അസാധാരണമായൊരു കാലത്തിലൂടെയാണ് മാനവരാശി കടന്നുപോകുന്നത്. കോവിഡ് 19-ന്റെ പ്രത്യേക പശ്ചാത്തലം അസാധാരണത്വത്തിന്റെ ആക്കം വർദ്ധിപ്പിക്കുകയാണ്. ഇനിയൊന്നും പഴയതുപോലെ ആവില്ലെന്നും അതുകൊണ്ട് 'ന്യൂ നോർമലി'നെക്കുറിച്ച് ചിന്തിക്കണമെന്നും ആഹ്വാനം ചെയ്തത് സ്ലൊവേനിയൻ തത്ത്വചിന്തകനായ സ്ലാവോയ് സിസെക്കാണ്. സിസെക്കിന്റെ ആഹ്വാനം ഈ കാലഘട്ടത്തിലെ ചിന്തിക്കുന്ന തലമുറ ഗൗരവമായിത്തന്നെയാണു കാണുന്നത്. മതത്തെയും രാഷ്ട്രീയത്തെയും നൈതികതയെയും മാനവികതയുടെ ലാവണ്യദർശനങ്ങളെയും ഒക്കെ പുനരാഖ്യാനം ചെയ്യുന്ന പുതിയൊരു ജ്ഞാനമണ്ഡലത്തെയാണ് സിസെക് നമ്മുടെ മുമ്പിൽ തുറന്നുവയ്ക്കുന്നത്. പ്രസ്തുത ജ്ഞാനമണ്ഡലത്തെ നവചിന്തകൾകൊണ്ട് പരിപോഷിപ്പിക്കുന്ന ഒട്ടനവധി ചിന്തകരുണ്ട്. ഗീൽ ദെലേസും അലൻ ബാദിയോയും മിഷേൽ ഹാർട്ടും അന്റോണിയോ നെഗ്രിയും കാതറിൻ മലബൂവും ജോർജിയോ അംഗംബനും റോസി ബ്രെയ്ഡോറ്റിയും ഒക്കെ ഉൾപ്പെടുന്ന ഒരു ചിന്താധാരയെയാണ് സിസെക്കും പ്രതിനിധാനം ചെയ്യുന്നത്. പ്രസ്തുത ജ്ഞാനമണ്ഡലത്തിലെ ഒരു ചിന്തമാത്രമാണ് സിസെക്കിന്റെ 'ന്യൂനോർമൽ'. അതു മനസ്സിലാക്കാതെ 'ന്യൂ നോർമലി'നെക്കുറിച്ച് മാത്രമായി ചിന്തിക്കാനാവില്ല. കോർപ്പറേറ്റ് ക്യാപ്പിറ്റലിസത്തിന്റെ അനിയന്ത്രിതമായ കടന്നുകയറ്റത്തിൽ സൃഷ്ടിക്കപ്പെടുന്ന സാമൂഹിക സാമ്പത്തിക അരാജകത്വത്തിന്റെ പശ്ചാത്തലത്തിൽ രൂപപ്പെടേണ്ട ബദൽ സംസ്കൃതി എന്നാണ് 'ന്യൂനോർമലി' നെക്കുറിച്ച് സിസെക്ക് വ്യക്തമാക്കുന്നത്. ഈ ചിന്താധാരയുടെ ജ്ഞാനമണ്ഡലത്തെക്കുറിച്ച് അന്വേഷിക്കുകയാണിവിടെ.
പാശ്ചാത്യ ചിന്തയുടെ ഉത്തരാധുനിക മാനം അടയാളപ്പെടുത്തുന്നുവെന്ന കാരണത്താൽ 'പോസ്റ്റ്കോണ്ടിനെന്റൽ ഫിലോസഫി'(Post continental Philosophy) എന്ന് ഈ ചിന്താധാരയെ വിളിക്കാറുണ്ട്. യൂറോപ്പ് ഇതര സമൂഹങ്ങളും അവരുടെ സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ മൂല്യബോധങ്ങളെ അഴിച്ചുപണിയുന്നതിന് പ്രസ്തുത ചിന്താപദ്ധതിയെ പ്രയോജനപ്പെടുത്തുന്നുവെന്നതുകൊണ്ട് ഒരു കോളനിയനന്തര (Post colonial) മാനവും അതിനു കൈവന്നിട്ടുണ്ട്. എന്നാൽ പരമ്പരാഗതമായ ഉത്തരാധുനികതയ്ക്കും (ആധുനിക വിരുദ്ധത എന്ന കേവല അർത്ഥത്തിൽ) കോളനിയനന്തര പ്രത്യയശാസ്ത്രത്തിനും (യൂറോപ്പ് വിരുദ്ധത എന്ന കേവല അർത്ഥത്തിൽ) അപ്പുറമായി മുൻപറഞ്ഞ ചിന്തകർ നെയ്തെടുക്കുന്ന ഒരു ബദൽ ജ്ഞാനമണ്ഡലമുണ്ട്. അത് പാശ്ചാത്യ തത്ത്വചിന്തയിലെ സ്പിനോസ-മാർക്സ്-നീഷേ എന്ന ഭൗതികവാദ ചിന്താധാരയാണ്. എന്നാൽ, പ്രസ്തുത അച്ചുതണ്ടിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പരമ്പരാഗത ഭൗതികവാദത്തിന് ഒരു അപനിർമ്മാണവായനയ്ക്കും പ്രയോഗത്തിനും ശ്രമിക്കുന്നുവെന്ന കാരണത്താൽ ഇതിനെ നവഭൗതികവാദം (New Materialism) എന്നു വിളിക്കാമെന്ന് ക്ലെയ്റ്റൻ ക്രോക്കറ്റ്, ജെഫ്രി റോബിൻസ്, ജോർജ് റെയ്ഗർ തുടങ്ങിയ ചിന്തകർ അഭിപ്രായപ്പെടുന്നു. പ്രസ്തുത നവഭൗതികവാദം മുന്നോട്ടുവയ്ക്കുന്ന 'ന്യൂ നോർമൽ' മതവും രാഷ്ട്രീയവും പര്യാലോചനയ്ക്ക് വിഷയീഭവിപ്പിക്കുകയെന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. കൊറോണയുടെ നീരാളിപ്പിടിത്തത്തിലായിരിക്കുമ്പോഴും മത വർഗ്ഗീയതയ്ക്കും വംശീയതയ്ക്കും സാംസ്കാരിക അപരത്വ നിർമ്മിതികൾക്കും സാമ്പത്തികമായ പ്രവർത്തനത്തിനും മൂർച്ചകൂട്ടുന്ന കോർപ്പറേറ്റ് ക്യാപ്പിറ്റലിസത്തെ പൊളിച്ചെഴുതുക ശ്രമകരമാണെങ്കിലും അത് മാത്രമാണ് 'ന്യൂ നോർമൽ' ജ്ഞാനപരിസരത്തെ യാഥാർത്ഥ്യമാക്കുന്നതെന്ന ചിന്തയിൽനിന്നാണ് ഈ അന്വേഷണം ആരംഭിക്കുന്നതെന്ന് ആമുഖമായി രേഖപ്പെടുത്തട്ടെ.
