മക്തി തങ്ങളുടെ ജീവിതകാലം

Society

മക്തി തങ്ങളുടെ ജീവിതകാലം


കേരളത്തിലെ മുസ്ലിംസമൂഹത്തിനകത്തെ നവോത്ഥാനനായകനും മതപണ്ഡിതനും സാഹിത്യകാരനും വാഗ്മിയും വിവർത്തകനും പ്രഥമ പത്രപ്രവർത്തകനുമായിരുന്നു സനാഹുള്ള മക്തിതങ്ങൾ. ഇംഗ്ലീഷ് നരകത്തിലെഭാഷയാണെന്നു മാത്രമല്ല മലയാളം ഹിന്ദുശാസ്ത്രഭാഷയാണെന്ന പ്രചാരണവും ശക്തമായി നിലനിന്നിരുന്ന കാലത്ത് അദ്ദേഹം ഭാഷാപഠനങ്ങളുടെ ഭാവിസാധ്യതകളെക്കുറിച്ച് പറയുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്തു. മുസ്ലിംപെൺകുട്ടികളുടെ വിദ്യഭ്യാസത്തിനുവേണ്ടി പ്രത്യേകം ശബ്ദമുയർത്തി. തന്റെ ജീവിതകാലം മുഴുവൻ നിരന്തരമായി എഴുതി; പുസ്തകങ്ങളും ലേഖനങ്ങളും ലഘുലേഖകളും പ്രസിദ്ധീകരിച്ച് സംവാദമണ്ഡലത്തെ സജീവമാക്കി. മക്തിതങ്ങളുടെ എഴുത്തുകൾ പലതും ഇന്നു ലഭ്യമല്ല. കേരളത്തിലൂടനീളം സഞ്ചരിച്ച് ഏറെ പരിശ്രമത്തിനൊടുവിൽ ലഭ്യമായവ ക്രോഡീകരിച്ച് സമ്പൂർണ്ണകൃതികളായി പ്രസിദ്ധീകരിക്കാനും അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതാനും (1954) മുന്നിട്ടിറങ്ങിയത് കെ.കെ. മുഹമ്മദ് അബ്ദുൽകരിം ആണ്. സാക്ഷാൽ ഹെർമൻ ഗുണ്ടർട്ട് എഴുതിയ ചില തെറ്റുകളെ തിരുത്തിയ ഗ്രന്ഥകാരൻ കൂടിയായിരുന്നു മക്തിതങ്ങൾ. "നബിനാണയം' ഇതിനുദാഹരണം. മക്തിതങ്ങൾ ഓർമ്മയായിട്ട് 110 വർഷം പിന്നിട്ടു.

മക്തിതങ്ങളെ കേരളത്തിലെ സുന്നികൾക്കെതിരായി പ്രതിഷ്ഠിക്കുന്നതിൽ ഏറെക്കുറെ വിജയിച്ചവരാണ് ജമാഅത്തെഇസ്ലാമി–സലഫീ പ്രസ്ഥാനങ്ങൾ. സുന്നിവിഭാഗമാണെങ്കിൽ അദ്ദേഹത്തെ വേണ്ടവിധം പഠനം നടത്തിയിട്ടുണ്ടോ എന്നതും സംശയമാണ്, അവർക്കൊരുകാലത്തും പണ്ഡിതക്ഷാമം അനുഭവപ്പെട്ടിട്ടില്ല എന്നതാവാം അതിലൊരു കാരണം. മറ്റൊന്ന് മക്തിതങ്ങളെക്കുറിച്ചുള്ള ജമാഅത്ത്‌സലഫീപക്ഷ ചരിത്രം അതേപടി പിൻപറ്റിയതുമാകാം. ക്രിസ്ത്യൻ മിഷണറിമാരോടും ബ്രിട്ടീഷുകാരോടും കടുത്ത വിയോജിപ്പും അതുസംബന്ധമായ രചനകളും വാഗ്വാദങ്ങളും നടത്തിയിട്ടുണ്ടെങ്കിലും ഹിന്ദുസമുദായങ്ങളുമായി അത്തരമൊരു നേർപോരിനു തങ്ങൾ മിനക്കെട്ടതായി കാണുന്നില്ല. മാത്രവുമല്ല, പല ദുർഘടഘട്ടങ്ങളിലും തന്നെ ഹിന്ദുസമുദായം സഹായിച്ചുവെന്ന് തങ്ങൾ നന്ദിപൂർവ്വം അനുസ്മരിച്ചിട്ടുണ്ട്.

ഉത്തരമലബാറിലെ മുസ്ലിംകൾക്കിടയിൽ നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായത്തിനെതിരെ അദ്ദേഹം കഠിനമായ വിമർശനങ്ങൾ നടത്തി. തന്റെ കർമ്മമണ്ഡലം കൊച്ചിയായിരുന്നിട്ടുപോലും കണ്ണൂരും തലശ്ശേരിയിലും തളിപ്പറമ്പിലും വന്ന് തമ്പടിച്ച്, തെറ്റാണെന്നദ്ദേഹം കരുതിയ സമുദായത്തിനകത്തെ പ്രവണതകൾക്കെതിരെ പ്രസംഗിക്കുകയും പ്രചാരണം നടത്തുകയും ചെയ്തു. മലയാളത്തിൽ (കേരളത്തിൽ) ബ്രാഹ്‌മണരെ കൊണ്ടുവന്നു പാർപ്പിച്ച പരശുരാമൻ എന്ന രാജാവാണ് മരുമക്കത്തായം കൊണ്ടുവന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. വിശുദ്ധ ഖുർആനിലെ അന്നിസാഅ് (സ്ത്രീ) എന്ന അദ്ധ്യായത്തെ അധികരിച്ച് മക്കത്തായസമ്പ്രദായമാണ് ഇസ്ലാം കൽപ്പിക്കുന്നതെന്ന് തങ്ങൾ സമർത്ഥിച്ചു. "മക്കത്തായക്കാരായിരുന്നുകൊണ്ട് മക്കൾക്കും ഉമ്മ ബാപ്പമാർക്കും ഉള്ള വഖഫുകൾ (അവകാശം, ബാധ്യത) സ്ഥിരപ്പടുത്തി സ്വാലിഹായ അമലുകൾ ചെയ്ത് അല്ലാഹുതആലായുടേയും അവന്റെ ഹബീബും എന്റെ ഉപ്പാപ്പയുമായ മുത്ത് റസൂൽ (സ) അവർകളുടേയും തൃപ്തി സമ്പാദിച്ച് ശരിയായ ഉമ്മത്തികളായിത്തീരുവിൻ' എന്നു കണ്ണീർവാർത്ത് അപേക്ഷിച്ചതായി അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്. പ്രസ്തുത ഉദ്‌ബോധനം മരുമക്കത്തായക്കാർക്ക് വിരോധമായിത്തീർന്നതിൽ വ്യസനിക്കുന്നതായും അവരെ നേർവഴിയിലേക്കെത്തിക്കാൻ പ്രാർത്ഥിച്ചുകൊണ്ടുമാണ് തങ്ങൾ ഉത്തരമലബാറിൽ നിന്നും മടങ്ങുന്നത്. തൊട്ടടുത്ത് കുപ്പത്ത് ഉമർ മുസ്ല്യാർ ഉണ്ടായിരുന്നതുകൊണ്ട് പട്ടിണി കിടക്കാതെ മടങ്ങാനായി എന്നും തങ്ങൾ സ്മരിക്കുന്നതുകാണാം.


Related Articles