മുസ്ലിംആധുനികതയും വക്കം മൗലവിയും

Society

മുസ്ലിംആധുനികതയും വക്കം മൗലവിയും


ഇസ്ലാമിനെക്കുറിച്ചുള്ള ഭയം (Islamophobia) ലോകത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു സാമൂഹ്യപ്രതിഭാസമാണ്. അതേസമയം ഇസ്ലാമിനെക്കുറിച്ചുള്ള പഠനങ്ങളും പതിവുപോലെ കൂടുതലും നടക്കുന്നത് പാശ്ചാത്യ നാടുകളിൽ തന്നെയാണ്. ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിൽ നടക്കുന്ന വാർത്താപ്രാധാന്യം നേടുന്ന ഇസ്ലാമിനെ സംബന്ധിച്ച വ്യവഹാരങ്ങൾ പൊതുവിൽ ഉപരിപ്ലവമായ, നിഷ്‌ക്രിയമായ, സെൻസേഷണൽ വിഷയങ്ങൾ ആണെന്നതാണ് യാഥാർത്ഥ്യം. 2016 ഡിസംബറിൽ കോഴിക്കോട് നടന്ന 'ഇസ്ലാമോഫോബിയ' അന്താരാഷ്ട്ര സെമിനാർ വിഷയത്തിന്റെ ചില ആഖ്യാനങ്ങൾ മാത്രമാണ് ചർച്ച ചെയ്തത്. വിഷയത്തിന്റെ വിവിധ പാഠ-പരിസര ആഖ്യാനങ്ങളുടെ അഭാവം വ്യക്തമായിരുന്നു. സെമിനാറിന്റെ മൊത്തത്തിൽ ഉള്ള സ്പിരിറ്റ് ആധുനികത, ആധുനിക മതേതര ജനാധിപത്യ ദേശരാഷ്ട്ര വ്യവസ്ഥ എന്നിവയെ ഇസ്ലാമോഫോബിയയുടെ പ്രതിസ്ഥാനത്തു നിർത്തി ഉപസംഹരിക്കപ്പെട്ടു. അതിൽ ഏറ്റവും വൈരുദ്ധ്യാത്മകമായിരുന്ന ഒന്ന് രാഷ്ട്രം എന്ന വ്യവസ്ഥയെ നിയോ ലിബറലിസത്തിന്റെ വക്താവായ റോബർട്ട് നോസിക്ക് എന്ന അമേരിക്കൻ ചിന്തകന്റെ Anarchy, State, and Utopia (1974) എന്ന ഗ്രന്ഥത്തിലെ ആധുനിക ദേശരാഷ്ട്രം എന്ന സങ്കല്പത്തിനെ തിരസ്‌കരിക്കാൻ വേണ്ടി ഉള്ള വാദത്തെ ഒരു പ്രബന്ധാവതരണത്തിൽ ഉദ്ധരിച്ചതായിരുന്നു. Minimalist State അഥവാ പരിമിത അധികാരമുള്ള രാഷ്ട്രവ്യവസ്ഥയും, സ്വകാര്യ മൂലധനത്തിന്റെ മേധാവിത്വവും ഉള്ള വ്യവസ്ഥയാണ് മാനവികമോചനത്തിന് വേണ്ടതെന്ന സ്വകാര്യവൽക്കരണ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവിനെ ഉദ്ധരിച്ചതിലെ അപകടങ്ങളെ മനസ്സിലാക്കാതെ പോയതിലുള്ള വീഴ്ച തിരിച്ചറിയപ്പെടേണ്ടതാണ്. ആഗോളതലത്തിൽ എന്നപോലെ കേരളത്തിലും ഇനിയും