പൊതുബോധ്യങ്ങളും വരേണ്യബോധ്യങ്ങളും ദലിത്‌ബോധ്യങ്ങളും

Society

പൊതുബോധ്യങ്ങളും വരേണ്യബോധ്യങ്ങളും ദലിത്‌ബോധ്യങ്ങളും


കേരളത്തിലെ ദലിത് രാഷ്ട്രീയത്തെ സംബന്ധിച്ച ഗൗരവമേറിയ ചിന്തകൾ വഹിക്കുന്ന പുസ്തകമാണ് ഡോ. കെ.കെ. ബാബുരാജിന്റെ'അപരചിന്തനം: അരികുവൽക്കരിക്കപ്പെട്ടവരുടെ ചരിത്രം.' ഈ പുസ്തകത്തെ അധികരിച്ചുകൊണ്ടും കേരളത്തിന്റെ പൊതുവായിട്ടുള്ള വിഷയങ്ങളുടെ '' ... .

ദിനു വെയിൽ: കേരളത്തിന്റെ പൊതുബോധത്തിനകത്ത് എങ്ങനെയാണ് ജാതിയെക്കുറിച്ചുള്ള വർത്തമാനങ്ങൾ (discourses) എത്തിനിൽക്കുന്നത് എന്ന് നോക്കിക്കഴിഞ്ഞാൽ, വളരെ കൃത്യമായി പറഞ്ഞാൽ എവിടെയെങ്കിലും ദലിതനെയോ ആദിവാസിയെയോ കൊലചെയ്താൽ, ഏതെങ്കിലും സാഹചര്യത്തിൽ പോഷകാഹാരക്കുറവുകൊണ്ട് അട്ടപ്പാടിയിൽ ഒരു മരണം ഉണ്ടായിക്കഴിഞ്ഞാൽ അതിനെ മനസ്സിലാക്കാനുള്ള ഒരു സാംസ്‌കാരിക ബോധത്തിലേക്കെങ്കിലും കേരളത്തിന്റെ പൊതുസമൂഹം ഉണർന്നിട്ടുണ്ട്. പക്ഷേ, വളരെയധികം പിന്നോക്കാവസ്ഥയിലുള്ള, മുൻഗണനയ്ക്കു പുറത്തുള്ള സമൂഹത്തിന്റെ പ്രശ്‌നങ്ങൾ മനസ്സിലാക്കാനുള്ള സഹിഷ്ണുത കേരളത്തിന്റെ സാംസ്‌കാരിക സമൂഹം കൈക്കൊണ്ടിട്ടുണ്ടെങ്കിലും വലിയരീതിയിലുള്ള അസഹിഷ്ണുത, മുൻഗണനകളെ (previleges) ചോദ്യംചെയ്യുന്ന അവസരത്തിലുണ്ടാകുന്നുമുണ്ട്. ദലിതനെയും ആദിവാസിയെയും മാത്രം നവീകരിച്ചാൽ മതിയോ, ഗ്രേഡഡ് അസമത്വങ്ങളുടെ മുകളിലുള്ള, മുൻഗണനയ്ക്കു മുകളിലുള്ള മനുഷ്യരുടെ കാര്യത്തെക്കുറിച്ച് ആർക്കും ഒരു ആകുലതയില്ലേ എന്ന ചോദ്യം അംബേദ്കർ ഉന്നയിക്കുന്നുണ്ട്. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക പരിസരങ്ങൾ നമ്മൾ പരിശോധിച്ചു കഴിഞ്ഞാൽ ഇതിന്റെ വ്യത്യസ്തതരത്തിലുള്ള സ്ഫുരണങ്ങൾ കാണാൻ കഴിയും. മുൻഗണനകളെ ചോദ്യംചെയ്യുമ്പോൾ അസ്വസ്ഥരാകുന്ന മനുഷ്യരുടെ എണ്ണം കൂടിവരുന്നുണ്ട് എന്ന കാര്യം ഒരു യാഥാർത്ഥ്യമാണ്. രണ്ടു മൂന്ന് ഉദാഹരണങ്ങളിലൂടെ ചർച്ചയിലേക്കു കടക്കാമെന്ന് തോന്നുന്നു.

