ബാഫഖിതങ്ങളുടെ രാഷ്ട്രീയകാലം

Society

ബാഫഖിതങ്ങളുടെ രാഷ്ട്രീയകാലം


കേരളരാഷ്ട്രീയത്തിനും മുസ്ലിംസാമൂഹികജീവിതത്തിലും എക്കാലത്തേക്കും മായാത്ത മാതൃകകൾ തീർത്ത അനശ്വരസാന്നിധ്യമായിരുന്നു സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ. മുസ്ലിംലീഗ് എന്ന രാഷ്ട്രീയപ്രസ്ഥാനം പിൽക്കാലത്തഭിമുഖീകരിച്ച പ്രതിസന്ധികളിൽ തങ്ങൾ കാണിച്ച മാതൃകകൾ അദ്ദേഹം ഊർജ്ജംനൽകി വളർത്തിയെടുത്ത പ്രസ്ഥനമെന്ന നിലയിൽ ലീഗ് എങ്ങനെ ഉപയോഗപ്പെടുത്തിയെന്നും, വർത്തമാനത്തിൽ ലീഗ് അഭിമുഖീകരിക്കുന്ന രാഷ്ട്രീയസാമൂഹിക സംഘർഷങ്ങൾക്ക് ഏതൊക്കെ രീതിയിൽ പ്രയോജനപ്പെടുത്താമെന്നും പരിശോധിക്കുകയാണിതിൽ.

ബാഫഖി തങ്ങളെക്കുറിച്ച്; 'രാഷ്ട്രീയത്തിൽ സത്യസന്ധത പ്രാവർത്തികമാക്കിക്കാണിച്ചയാൾ' എന്ന അന്നത്തെ കോഴിക്കോട് ഖാസിയുടെ വിശേഷണം ഇന്നും ഏറെ പ്രസക്തമാണ്. 'വിഭജനത്തിനുശേഷം മുസ്ലിംകൾ അന്തംവിട്ടു നട്ടംതിരിയുമ്പോൾ ഐക്യത്തിന്റെയും, സത്യസന്ധതയുടെയും, സഹവർത്തിത്വത്തിന്റെയും ഇസ്ലാമികസന്ദേശവുമായി വന്ന് അവരെ ശരിയായ മാർഗ്ഗത്തിലേക്കു നയിച്ചയാൾ എന്ന നിരീക്ഷണവും ശ്രദ്ധേയം. കാരണം, അക്കാലത്ത് മലബാറിലെ മുസ്ലിംലീഗിന്റെ എല്ലാമെല്ലാമായിരുന്ന സത്താർ സേട്ടടക്കമുള്ളവർ പാകിസ്ഥാനിലേക്ക് കൂടിയേറിയപ്പോൾ അക്ഷരാർത്ഥത്തിൽ അനാഥമാക്കപ്പെട്ട അവസ്ഥയിൽ മലബാറിലെ മുസ്ലിംകൾക്ക് ദിശാബോധം നൽകുന്നതിൽ ബാഫഖി തങ്ങൾ പൂർവ്വമാതൃകകളില്ലാത്ത നേതൃപാടവമാണ് പ്രകടിപ്പിച്ചത്. ആ മാതൃക പിന്നീട് പലപ്പോഴും ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ ആദർശമായിത്തീർന്നു, പ്രത്യേകിച്ചും രാഷ്ട്രത്തോടുള്ള കൂറ് പ്രകടിപ്പിക്കാൻ നിർബന്ധിതമായ ഘട്ടങ്ങളിലെല്ലാം. 1992-ൽ ബാബരി മസ്ജിദ് തകർക്കപ്പെട്ട സന്ദർഭത്തിലും സമുദായത്തിൽനിന്നും ഇടതുപക്ഷക്കാരിൽനിന്നും ഒരുപോലെ അത്രമേൽ പഴികേട്ട് ഒറ്റപ്പെട്ടുപോയിട്ടും ലീഗിനെ സമാധാനത്തിന്റെയും സംയമനത്തിന്റെയും പാതയിൽ അടിയുറച്ചുനിൽക്കാൻ പ്രേരിപ്പിച്ചതും ബാഫഖി തങ്ങളുടെ നേതൃസ്വാധീന പാടവം കൊണ്ടാണ്.

1956-ൽ വയനാട്ടിൽവെച്ച് നടത്തിയ ഒരു പ്രസംഗത്തിൽ, മുസ്ലിംലീഗ് എന്തിനു നിലകൊള്ളുന്നു എന്നതിനെക്കുറിച്ച് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം ബാഫഖിതങ്ങൾ വ്യക്തമാക്കുകയുണ്ടായി, 'ഗവർമെന്റിനെ അട്ടിമറിക്കാനോ നാട്ടിൽ കുഴപ്പവും അരാജകത്വവും സൃഷ്ടിക്കാനോ ഇതരസമുദായക്കാരെ ദ്രോഹിക്കാനോ സ്വസമുദായത്തെ അപകടത്തിലാക്കാനോ അല്ല മുസ്ലിംലീഗ് നിലകൊള്ളുന്നത്. ഈ രാജ്യത്തെ നാലുകോടി മുസ്ലിംകളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും അവകാശതാൽപര്യങ്ങൾ സംരക്ഷിക്കാനും ഇസ്ലാമിനെ സേവിക്കാനും നാട്ടിൽ സമാധാനവും സാമുദായിക സൗഹാർദ്ദവും നിലനിർത്താനുമാണ് മുസ്ലിംലീഗ് നിലകൊള്ളുന്നത്.' ഈ നിലപാടുതറയുടെ ഈടുവെയ്പ്പിൽ മാത്രമേ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയപ്രസ്ഥാനത്തിനു അന്നുമിന്നും പ്രസക്തിയുള്ളൂ.


Related Articles