പുരുഷമതം പുരുഷ രാഷ്ട്രീയം

Society

പുരുഷമതം പുരുഷ രാഷ്ട്രീയം


മൂന്നു വാക്കുകൾ––രാഷ്ട്രീയം, മതം, ലിംഗനീതി; അതിശക്തമായി ബന്ധപ്പെട്ടുകിടക്കുന്നു എക്കാലവും ഇവ. മനുഷ്യാവകാശ ജനാധിപത്യാശയങ്ങളുൾക്കൊണ്ട് കൂടുതൽ കൂടുതൽ പുതുക്കിക്കൊണ്ടേയിരിക്കേണ്ടവ. മതം ആധുനിക ബോധ്യങ്ങളുൾക്കൊണ്ടു നവീകരിക്കപ്പെടുന്നില്ലെങ്കിൽ അതിനെ തള്ളിമാറ്റിക്കൊണ്ടുതന്നെ ലോകം മുന്നോട്ടു പോവുമെന്ന് കാലം തെളിയിച്ചുകൊണ്ടുമിരിക്കുന്നു.

വിപ്ലവകരമായ ഒരു ചരിത്രദൗത്യവും നീതിബോധത്തിലധിഷ്ഠിതമായ ഒരു പ്രത്യയശാസ്ത്രവും ഏതാണ്ടെല്ലാ മതങ്ങൾക്കുമുണ്ടെന്നും അത്യന്തം അസ്ഥിരവും പ്രവചനാതീതവുമായ ജീവിതയാത്രയിൽ വിശ്വാസം മനുഷ്യനൊരു പിടിവള്ളിയും സാന്ത്വനവുമാണെന്നും അതിനുമപ്പുറം അവ മനുഷ്യസംസ്കാരവുമായി സർഗാത്മകമായി കലർന്നുകിടക്കുന്നുണ്ടെന്നും മനസ്സിലാക്കി അവയെ സമീപിക്കാൻ നിരീശ്വരവാദികളും സഹൃദയത്വം കാണിക്കുക എന്നത് ഏറ്റവുമുയർന്ന ജനാധിപത്യബോധത്തിെന്റ പ്രതിഫലനമാണുതാനും.

കമ്പോളതാത്പര്യങ്ങൾ ജീവിതത്തിെന്റ സമസ്ത മേഖലകളെയും കീഴടക്കിക്കഴിഞ്ഞ പുതിയ കാലത്ത് മതവും രാഷ്ട്രീയവും ഏറ്റവും പ്രതിലോമപരമായി മാറിത്തീരുന്ന വൈരുധ്യങ്ങളാണ് ഇന്ന് നമ്മുടെ മുന്നിൽ. രാഷ്ട്രീയത്തിെന്റ വലതുവൽക്കരണവും മതത്തിെന്റ രാഷ്ട്രീയവുമായുള്ള കൈകോർക്കലും സാമ്പത്തികശക്തികളുടെ കാർമ്മികത്വത്തിൽ നടപ്പിലാക്കപ്പെടുമ്പോൾ ലിംഗനീതി എന്നത് ഒരു വിദൂരസങ്കല്പം മാത്രമായി മാറുന്നു. മതമൗലികവാദത്തെക്കാൾ, മതതീവ്രവാദത്തെക്കാൾ ഏറെ അപകടകാരിയാണ് വർഗീയത (Communalism) എന്നു നാം അറിയാതെപോകുന്നുണ്ടോ? ഇറ്റലിയിലും ജർമ്മനിയിലും പണ്ട് അരങ്ങേറിയവ ഇന്ന് ഈ ജനാധിപത്യ ഇന്ത്യയിലും പലയിടങ്ങളിലായി പരീക്ഷിക്കപ്പെട്ട് അധികം വൈകാതെ രാജ്യം മുഴുവൻ വ്യാപിപ്പിക്കാൻ വേണ്ട അരങ്ങുകളൊരുങ്ങിക്കൊണ്ടിരിക്കുന്നു. മണിപ്പൂരിൽ 80 ദിനങ്ങളിലധികമായി അത് അരങ്ങു തകർത്തുകൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ വിശേഷണത്തിലെ "പെൺമക്കൾക്കും അമ്മമാർക്കും' സംഭവിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി പറയാൻ ഈ ഭാഷ പോരാ.


Related Articles