കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗവർമെന്റ് മോഡൽ ഹൈസ്‌കൂളിലെ യു.പി ക്ലാസ്സിലെ എന്റെ ആദ്യദിവസം. ക്ലാസ്സ്മുറിയിലേക്ക് കടന്നപ്പോൾ പല നിറത്തിലും തരത്തിലുമുള്ള ഉടുപ്പുകൾ ധരിച്ച കുട്ടികൾ മുൻബെഞ്ചിൽ ഇരിക്കുന്നു. സ്വൽപ്പം ലജ്ജയോടെയും പരിഭ്രമത്തോടെയും കൂടി ഞാൻ അവരെ നോക്കി. എന്നിട്ട് ആരോടും മിണ്ടാതെ നടുവിലെ ബെഞ്ചിലെ അറ്റത്തായി ഇരുന്നു. ക്ലാസ്സ്ടീച്ചർ എല്ലാവരെയും സ്‌കൂൾ അസ്സെംബ്ലിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. ആൺകുട്ടികൾ വരിവരിയായി മുന്നിലും ഞങ്ങൾ പെൺകുട്ടികൾ വരിവരിയായി പിന്നിലും അണിനിരന്നു. കുറച്ചു പെൺകുട്ടികൾ പ്രാർത്ഥന മൈക്കിലൂടെ ചൊല്ലി. ഒരിക്കൽ പോലും ആൺകുട്ടികൾ പ്രാർത്ഥന ചൊല്ലുന്നതായി ഞാൻ എന്റെ സ്‌കൂൾ ജീവിതത്തിൽ കണ്ടിട്ടില്ല. അത് പെൺശബ്ദങ്ങൾക്ക് മാത്രമായി സംവരണം ചെയ്തതാണെന്ന ധാരണയാണ് ഇപ്പോഴും.
''പെൺകുട്ടികൾക്ക് മെറൂൺ പാവാടയും ക്രീം ഷർട്ടും, ആൺകുട്ടികൾക്ക് മെറൂൺ പാന്റും ക്രീം ഷർട്ടും. എട്ടാംക്ലാസ്സ് മുതൽ എല്ലാ പെൺകുട്ടികൾക്കും അതേ നിറത്തിലുള്ള ചുരിദാർ അല്ലെങ്കിൽ ഇറക്കമുള്ളപാവാടയും. മുസ്ലീം പെൺകുട്ടികൾക്ക് ഇതിന് പുറമെ മെറൂൺ തട്ടവും.'' ശോശാമ്മ ടീച്ചർ നെറ്റി ചുളിച്ച് ഒരു കടലാസുതുണ്ട് കയ്യിൽ പിടിച്ചുകൊണ്ട് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ അസ്സെംബ്ലിയിൽ മൈക്കിലൂടെ അലറി. പലതരംവേഷത്തിലും പലതരം നിറത്തിലും വന്നുകൊണ്ടിരുന്നവർ സ്തബ്ധരായി.
ഇനിമുതൽ കളർഡ്രസ്സ് ഇടാൻകഴിയില്ലലോ എന്ന ആശങ്കയായിരുന്നു ചിലർക്ക്. പക്ഷെ എന്റെ പിന്നിലായി നിന്ന അനിതയുടേയും ബിന്ദുവിന്റേയും സെറീനയുടെയും മുഖങ്ങളിൽ ആയിരം വർണ്ണങ്ങൾ വിരിഞ്ഞുനിന്നിരുന്നു. കാരണം എനിക്കറിയാം; യൂണിഫോം ഇല്ലാത്ത മുൻവർഷങ്ങളിലെ എൽ.പി. ക്ലാസ്സുകളിൽ ആകെയുള്ള രണ്ടേരണ്ട് ഡ്രെസ്സുകൾ മാറി മാറി ധരിച്ചു വന്നവരായിരുന്നു അവർ. എന്റെ യൂണിഫോമിനായി ഞാൻ അച്ഛന്റെ ശമ്പളംവരാൻ കാത്തിരുന്നു.
