മാർക്സിസത്തെ ലോകത്തിന്റെ യുവത്വം എന്ന് വിശേഷിപ്പിക്കുന്നത് ഒരു തരത്തിൽ ശരിയാണ്. മാർക്സിനെ പോലെ മറ്റൊരു ചിന്തകനും മാർക്സിസത്തെ പോലെ മറ്റൊരു പ്രത്യയശാസ്ത്രവും ഒരു നൂറ്റാണ്ടിനപ്പുറം പുതിയ വായനകളെയും അന്വേഷണങ്ങളെയും ത്രസിപ്പിച്ചിട്ടുണ്ടാകുകയില്ല. മുതലാളിത്തത്തിന്റെ ആഴമേറിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികളെയും വർത്തമാനകാല ജീവൽപ്രശ്നങ്ങളെയും ചേർത്ത് മാർക്സിസത്തെ പുനർവായിക്കാനുള്ള ഉദ്യമങ്ങൾ ഇരുപത്തിഒന്നാം നൂറ്റാണ്ടിലും തുടരുകയാണ്. അതേസമയം മാർക്സിസത്തിന്റെ പ്രത്യയശാസ്ത്ര മണ്ഡലത്തെ സമകാലീനമാക്കുന്ന തരത്തിൽ വികസിപ്പിക്കുന്നതിൽ മാർക്സിസ്റ്റുകൾക്ക് വേണ്ടത്ര വിജയിക്കുവാൻ കഴിഞ്ഞിട്ടുണ്ടോ എന്ന സംശയം ബാക്കി നിൽക്കുകയാണ്. ഇവിടെ പ്രധാനമായും ഗാന്ധിജി, ഡോ.അംബേദ്കർ, ഡോ. ലോഹ്യ എന്നിവരുടെ ചിന്തകളുടെ ഇന്ത്യൻ പരിസരത്ത് നിന്നു കൊണ്ട് മാർക്സിസത്തെ പുനർനിർമ്മിക്കാനുള്ള നവ മാർക്സിസ്റ്റുകളുടെ അന്വേഷണങ്ങളെ പരിശോധിക്കുവാനാണ് ശ്രമിക്കുന്നത്.
മാർക്സിസത്തിലെ ചില പ്രത്യയശാസ്ത്ര പരികല്പനകളെ കുറിച്ച് പുനർവിചിന്തനം നടത്താൻ വിപ്ലവാനന്തര റഷ്യയിൽ വിപ്ലവത്തിന്റെ ആദ്യദശകങ്ങളിൽ ഉണ്ടായ സംഭവവികാസങ്ങൾ സ്വതന്ത്രമാർക്സിസ്റ്റ് ചിന്തകരെ അക്കാലത്തുതന്നെ പ്രേരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ മാർക്സിസത്തിൽ അന്തർലീനമായ ന്യൂനതകളെ കുറെക്കൂടി ഗഹനമായ തലത്തിൽ അഭിസംബോധന ചെയ്യുന്നതിന് ഈ സ്വതന്ത്രമാർക്സിസ്റ്റ് ചിന്തകർക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. ഇറ്റാലിയൻമാർക്സിസ്റ്റ് ചിന്തകനായ അൻറോണിയോ ഗ്രാംഷി മുതൽ യൂഗോസ്ലാവിയൻ കമ്യൂണിസ്റ്റ് നേതാവായ മിലോവൻ ജിലാസിലൂടെ നീളുന്ന ചിന്തകരുടെ ഈ നിര ചില അടിസ്ഥാന പ്രശ്നങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും സോവിയറ്റ് റഷ്യയിലെ സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയുടെ പ്രശ്നങ്ങളായി ഇവയെ ചുരുക്കി കാണുന്നതിനും അതേ സമയം മറ്റു ചിലർ മാർക്സിസത്തിന്റെ പ്രയോഗതലത്തിലുള്ള വൈകല്യമായി അവതരിപ്പിക്കുന്നതിനുമാണ് പ്രധാനമായും ശ്രമിച്ചിട്ടുള്ളത്. സോവിയറ്റ് റഷ്യയിലേത് സ്റ്റേറ്റ് മുതലാളിത്തമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ റഷ്യൻ കമ്യൂണിസ്റ്റ് പരീക്ഷണങ്ങളെ സാമ്പ്രദായിക (classical) മാർക്സിസമെന്നും സ്റ്റാലിനിസ്റ്റ് മാർക്സിസമെന്നും വിശേഷിപ്പിച്ച് മാർക്സിനെ ഈ പരീക്ഷണങ്ങൾക്ക് പുറത്ത് പുതുതായി വായിക്കാനാണ് ശ്രമിച്ചിട്ടുള്ളതും ഇപ്പോൾ ശ്രമിക്കുന്നതും. ഈ അന്വേഷണങ്ങൾക്ക് പ്രധാനമായും കാരണമായത് അതാത് കാലങ്ങളിൽ ലോകത്ത് വംശം, സംസ്കാരം, ജനാധിപത്യം, സ്ത്രീ, പരിസ്ഥിതിവാദം തുടങ്ങിയ മേഖലകളിൽ സമൂഹത്തിന്റെ അടിത്തട്ടിൽ നിന്ന് ഉരുത്തിരിഞ്ഞുവരുന്ന മുന്നേറ്റങ്ങളെയും നവസാമൂഹ്യ ചിന്തകളെയും മാർക്സിസ്റ്റ് ആശയമണ്ഡലത്തിൽ നിന്നു കൊണ്ട് വിശദീകരിക്കുന്നതിൽ നേരിടുന്ന പ്രത്യയശാസ്ത്രപരമായ പ്രശ്നങ്ങളാണ്. 1970-കളിൽ യൂറോപ്പിൽ ആരംഭിച്ച പാരിസ്ഥിതിക മുന്നേറ്റങ്ങളെ സംബോധന ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് മാർക്സിയൻ ഇക്കോളജിയുടെ ജ്ഞാനശാഖ രൂപപ്പെട്ടത്. ജാതി ഒരു കടുത്ത ഇന്ത്യൻ യാഥാർത്ഥ്യമായി നിലനിൽക്കെ അതിനോടുള്ള പ്രതികരണമെന്ന നിലയിൽ കീഴാള ജാതികൾക്കിടയിൽ വലിയ തോതിലുള്ള ജനാധിപത്യവൽകരണത്തിന് തുടക്കമിട്ടുകൊണ്ട് സമീപകാലത്ത് ഇന്ത്യയിൽ ദലിതമുന്നേറ്റങ്ങൾ ശക്തമാകുകയും സർവ്വകലാശാലാ വളപ്പുകളിൽ മാർക്സിന്റെ സ്ഥാനത്ത് അംബേദ്കർ കൂടുതലായി വായിക്കപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ മാർക്സിന്റെ വർഗനിലപാടുകളെ ഇന്ത്യയിലെ ജാതിയുമായി എപ്രകാരം സമീകരണം സാധ്യമാക്കാമെന്ന അന്വേഷണങ്ങൾ നവ മാർക്സിസ്റ്റുകൾക്കിടയിൽ ശക്തമാവുകയുണ്ടായി. മുൻ കാലങ്ങളിൽ ഇന്ത്യൻ രാഷ്ട്രിയത്തിൽ ജാതി പ്രബല രാഷ്ട്രീയപ്രശ്നമായിരുന്ന സന്ദർഭങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടികൾ ജാതിയെ അവരുടെ വിശകലനങ്ങൾക്ക് പുറത്ത് നിൽക്കുന്ന അപ്രധാനമായ ഒരു പ്രതിഭാസം എന്ന നിലയിലാണ് എടുത്തിരുന്നത്. വളർന്നു വരുന്ന ദലിതമുന്നേറ്റങ്ങളോടുള്ള മുഖ്യധാരാ കമ്യൂണിസ്റ്റ് പാർട്ടികളുടെ സമീപനം ഇപ്പോഴും സൈദ്ധാന്തിക അന്വേഷണങ്ങളെ കൂടാതെയുള്ള അടവുപരമായ നിലപാടുകൾ മാത്രമാണ്. എന്നാൽ സ്വതന്ത്ര നവമാർക്സിസ്റ്റു ബുദ്ധിജീവികൾക്കിടയിലെ ചില അന്വേഷണങ്ങൾക്ക് സംവാദാത്മകമായ സർഗാത്മകതയുണ്ട്. എങ്കിലും അംബേദ്കറെ മാർക്സിസ്റ്റ് ആശയമണ്ഡലത്തിലേക്ക് സ്വാംശീകരിക്കുക എന്ന ലക്ഷ്യം രണ്ടു കൂട്ടർക്കുമുണ്ട് എന്ന് കാണാവുന്നതാണ്.
