എന്നിലൂടെ കടന്നുപോയ ഒരു കാലഘട്ടത്തിലെ പ്രണയാനുഭവങ്ങളെ ക്കുറിച്ച് എഴുതുകയാണ് ഞാൻ. പ്രണയം വറ്റിക്കിടക്കുന്ന ഹൃദയങ്ങളെ യെല്ലാം കുറച്ചൊന്നു ഉത്തേജിപ്പിക്കുവാൻ ഈ എഴുത്തുകൊണ്ട് എനിക്ക് കഴിയും എന്ന് പ്രത്യാശിക്കുന്നുമുണ്ട്.
ഒരു നാലാം ക്‌ളാസ്സുകാരിക്ക് ചിന്തിക്കാൻ കഴിയുന്ന വിധത്തിലാണ് മനുഷ്യന്റെ ലൈംഗികകാര്യങ്ങൾ ആദ്യമായി എന്റെ മുമ്പിൽ അവതരിപ്പിക്കപ്പെട്ടത്. ക്ലാസ്സിലെ മുതിർന്ന കുട്ടികളിൽനിന്നും ലഭിക്കുന്ന പൊട്ടും പൊടിയും, വനിതാ മാസികകളിൽ നിന്നും കിട്ടുന്ന അറിവും കൊണ്ട് നാലാംക്‌ളാസ്സുകാരിയായ എന്റെ ബാലമനസ്സിൽ കൗമാരത്തിനു മുമ്പുതന്നെ ആരോടും പറയാൻ വയ്യാത്ത ആ രഹസ്യങ്ങൾ തിങ്ങിവിങ്ങിയിരുന്നു.
'ഐ ലവ് യു' എന്ന വാചകം, മാഞ്ഞുപോയ കുങ്കുമപ്പൊട്ട് തുടങ്ങിയ പ്രതീകങ്ങൾ. ഇത്തരം കാര്യങ്ങളെക്കുറിച്ച് സ്‌കൂൾ പ്ലേഗ്രൗണ്ടിൽ വച്ച് കൂട്ടുകാർ തോളിൽ കയ്യിട്ട് സംവദിച്ചിരുന്നു.
കാലം 1970 കൾ, സ്ഥലം കോഴിക്കോട്. ടി വിയും ഇന്റർനെറ്റും സെൽ ഫോണും ഇല്ലാതിരുന്ന ആ പഴയ കാലത്ത് സിനിമയും പുസ്തകങ്ങളും മാത്രമായിരുന്നു മനുഷ്യമനസ്സുകളുടെ വികാരലോകത്തിന്റെ ആശ്രയം. ആർത്തവാരംഭത്തെകുറിച്ചുള്ള ചിന്തകളാവട്ടെ കുറ്റബോധവും നികൃഷ്ടതാബോധവും നിറഞ്ഞവയായിരുന്നു.