സാമൂഹ്യപരമായി പിന്നിൽനിൽക്കുന്ന ഒരു സമുദായത്തിന്റെ ബൗദ്ധികതയിലെ സ്വാഭാവികമായ, രേഖീയമായ പുരോഗതി ഉണ്ടാകേണ്ടതിന് പകരം ഉത്തരാധുനിക തത്ത്വചിന്തയുടെ വിവിധ സാങ്കേതികത്വത്തിൽ ബോധപൂർവ്വമോ അല്ലാതെയോ ബന്ധനസ്ഥരായി ദിശാ വ്യതിയാനത്തിനായി കേരളത്തിലെ നവമുസ്ലിം ബൗദ്ധികവൃന്ദം പരിശ്രമിച്ചുകൊണ്ടിരിക്കുന്നതിൽനിന്നാണ് പ്രസ്തുത പ്രശ്‌നം ഉണ്ടാകുന്നത്. അതായത് 'സ്വത്വവാദം' എന്നത് ഒരു നയപരമായ രാഷ്ട്രീയ കർതൃത്വപദവി കൈവരിക്കൽ എന്നതിലുപരി അതിനെ സ്ഥായിയായി, സംസ്ഥാപിക്കാൻ ശ്രമിക്കുന്നതിലെ നിലവിലെ പ്രവർത്തനരീതികൾ പ്രതിലോമകരമായ അനുഭവമായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ അംബേദ്കർ സുവ്യക്തമായി സ്വീകരിച്ച നിലപാടുകൾ സ്വത്വവാദം സ്ഥാപനവൽക്കരിക്കാൻ ശ്രമിക്കുന്ന ഗവേഷകർ പൊതുവിൽ തിരിച്ചറിയേണ്ടതുണ്ട്. അതായത് തികഞ്ഞ ആധുനികതയുടെ പൗരനായ അംബേദ്കർ ആധുനികവൽക്കരണത്തിലൂടെ മാത്രമേ ദലിത് സമൂഹത്തിന് മോചനം ഉണ്ടാവുകയുള്ളൂ എന്ന് പ്രാവർത്തികമാക്കിയതിനെ മുസ്ലിം പിന്നോക്കാവസ്ഥയെ പരിഹരിക്കുന്നതിലും സ്വീകരിക്കേണ്ടതാണ്. അതിനു മതപരിത്യാഗം എന്ന വിവക്ഷയല്ല ഇവിടെ ഉണ്ടാകേണ്ടത്. ആധുനിക പാശ്ചാത്യ പൗരത്വമാതൃക അംബേദ്കർ തള്ളിപ്പറയാത്തതിന് കാരണം ഇവിടെയുള്ള ജാതിവ്യവസ്ഥയെയും അതിനാലുള്ള ഉച്ചനീചത്വങ്ങളെയും ഉന്മൂലനം ചെയ്യണമെങ്കിൽ ആധുനിക പൗരൻ ആകേണ്ടിയിരിക്കുന്നു എന്നതുകൊണ്ടാണ്. പാശ്ചാത്യ ആശയമാണ് എന്നതിനാൽ മാത്രം അത് തെറ്റാകുന്നില്ല. പക്ഷേ, അതിന്റെ അയുക്തികമായ അനുകരണം മാത്രമേ തെറ്റാകുന്നുള്ളൂ. അതുപോലെ വക്കം മുഹമ്മദ് അബ്ദുൽ ഖാദർ മൗലവി എന്ന കേരള മുസ്ലിം ആധുനികവാദിയുടെ ഇസ്ലാമിന്റെ ആധുനികവൽക്കരണപദ്ധതികൾ എന്തെല്ലാമായിരുന്നു എന്ന് മുസ്ലിം സ്വത്വവാദം സ്ഥാപനവൽക്കരിക്കാൻ അക്കാദമിക ഇടങ്ങൾക്കതീതമായി ശ്രമിക്കുന്നവർ തിരിച്ചറിയേണ്ടതിനെ സംബന്ധിച്ചുമാണ് ഈ ലേഖനം.

