നി​ഗൂഢ സാധർമ്മ്യം

Society

നി​ഗൂഢ സാധർമ്മ്യം


ഒരു ആഫ്രിക്കന്‍ഗ്രാമം. ഇരുമ്പുമുട്ടുമണി ശബ്ദിച്ചു. കണ്ഠത്തിന്റെ ആഴത്തില്‍നിന്നു വരുന്ന ഭയാവഹമായ എഗ്‌വുഗ്‌വുവിന്റെ ശബ്ദം അന്തരീക്ഷത്തെ പ്രകമ്പനംകൊള്ളിച്ചു. പൊയ്‌കോലങ്ങളായി എത്തുന്ന ഗോത്രപിതാമഹന്മാരുടെ ആത്മാക്കള്‍ അവരുടെ നിഗൂഢഭാഷയില്‍ അഭിവാദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് കടന്നുവന്നു. അവരുടെ നായകന്‍ ദുഷ്ടാരണ്യം പ്രത്യക്ഷപ്പെട്ടു. അതിന്റെ തലപ്പാവില്‍നിന്നും പുകവമിക്കുന്നു. "ഉമോഫിയക്കാരെ,' വൈക്കോല്‍കൊണ്ടുമൂടിയ കൈകള്‍ വായുവിലടിച്ചുകൊണ്ട് നായകന്‍ അലറി. വംശവയോധികര്‍ മറുവാക്കുരച്ചു, "ഓ!' ദുഷ്ടാരണ്യം കടകടശബ്ദമുണ്ടാക്കുന്ന തന്റെ ദണ്ഡിന്റെ കൂര്‍ത്ത അറ്റം മണ്ണില്‍ കുത്തി. അത് ഉലഞ്ഞ് ചിലമ്പിക്കൊണ്ടിരുന്നു, ലോഹശക്തികൊണ്ട് വിക്ഷോഭിച്ചതുപോലെ. ദുഷ്ടാരണ്യം ആദ്യത്തെ ഒഴിഞ്ഞ പീഠത്തിലിരുന്നു. തുടര്‍ന്ന് സ്ഥാനവലിപ്പമനുസരിച്ച് മറ്റുള്ളവരും. കുതിച്ചുനടക്കുന്ന എഗ്‌വുഗ്‌വു, ഗോത്രത്തിലെ ജീവന്‍വെടിഞ്ഞ ഒരു പൂര്‍വ്വികന്റെ പൊയ്‌വേഷമായിരുന്നു. പുകനിറഞ്ഞ വൈക്കോല്‍ശരീരം. വെളുത്ത ചായമടിച്ച വലിയ മരമുഖം. വട്ടത്തിലുള്ള ഗര്‍ത്തംപോലുള്ള കണ്ണുകള്‍. വിരലോളം വലിപ്പമുള്ള കരിഞ്ഞ പല്ലുകള്‍. തലയില്‍ രണ്ട് ബലമുള്ള കൊമ്പുകള്‍.

ഗോത്രത്തിലെ അംഗങ്ങള്‍ ദുഷ്ടാരണ്യത്തിനുമുന്നില്‍ പരാതികള്‍ നിരത്തി. തന്റെ ഭാര്യയുടെ മാതാപിതാക്കള്‍ തന്നെ മര്‍ദ്ദിച്ച് ഭാര്യയെയും കുട്ടികളെയും കൂടെകൊണ്ടുപോയി എന്നൊരാള്‍. അയാള്‍ ഭാര്യയെ തല്ലിയിരുന്നുവെന്നും അതുകൊണ്ട് അവളുടെ ഗര്‍ഭം അലസിപ്പോയെന്നും ഭാര്യാപിതാവ്. ദുഷ്ടാരണ്യം അതിന് തീര്‍പ്പുകല്പിച്ചു. ഭാര്യയുടെ അച്ഛനമ്മമാര്‍ക്ക് ഒരു പാനി മദ്യം കൊടുക്കാനും ഭാര്യയോട് തിരിച്ചുവരാന്‍ കേണപേക്ഷിക്കാനുമായിരുന്നു ഉത്തരവ്. വിറകില്ലാതെ എരിയുന്ന തീയാണ് താന്‍ എന്നാണ് ദുഷ്ടാരണ്യം സ്വയം വിശേഷിപ്പിക്കുക.

മറ്റൊരാഘോഷം. പൊയ്മുഖധാരി പ്രത്യക്ഷപ്പെട്ടതോടെ ജനക്കൂട്ടം ചിതറിയോടി. ഓരോ തവണയും അത് ഏതാനും കാലടികള്‍വെച്ച് മുന്നോട്ടുവരും. അതിന്റെ അരമണികളും കണങ്കാലിലുള്ള ചിലമ്പുകളും "ഝണല്‍ ഝണല്‍ ഝണനാദ'മുയര്‍ത്തിക്കൊണ്ടിരുന്നു. ചുകപ്പും മഞ്ഞയും നിറമാര്‍ന്ന തിളങ്ങുന്ന പുത്തന്‍തുണികളാല്‍ അലംകൃതമായിരുന്നു അതിന്റെ ശരീരം. ശക്തി ത്രസിക്കുന്നതും ഭയജനകവുമായിരുന്നു അതിന്റെ മുഖം. ഓരോ പല്ലും ഒരു വലിയ മനുഷ്യന്റെ തള്ളവിരലിനോളം പോന്നത്. ഒരു മുഷ്ടിയോളം വലിപ്പമുള്ള അഗാധമായ കണ്‍കുഴികള്‍. തലയുടെ ഉള്ളിലേക്കും മുകളിലേക്കും നീണ്ട, മേലറ്റം ഏതാണ്ട് തൊടുന്ന രീതിയിലുള്ള പിണഞ്ഞ കൊമ്പുകള്‍. ഇടതുകൈയില്‍ മൃഗചര്‍മ്മത്തിന്റെ കവചം. വലതുകൈയില്‍ കൂര്‍ത്തദണ്ഡ്. "ഖൊ... ഖൊ... ഖൊ...' പൊട്ടിയ ലോഹത്തിന്റെ ശബ്ദത്തിലുള്ള പാട്ട്. "ഹം...' മുരള്‍ച്ചപോലെ ഏകതാനത്തിലുള്ള അനുചരന്റെ ശബ്ദം, പൊയ്മുഖധാരിയുടെ ചലനം അതിവേഗത്തിലാകുമ്പോള്‍ അതിന്റെ അരയില്‍ കെട്ടിയ കയറില്‍ സഹായികള്‍ ശക്തിയായി വലിക്കും. ഒരവസരത്തില്‍ ക്രോധം വളര്‍ന്ന കോലം, ഉയര്‍ത്തിയ ദണ്ഡുമായി അവരുടെ നേരേ ചാടി. കയര്‍വിട്ട് അവര്‍ ജീവനുംകൊണ്ടോടി. പക്ഷേ, അത് അല്പനേരത്തേക്കു മാത്രം. പൊയ്മുഖം പിന്തുടരുന്നതു നിര്‍ത്തിയപ്പോള്‍ അവര്‍ വീണ്ടും പഴയ ജോലിയിലേക്ക് തിരിച്ചുവന്നു.


Related Articles