2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ചകൾ തുടർഭരണം എന്ന വിഷയത്തിന് ചുറ്റിപ്പറ്റിയാണ്. ഇത് പതിവിനു വിപരീതമാണ്; സാധാരണ തെരഞ്ഞെടുപ്പിന് തൊട്ടടുത്തെത്തുമ്പോൾ ഭരണമാറ്റം ആയിരിക്കും ചർച്ചാവിഷയം.
ഈ മാറ്റത്തിനു കാരണം കഴിഞ്ഞ അഞ്ചു വർഷത്തെ എൽ ഡി എഫ് സർക്കാരിന്റെ ഭരണമാണ്. കാണാൻ പറ്റുന്ന വിധത്തിൽ തങ്ങളുടെ ജീവിതത്തിൽ സർക്കാർ ഗുണപരമായ മാറ്റങ്ങൾ വരുത്തിയതിന്റെ നേർക്കഥകൾ മനുഷ്യർക്ക് പറയാനുണ്ടാകും; അതും പതിവിനു വിപരീതമാണ്. രണ്ടര ലക്ഷം മനുഷ്യർക്കാണ് കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടയിൽ സ്വന്തമായി വീടുകൾ കിട്ടിയത്; വിദ്യാഭ്യാസ, ആരോഗ്യ, കൃഷി, പൊതുവിതരണ, വൈദുതി, അടിസ്ഥാനസൗകര്യ മേഖലകളിൽ മാറ്റങ്ങൾ വന്നു. രണ്ട് മഹാമാരികളും രണ്ട് പ്രളയങ്ങളും നേരിട്ടപ്പോൾ സർക്കാർ പൂർണ്ണമായും ജനത്തിനൊപ്പം നിന്നു.
തെരഞ്ഞെടുപ്പ് സർവ്വേകൾ ഒന്നൊഴിയാതെ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നത് ഈ കാഴ്ചയാണ്.
എന്നാൽ അതിന്റെ അർഥം എല്ലാം തികഞ്ഞ ഒരു സർക്കാരായിരുന്നു ഈ കഴിഞ്ഞ അഞ്ചുകൊല്ലം കേരളം ഭരിച്ചത് എന്നല്ല. പ്രധാനമായും അതൃപ്തി ആഭ്യന്തരവകുപ്പിനെച്ചൊല്ലിയായിരുന്നു. പോലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള വാർത്തകൾ സർക്കാർ അധികാരമേറ്റു അധികം താമസിയാതെ വന്നു തുടങ്ങി; അഞ്ചുകൊല്ലത്തിനുശേഷവും അതിനു മാറ്റമൊന്നുമില്ല. നിയമനങ്ങളെച്ചൊല്ലിയും, മൽസ്യബന്ധന യാനങ്ങൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സർക്കാർ സ്ഥാപനമുണ്ടാക്കിയ കരാറിനെ ആഴക്കടൽ മൽസ്യബന്ധനവുമായി ബന്ധപ്പെടുത്തിയുണ്ടാക്കിയ വിവാദങ്ങളുമെല്ലാം സർക്കാരിനെ നിഴലിൽനിർത്തി എന്നതും നേര്.
