൻ ആത്മശുദ്ധീകരണത്തേക്കാൾ വിശ്വാസ യോഗ്യമായിരിക്കുന്നത് ഭരണഘടനാ ജനാധിപത്യ തത്ത്വങ്ങളാണ്.


Related Articles