ജിഹാദ് എന്ന വിഷമസന്ധി

വിവിധ ജിഹാദുകളിൽ ഒന്നായ സായുധ യുദ്ധമായ ജിഹാദ്, ആധുനിക ദേശരാഷ്ട്ര രൂപീകരണത്തിനുമുമ്പ് പ്രായോഗികമായ ഒന്നെന്ന നിലയിൽ പരിഗണിക്കേണ്ടതിനുപകരം അത് ഇന്നും ഇസ്ലാമിക ഭരണകൂടങ്ങൾക്ക് ബാധ്യതയാണെന്ന് പറയുന്ന നൂറ്റാണ്ടുകൾക്കു മുമ്പ് എഴുതപ്പെട്ട ഗ്രന്ഥങ്ങൾ ആണ് പണ്ഡിതർ മാറ്റിയെടുക്കേണ്ടത്. ദേശരാഷ്ട്ര പൂർവ്വകാലഘട്ടം എന്നത് യുദ്ധത്തെ ഒരു ഔദ്യോഗിക ധാർമ്മിക ബാധ്യതപോലെ കണക്കാക്കപ്പെട്ടുകൊണ്ടിരുന്ന കാലഘട്ടമായിരുന്നു. കാരണം അന്തർദേശീയ സംഘടനകൾ ഇല്ലാത്തതിനാൽ പ്രഖ്യാപിത യുദ്ധനിയമങ്ങളോ അംഗീകൃത നയതന്ത്രങ്ങളോ ഉണ്ടായിരുന്നില്ല. അപ്പോൾ ഇസ്ലാമിക രാഷ്ട്രീയ തത്ത്വചിന്തയിലെ യുദ്ധരീതികളിൽ ഒന്നായി അക്കാലത്തെ ജിഹാദ് പരിഗണിക്കപ്പെടുന്നത്. കാരണം അന്തർദ്ദേശീയ രാഷ്ട്രീയം രൂപംകൊള്ളുന്നത് പിൽക്കാലത്താണ്. 1648-ൽ വെസ്റ്റ്ഫാലിയൻ കരാർ നിലവിൽ വരുന്നതിനുമുമ്പ് രാജഭരണകൂടങ്ങൾ നിരന്തരം അധിനിവേശപ്പോരാട്ടങ്ങൾ നടത്തുന്നത് സ്വാഭാവികമായിരുന്നു. ആ യുദ്ധ സംസ്‌കാരത്തിന് അന്താരാഷ്ട്ര തലത്തിൽ ഒരു നിയന്ത്രണരേഖകൾ വരുന്നത് 1945-ൽ യുണൈറ്റഡ് നേഷൻസ് സ്ഥാപിതമാകുമ്പോഴാണ്. ആധുനിക പൂർവ്വകാലത്തു മതവും രാഷ്ട്രീയവും സംയുക്ത വ്യവസ്ഥയായിരുന്നതിനാൽ മതനിയമം രാഷ്ട്രീയ നിയമമായും രാഷ്ട്രീയ നിയമം മതനിയമമായും സന്ദർഭോചിതമായി പ്രയോഗിക്കപ്പെട്ടിരുന്നു. അപ്പോൾ അന്നത്തെ സായുധയുദ്ധത്തിന്റെ ഭാഗമായ ജിഹാദ്, രാഷ്ട്രീയവ്യവസ്ഥ കഴിഞ്ഞ കുറച്ചു നൂറ്റാണ്ടുകൾക്കുള്ളിൽ മാറിക്കഴിഞ്ഞതിനാൽ വർത്തമാന കാലത്തു തികച്ചും അപ്രസക്തമാണ്. ഇന്നും ഒരു വളരെ ചെറിയ ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്നുവെങ്കിലും ഭീകരസംഘങ്ങളായ കാശ്മീരിലെ ലഷ്‌കറെ തോയിബയും, ഹിസ്ബുൽ മുജാഹിദീനും, ജെയ്‌ഷെ മുഹമ്മദും, താലിബാനും മറ്റും അകാലികമായ (Anachronistic) ആ ജിഹാദി തത്ത്വങ്ങൾ ഉപയോഗിക്കുന്നതിനാലാണ് സംഘർഷം ഉണ്ടാകുന്നതും ജീവഹാനി സംഭവിക്കുന്നതും. ഇത് ഒട്ടേറെ നിരപരാധികളായ മുസ്ലിംകളെ സംശയിക്കപ്പെടുന്നതിനും, ഇസ്ലാമോഫോബിയ വളരുന്നതിനും മൗലികമായ പ്രചോദനമാകുന്നു. തത്സമയം സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും സമർത്ഥമായ രാഷ്ട്രീയ തന്ത്രങ്ങൾ മെനഞ്ഞെടുക്കാൻ ഇത് സഹായകമാണ്. അതിന്റെ കുപ്രസിദ്ധ ഇരയാണ് ഉസാമ ബിൻലാദൻ. ജിഹാദ് പലവിധമുണ്ട്. അതിലെ ഏറ്റവും ദുരുപയോഗം ചെയ്യപ്പെട്ടത് മേൽപ്പറഞ്ഞ ജിഹാദാണ്. സ്വന്തത്തോടുള്ള (സ്വശരീരത്തിന്റെ തിന്മാ പ്രവണതകൾക്കെതിരെയുള്ള ജിഹാദിനെ കുറിച്ചാണ് ആധുനികകാലത്തു സംവദിക്കപ്പെടേണ്ടത്.


Related Articles