'Perhaps the mission of those who love mankind is to make people laugh at the truth, to make truth laugh, because the ultimate truth lies in learning to free ourselves from insane passion for the truth' - Umberto Eco.
സത്യത്തിന്റെ അപരനാമം നമുക്കിന്ന് ശാസ്ത്രമാണ്. ശാസ്ത്രമോ, കണക്കുകളും! കണക്കുകളിൽ മുങ്ങിപ്പൊങ്ങുകയാണിന്ന് കേരളവും. മുങ്ങുന്നവന്റെ മരണവെപ്രാളവും പൊങ്ങിയുയരുമ്പോഴുള്ള ആശ്വാസ ശബ്ദങ്ങളും ദിനേന ഇടകലരുകയാണ്. കണക്ക്, ഡാറ്റ ഇന്ന് വൈദ്യശാസ്ത്രത്തിന്റെ ആധികാരികതയുടെ ചിഹ്നം മാത്രമല്ല, അത് ഒരു നാടിന്റെ അഭിമാനത്തിന്റെ, അതനുഭവിക്കുന്ന അവഹേളനത്തിന്റെ, അപമാനത്തിന്റെ മാനകം കൂടിയാണ്.
കോവിഡിന്റെ ആദ്യ നാളുകളിൽ കേരളത്തിന്റെ സാംസ്‌കാരികാന്തരീക്ഷം ശാസ്ത്ര സ്തുതികളാൽ മാത്രം മുഖരിതമായിരുന്നു. മറ്റു ശബ്ദങ്ങളെല്ലാം അമർത്തപ്പെട്ടു. ശാസ്ത്രം (ആധുനിക വൈദ്യശാസ്ത്രം) അല്ലാത്തതെല്ലാം അവഹേളിക്കപ്പെട്ടു. കവിതയും പ്രകൃതിചിന്തകളും, ദൈവം പോലും. ശാസ്ത്രം പറയുന്നതനുസരിക്കുക. സമയാസമയങ്ങളിൽ നിർദ്ദേശങ്ങളും പരിഹാരങ്ങളും മുകളിൽ നിന്നെത്തും, അന്താരാഷ്ട്രതലത്തിൽത്തന്നെ. എന്നിട്ടും ആദ്യനാളുകളിലെ അമ്പരപ്പിനെയും പരിഭ്രാന്തിയെയും മലയാളി അതിജീവിച്ചത് ശാസ്ത്രബോധം കൊണ്ടെന്നതിനേക്കാൾ മനുഷ്യത്വം കൊണ്ടും സാമൂഹികബോധം കൊണ്ടുമായിരുന്നു; ഭരിക്കുന്നവരുടെയും സഹജീവികളുടെയും. അധികാരസ്ഥാനത്തിരിക്കുന്നവരുടെ വാക്കുകൾ നൽകിയ സുരക്ഷിതത്വബോധം വലുതായിരുന്നു. എന്റെ ഒറ്റപ്പെടൽ എനിക്കു വേണ്ടി മാത്രമല്ല, സഹജീവികളോടുള്ള കരുതൽ കൂടിയാണെന്ന് നാമോരുത്തരും ഉരുവിട്ടു പഠിക്കുകയും സ്വയം വിശ്വസിപ്പിക്കുകയും ചെയ്തു. മാസങ്ങൾ പോകെ നാമറിഞ്ഞു, ശാസ്ത്രബോധം നമ്മിലുണ്ടാക്കിയത് മരണഭയം മാത്രമായിരുന്നെന്ന്. മരണഭീതിയാണ് നമ്മെ അകത്തിരുത്തുന്നതെന്ന്. ചിലരിലെങ്കിലും അത് വല്ലാത്ത ആത്മനിന്ദ ഉണ്ടാക്കിയിരിക്കണം. നഷ്ടപ്പെട്ടത് ജീവിതമായിരുന്നു, സൗഹൃദങ്ങളായിരുന്നു, സർഗാന്വേഷണങ്ങളായിരുന്നു.