പിങ്ക് പോലീസിന്റെ അതിക്രമം കാരണം എട്ടുവയസ്സുള്ള ഒരു ദലിത് പെൺകുട്ടി രാത്രിയിൽ ഉറക്കത്തിൽ ഞെട്ടിയുണർന്നപ്പോഴോ വാളയാറിൽ രണ്ടു പെൺകുട്ടികൾ ക്രൂരമായി കൊലചെയ്യപ്പെട്ട സമയത്തോ ഒന്നുംതന്നെ അവരുടെ വീടുകളിലേക്ക് എത്താതിരുന്ന മന്ത്രിമാർ പഴയിടം നമ്പൂതിരിയെപ്പോലുള്ള ഒരു മനുഷ്യനങ്ങ് പിണങ്ങിപ്പോകുമ്പോൾ അവരുടെ വീടുകളിലേക്ക് എത്തുന്നു. എന്നാൽ, രണ്ടു കുഞ്ഞുങ്ങളുടെ ജീവന്റെ വിലപോലും ആരും പരിഗണിക്കുന്നില്ല എന്നാണ് നാം തിരിച്ചറിയേണ്ടത്. പിണങ്ങിപ്പോകുമ്പോൾ, വീട്ടിൽ തിരിച്ചു വിളിക്കാൻ എത്തുന്ന ഈ പ്രത്യേകതയാണ് പ്രിവിലേജ് എന്നു പറയുന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ശശി തരൂരിനെപ്പോലുള്ള ഒരു വ്യക്തി, അന്താരാഷ്ട്രതലത്തിൽ വിവരം നേടിയ ഒരാൾ, നല്ല തറവാടിയായ നായരാണെന്ന് തന്നെക്കുറിച്ച് മറ്റൊഒരാൾ പറയുന്ന സമയത്ത്, മിനിമം ജനാധിപത്യ ബോധത്തിനകത്തു നിന്നുകൊണ്ട് എഴുന്നേറ്റ് നിന്ന് ഞാൻ തറവാടിയായ നായരാകാൻ ആഗ്രഹിക്കുന്നില്ല എന്നു പറയാനുള്ള മിനിമം ബോധം കാണിക്കുന്നില്ല എന്നിടത്താണ് കേരളത്തിലെ ജാതിവിരുദ്ധ പോരാട്ടത്തിന്റെ ആവശ്യകതകളെക്കുറിച്ച് നാം കൃത്യമായി മനസ്സിലാക്കേണ്ടത്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൊക്കെ പുതുതായി പ്രചരിക്കുന്ന ഒരു കാര്യമാണ്, മുറ്റത്തേക്കിറങ്ങി തമ്പുരാട്ടി ആർക്കൊക്കെയോ ചായ കൊടുത്തു എന്നുള്ളത്. മുറ്റത്തേക്കിറങ്ങി നൽകിയ ചായ കുടിക്കാൻ കഴിഞ്ഞു എന്ന ഭാഗ്യമാണ് കേരളത്തിൽ നിലനിൽക്കുന്ന ജാതീയത എന്നു പറയുന്നത്. കണ്ണൂർ ജില്ലയിലെ ഒരു സുഹൃത്ത് പറഞ്ഞ കാര്യമാണ് മറ്റൊരു കാര്യം. പരീക്ഷ എഴുതാൻ പോകുന്ന കുട്ടികളെ ക്യൂ നിർത്തി അമ്പലത്തിലെ നമ്പൂതിരി ഉണ്ടാക്കിയ ചായ കുട്ടികളുടെ കൈകളിലേക്കു തുള്ളികളായി ഒഴിച്ച് നൽകുന്നു. ഇതു കുടിച്ച കുട്ടികൾക്ക് പരീക്ഷ നന്നായി എഴുതാനാവുന്നു എന്ന് വിശ്വസിക്കുന്നു. നമ്പൂതിരി നൽകിയ ചായ എങ്ങനെയുണ്ട് എന്ന് കുട്ടികളോടു ചോദിക്കുമ്പോൾ വായിൽ വെക്കാൻ കൊള്ളില്ലെങ്കിലും പരീക്ഷ ജയിക്കുമല്ലോ എന്നോർത്തു കുടിച്ചതാണ് എന്നായിരുന്നു മറുപടി. അതായത് തുള്ളി തുള്ളിയായ ജാതീയത വായിലേക്ക് എത്തുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിച്ചുവരുന്നത് എന്നറിയണം. കെ. കെ. ബാബുരാജ് വളരെ കൃത്യമായി ഇത്തരം അവസ്ഥകളെക്കുറിച്ച് എഴുതിയിട്ടുണ്ട്. എങ്ങനെയാണ് കേരളത്തിന്റെ പൊതുബോധ്യം വരേണ്യബോധ്യമായി മാറിയിട്ടുള്ളത് എന്നുള്ളതും ഇപ്രകാരം ഉറച്ചുപോയ കാഴ്ച, കേൾവി, അഭിരുചി ശീലങ്ങൾ എങ്ങനെയാണ് മലയാളികൾക്കുള്ളത് എന്നും വളരെ കൃത്യമായി അദ്ദേഹം എഴുതിയിട്ടുണ്ട്. നമുക്ക് അദ്ദേഹവുമായി സംസാരിച്ചുതുടങ്ങാം.


Related Articles