മലബാറിനെ സംബന്ധിച്ചിടത്തോളം പത്തൊമ്പതാം നൂറ്റാണ്ടിന്റെ പിറവി അടയാളപ്പെടുത്തിയത് ഒരു അധികാരക്കൈമാറ്റമായിരുന്നു. 1799-ൽ ടിപ്പുവിനെ പരാജയപ്പെടുത്തിയ ബ്രിട്ടീഷുകാർ സ്വാഭാവികമായും മലബാറിന്റെ ഭരണാധികാരികളായിത്തീർന്നു. തുടർന്നുള്ള കാലം പോരാട്ടങ്ങളുടേതായിരുന്നു. 1921-നു ശേഷമാണ് ബ്രിട്ടീഷ് വിരുദ്ധകലാപങ്ങൾക്ക് ചെറിയ തോതിൽ അറുതി വന്നത്. സമരങ്ങളുടേതായ നീണ്ട കാലയളവിൽ ആന്തമാനിലെയും ബെല്ലാരിയിലെയും മറ്റും ജയിലുകളിൽ മലബാറിൽനിന്നുള്ള തടവുകാർ നിറഞ്ഞു. അവർ ജയിലധികാരികളറിയാതെ ആശയങ്ങൾ കൈമാറാനായി ഉപയോഗിച്ച ഗൂഢഭാഷയാണ് മൈഗുരുഡ്. ഭാഷയിലെ മാപ്പിളമാരുടെ ഇടപെടലിന്റെ പ്രധാനപ്പെട്ട മൂന്ന് അടയാളങ്ങളിലൊന്നാണത്. അറബിമലയാളവും മലയാളഅറബിയുമാണ് മറ്റുള്ളവ. ഇവ തമ്മിലുള്ള പരസ്പരബന്ധം പഠിക്കപ്പെടേണ്ടതാണ്.
ഗൾഫ് സ്വാധീനം കേരളത്തിലെ മുസ്ലിം സാംസ്കാരികജീവിതത്തിൽ പ്രതിഫലിച്ചത് പല വിധത്തിലാണ്. കേരളീയവാസ്തുവിദ്യയ്ക്കനുസരിച്ച് പണികഴിപ്പിച്ച പള്ളികളുടെ സ്ഥാനത്ത് കൂറ്റൻ മിനാരങ്ങളോടു കൂടിയ കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയർന്നുവന്നുവെന്നതാണ് അവയിലൊന്ന്. അക്കൂട്ടത്തിൽ ശ്രദ്ധിക്കപ്പെടാതെ പോയ ഒന്നാണ് സ്വർണ്ണലിപികളിൽ വെട്ടിത്തിളങ്ങുന്ന ഗൾഫ് മുസ്ഹഫുകളുടെ പ്രളയത്തിനിടയിൽ അന്യം നിന്നു പൊയ്ക്കൊണ്ടിരിക്കുന്ന മലയാളനാടിന്റെ സ്വന്തം അറബിയെഴുത്ത്.
'അറബിമലയാളം' എന്ന സംജ്ഞയ്ക്ക് അടുത്ത കാലത്തായി പ്രസിദ്ധി കൂടി വരുന്നുണ്ട്. ഈ പ്രയോഗത്തിനു വലിയ പഴക്കമൊന്നുമില്ല . 'അറബിമലയാളം' എന്നു നാം ഇന്നു വിളിക്കുന്ന ലിപിമാല ഉപയോഗിച്ചെഴുതിയ ക്ലാസ്സിക്കൽ രചനകൾ അവയുടെ ഭാഷ അറബിമലയാളമാണെന്നു പറയുന്നില്ല. മലബാരിയ്യത്ത് അഥവാ മലയാളം തന്നെയാണത്. കോലെഴുത്ത്വട്ടെഴുത്തുകൾ മുതൽ തുളുമലയാളം വരെ പല കാലങ്ങളിലായി മലയാളം പല ലിപിമാലകളിലൂടെ കടന്നു പോയിട്ടുണ്ട്. ഇന്നു നാം അറബിമലയാളമെന്നു വിളിക്കുന്ന വരമൊഴി സമ്പ്രദായവും അവയിൽ ഒന്നാണെന്നു മാത്രം. അറബിമലയാളത്തിന്റെയത്ര പ്രസിദ്ധി മലയാളഅറബിയെന്ന പ്രയോഗത്തിനില്ല. മലയാളിയുടെ അറബിയാണ് 'മലയാളഅറബി'യെന്ന് ഒഴുക്കൻ മട്ടിൽ പറയാം. കേരളീയഅറബിയെന്നും അതിനെ വിളിക്കാം.
