ഇനി അഹിന്ദുക്കളില്ലെന്നും രാജ്യത്തെ പൗരജനങ്ങളെല്ലാവരും ഹിന്ദുക്കളാണെന്നും ഹിന്ദുത്വബ്രാഹ്‌മണ്യ ശക്തികൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രിസ്ത്യൻ മുസ്ലീം വിഭാഗങ്ങളെ അഹിന്ദുക്കൾ എന്ന് അഭിസംബോധന ചെയ്യില്ലെന്നും ഇന്ത്യയിലെ മുഴുവൻ ജനങ്ങളും ചതുഃശ്രേണികളിൽ ഉൾപെട്ട ഹിന്ദുക്കളായി അറിയപ്പെടുമെന്നുമാണ് പരിവാര ശക്തികളുടെ പുതിയ വാദം. ഹിന്ദു രാഷ്ട്രവാദ രാഷ്ട്രീയക്കാർ ഹിന്ദുവിനെ-അഭിമാനിയായ ഹിന്ദു, സന്ദേഹിയായ ഹിന്ദു, സൗഹൃദമില്ലാത്ത ഹിന്ദു, അജ്ഞാനിയായ ഹിന്ദു എന്നിങ്ങനെയാണ് വർഗീകരിച്ചിട്ടുള്ളത്. ഇത്തരമൊരു വാദമുന്നയിച്ചുകൊണ്ട് ആത്യന്തികമായി ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. മറ്റൊന്ന്, ആഗോളതലത്തിൽ പരിവാരത്തിനെതിരായി ഉയരുന്ന വിമർശനങ്ങളെ സഹിഷ്ണുതാ നാട്യത്തിലൂടെ മറികടക്കാമെന്നുമാണ് നാലു വിധത്തിലുള്ള ഹിന്ദു ശ്രേണീകരണ നിർമിതിയിലൂടെ അവർ ലക്ഷ്യം വയ്ക്കുന്നത്. We or our Nationhood defindൽ ഗോൾവാൾക്കർ പ്രസ്താവിക്കുന്നത്, ഹിന്ദുവംശത്തിലും മതത്തിലും സംസ്‌കാരത്തിലും ഭാഷയിലും ഉൾപ്പെടാത്ത എല്ലാം തന്നെ സ്വാഭാവികമായി ദേശീയ ജീവിതത്തിന്റെ അതിർത്തിക്ക് പുറത്തായിരിക്കും എന്നാണ്. ഇങ്ങനെ ഹിന്ദുത്വം നിർവചിക്കുന്ന സാംസ്‌കാരിക ദേശീയതയുടെ ഫലപൂർത്തി മുന്നിൽ കണ്ടുകൊണ്ടാണ് രാജ്യത്തെ മുഴുവൻ ജനങ്ങളും ഇനി മേലിൽ നാലായി ശ്രേണീകരിക്കപ്പെട്ട ഹിന്ദുവായിരിക്കും എന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ഹിന്ദുത്വ ശക്തികളുടെ ഈ ശ്രേണീകരണം ചാതുർവർണ്യ വിഭജനത്തിന്റെ പുതിയ ഒരവതാരം മാത്രമാണ്. യഥാർത്ഥത്തിൽ, ഭരണഘടനാ ജനാധിപത്യത്തിലും പ്രാതിനിധ്യ ബഹുസ്വര വൈവിധ്യ സംസ്‌കാര ജനായത്തത്തിലും അടിയുറച്ച ഇന്ത്യയുടെ ആധുനികമായ പൗര രാഷ്ട്ര സങ്കല്പത്തെ ഏകശിലാ നിർമിതവും ഹിംസാത്മകവുമായ ചാതുർവർണ്യ ഹിന്ദുസങ്കല്പത്തിലേക്ക് ഉപനയിക്കുകയാണ് അഭിമാനി-സന്ദേഹി-വിരോധി-അജ്ഞാനി ഹിന്ദുസങ്കല്പങ്ങളിലൂടെ. ആത്യന്തികമായി ഈ നിർമിതി ബഹുമത സംസ്‌കാരത്തിൽ ജീവിക്കുന്ന ഇന്ത്യയുടെ വൈവിധ്യത്തെ തന്നെയാണ് നിഷേധിക്കുന്നത്.
ഏകശിലാത്മകമായി ഒരു ഹിന്ദു പൊതുബോധം നിർമിക്കപ്പെട്ട സമകാല വ്യവഹാരങ്ങൾ രൂപപ്പെടുത്തിയ ഈ സവിശേഷ സാഹചര്യത്തിലാണ് ആരാണ് ഹിന്ദു എന്ന അന്വേഷണത്തിന് പ്രാധാന്യം കൈവരുന്നത്. അനാദികാലം മുതൽ നിലനിന്ന സനാതനമായ മതരൂപമായി ഹിന്ദു എന്ന സ്വത്വത്തെ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ വേദങ്ങൾ മുതൽ ഇതിഹാസ പുരാണ പാഠ പാരമ്പര്യങ്ങളും ധർമശാസ്ത്ര കൃതികളും താന്ത്രിക ഗ്രന്ഥങ്ങളും ചരിത്രപരമായ അതീവ പ്രാധാന്യമുള്ള ശിലാലിഖിതങ്ങളും ഗ്രന്ഥവരികളും മറ്റും പരിശോധിക്കുമ്പോൾ ഹിന്ദു എന്ന ഏകശിലാനിർമിതി ഇന്ത്യയെന്ന ദേശ രാഷ്ട്ര നിർമിതിയോടനുബന്ധിച്ച് ബ്രിട്ടീഷ് കൊളോണിയൽ അധിനിവേശത്തോടെ മാത്രം സ്ഥാപിതമായതാണെന്ന് കാണാം. ആധുനിക കാലത്ത് നിലവിൽ വന്ന ഹിന്ദു പൊതുബോധ നിർമിതിയുടെ അടിയടരായ ബ്രാഹ്‌മണ്യ വ്യവഹാരങ്ങൾക്ക് പ്രാഗ്-ആധുനിക കാലത്ത് തന്നെ വേരുകളുണ്ടെങ്കിലും അത് ചരിത്രപരമായി പുതിയ ഭാവം കൈവരിച്ചത് ഇന്ത്യാനിർമിതിയുടെ ഘട്ടത്തിലാണ്. സംസ്‌കൃത ജ്ഞാനമണ്ഡലത്തിലെ നിരവധിയായ തെളിവുരൂപങ്ങൾ പരിശോധിക്കുമ്പോൾ ഇപ്പോൾ നിർമിച്ചെടുത്ത ഹിന്ദുവിനെ അവിടെ കണ്ടെത്താൻ കഴിയാതെ വരുന്നു. ചരിത്രത്തിൽ നിലനിന്നിട്ടില്ലാത്ത ഒരു ഹിന്ദു പിന്നീട് എങ്ങനെയാണ് ഉണ്ടായിവന്നതെന്ന് സാംസ്‌കൃതികമായ ഗ്രന്ഥരൂപങ്ങളെയും നിരവധി ചരിത്രലിഖിതങ്ങളെയും അടിസ്ഥാനപ്പെടുത്തി പരിശോധിക്കേണ്ടത് സമകാലീന ഇന്ത്യൻ സാഹചര്യത്തിൽ നിർവഹിക്കേണ്ട അടിയന്തിര ദൗത്യമാണ്.
