‘ജനങ്ങൾ’ എന്ന വാക്കുപോലെ ദുരുപയോഗം ചെയ്യപ്പെട്ട ഒരു വാക്ക് ഇന്ത്യൻ ജനാധിപത്യത്തിൽ വേറെയില്ല. ജനങ്ങളാണ് ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നത് എന്നാണല്ലോ പറഞ്ഞുവരുന്നത്. തിരഞ്ഞെടുക്കുന്നതുവരെയേ ഇവിടെ ജനങ്ങളെ ആവശ്യമുള്ളൂ പിന്നെ, ഭരണാധികാരികൾക്ക് ആവശ്യംവരുന്ന സന്ദർഭങ്ങളിൽ "ജനങ്ങളാണ് എന്നെ തിരഞ്ഞെടുക്കുന്നത്' എന്ന് പറഞ്ഞുകൊണ്ടിരുന്നാൽ മതി. അയാൾക്കാവശ്യമുള്ള ജനാധിപത്യമായിക്കഴിഞ്ഞു.
ജനങ്ങൾ എന്നു പറഞ്ഞാൽത്തന്നെ അത് ആരാണ്? ഏറക്കുറെ അതൊരു അമൂർത്ത പ്രതിഭാസമാണ്. തൊട്ടുകാണിക്കാൻ കഴിയില്ല. തൊട്ടുകാണിക്കുന്പോൾ ജനങ്ങൾ എന്നത് വ്യക്തികളായി മാറുന്നു. വ്യക്തികൾക്ക് പേരും വീടും എല്ലാം വന്നുചേരുന്നു. ജനങ്ങളിൽപെട്ട ഒരു വ്യക്തി ഭരണാധികാരിയെ ചോദ്യം ചെയ്യാൻ ശ്രമിക്കുന്ന മാത്രയിൽ അയാൾ ഈ "ജനങ്ങളിൽ’നിന്നും പുറത്താവുന്നു.
തന്റെ വീടിന്റെ അടുക്കളയിലൂടെ തീവണ്ടിപ്പാത കൊണ്ടുവരാൻ ഉത്സാഹിക്കുന്ന ഭരണാധികാരിയോട് വീട്ടുകാരൻ/വീട്ടുകാരി, "ഞാനും വോട്ടുചെയ്താണ് നിങ്ങളെ (ക്ഷമിക്കണം അങ്ങയെ) ജയിപ്പിച്ചത്’ എന്നു പറയുന്നു എന്ന് വിചാരിക്കുക. "നിന്റെ വോട്ടുകൊണ്ടല്ല ഞാൻ ജയിച്ചത്' എന്ന് ഭരണാധികാരി തിരിച്ചുപറഞ്ഞാൽ തീരുന്നതേയുള്ളൂ ജനാധിപത്യത്തിലെ ജനങ്ങളിൽപെട്ട ഒരാളുടെ അവകാശവാദം. ഈ മറുപടി ഭരണാധികാരിക്ക് അസംഘടിതരായ ഒരാളോട് പറയാം. അസംഘടിതരായ ആളുകളോട് പറയാം. ഭരണാധികാരിക്ക് ജനങ്ങൾ എന്ന അമൂർത്തത മതി. അയാൾക്കു മുന്നിൽ ഈ ജനത്തിന് ജീവൻ വരുന്നത് അയാളെ കാണുന്പോൾ ഒന്നിച്ചുകൂടുകയും അയാൾ പറയുന്നതുകേട്ട് കൈയടിക്കുകയും ചെയ്യുന്പോഴാണ്. നമ്മളെ തല്ലാനുള്ള വടി നമ്മൾതന്നെ ഭക്ത്യാദരപൂർവ്വം മറ്റൊരാളെ ഏല്പിക്കുന്നതിനു തുല്യമാണ് ഇവിടത്തെ ജനാധിപത്യം എന്ന് ഒരു രസികൻ പണ്ട് പറഞ്ഞ അഭിപ്രായം ഇന്നും കാലഹരണപ്പെട്ടിട്ടില്ല എന്നുവേണം കരുതാൻ.
