ഒരു ഗുരു പല കാഴ്ചക്കാർ

Society

ഒരു ഗുരു പല കാഴ്ചക്കാർ


ശ്രീനാരായണ ഗുരുവിന്റെതായി പ്രചരിപ്പിക്കപ്പെടുന്ന, ഗുരുവിന്റേതല്ലാത്ത ആശയങ്ങളും വചനങ്ങളും നിരവധിയുണ്ട്.

2020 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച 'പച്ചക്കുതിര'യിൽ 'നവോത്ഥാനവും മക്തി തങ്ങളും' എന്ന ഒരു ചർച്ചയുണ്ടായിരുന്നു. ചർച്ചയിൽ മക്തി തങ്ങളെ സംബന്ധിച്ച പഠനത്തിൽ ശ്രദ്ധിക്കേണ്ടതായി മഹമൂദ് കൂരിയ പറയുന്ന ഒരു കാര്യം വളരെ ശ്രദ്ധേയമാണ്. ''ഒരു ചരിത്രവിദ്യാർത്ഥി എന്ന നിലയിൽ ഞാൻ പറയുക, അദ്ദേഹത്തെ വായിക്കേണ്ടത് അദ്ദേഹത്തിന്റെ വാക്കുകളിലൂടെയാണ്.'' ഏതൊരു മഹാനെയും വായിക്കേണ്ട പൊതുതത്ത്വമാണ് മഹമൂദ് പറയുന്നത്. ശ്രീനാരായണ ഗുരുവിനെക്കുറിച്ച് അദ്ദേഹം പറയുമ്പോഴും ഈ തത്ത്വം പാലിച്ചിരിക്കേണ്ടതുതന്നെ. ''ഭാര്യയുടെ ധർമ്മം ഭർത്താവിനെ നോക്കലാണ്, അവരുടെ കുട്ടിയെ സേവിക്കലാണ് എന്നുള്ള തരത്തിൽ ശ്രീനാരായണഗുരുവും എഴുതിയിട്ടുണ്ട്'' എന്ന് പ്രസ്തുത ചർച്ചയിൽ മഹമൂദ് പറഞ്ഞതായി കാണുന്നു. അടിക്കുറിപ്പ് കൊടുത്തിരുന്നുവെങ്കിൽ എവിടെയാണ് ഗുരു അങ്ങനെ എഴുതിയിട്ടുള്ളത് എന്ന് പരിശോധിക്കാമായിരുന്നു. എന്നാൽ അടിക്കുറിപ്പ് കാണ്ടില്ല. ഗുരുകൃതികൾ പരതിയിട്ട് ഗുരു അങ്ങനെ എഴുതിയതായി കണ്ടെത്താനും കഴിഞ്ഞില്ല.

തിരുവള്ളുവരുടെ 'തിരുക്കുറൽ' ഗുരു മലയാളത്തിലേക്കു ഭാഗികമായി മൊഴിമാറ്റം നടത്തിയിട്ടുണ്ട്. തിരുക്കുറളിൽ ഭാര്യാധർമ്മത്തെക്കുറിച്ചു പറയുന്നുണ്ട്. പതിവ്രതയായി ഭർത്താവിനെ ശുശ്രൂഷിച്ചു കുടുംബത്തിന്റെ ഐശ്വര്യത്തിനായി യത്‌നിക്കുന്ന ആദർശവനിതയെ തിരുക്കുറളിൽ സങ്കല്പിച്ചതായി കാണാം. ആദർശവനിതയെക്കുറിച്ചുള്ള ചില പരാമർശങ്ങൾ ശ്രീനാരായണ ധർമ്മം അഥവാ ശ്രീനാരായണ സ്മൃതി എന്ന പദ്യകൃതിയിലുണ്ട്. ഈ കൃതി ഗുരുവിന്റെ രചനയല്ല. ആത്മാനന്ദസ്വാമി എന്നൊരാൾ ആത്മാനന്ദത്തിനായി എഴുതിയിട്ടുള്ളതാണ്. ഗുരുദേവകൃതികൾ പൂർണ്ണമാകാൻ ഈ കൃതിയുംകൂടി വേണ്ടിയിരിക്കുന്നു എന്ന അഭിപ്രായത്തോടുകൂടി ഡോ. ടി. ഭാസ്‌കരൻ തന്റെ 'ശ്രീനാരായണ ഗുരുവിന്റെ സമ്പൂർണ്ണകൃതികൾ' എന്ന ഗ്രന്ഥത്തിൽ ഈ കൃതി ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്യകൃതി വായിച്ചപ്പോൾ ആത്മാനന്ദസ്വാമിക്കും ഡോ. ടി. ഭാസ്‌കരനും ഒരുപോലെ ഗുരുവിന്റെ ദാർശനിക സാമൂഹിക-ധാർമ്മിക നിലപാടുകൾ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല എന്നാണു മനസ്സിലായത്. ഗുരുവിനെ ഉൾക്കൊള്ളാനോ പൂർണ്ണതയിലേക്കു നയിക്കുവാനോ ഉള്ള ആത്മഘനം രണ്ടുപേർക്കും ഉള്ളതായി തോന്നിയില്ല. അവനവനെ പൂർണ്ണതയിലേക്കു നയിക്കുവാനുള്ള അറിവ് ഗുരുവിന്റെ 'ആത്മോപദേശ ശതക'ത്തിൽ ഉണ്ട്. അന്യനെയല്ല ആത്മത്തെയാണ് ഗുരു നയിക്കുന്നത്. ആത്മത്തിന് സ്ത്രീപുരുഷ വ്യത്യാസമൊന്നും ഗുരു കല്പിക്കുന്നില്ല. ആത്മബോധത്തിലെത്താൻ, ആത്മമുള്ളവർക്കെല്ലാം ആത്മോപദേശശതകം സഹായകരമായിരിക്കും. തിരുക്കുറൾ തർജ്ജമയോ ശ്രീനാരായണസ്മൃതിയോ വായിച്ചിട്ടാണ് മഹമൂദ് കൂരിയ ശ്രീനാരായണന്റെ ആശയമായി ഉദ്ധരിച്ചിട്ടുള്ളതെങ്കിൽ അദ്ദേഹത്തിനു തെറ്റുപറ്റിയിട്ടുണ്ട്. ആരോ എഴുതിയ കൃതിയിൽനിന്ന് ശ്രീനാരായണന്റേതായി ഉദ്ധരിക്കുന്നത് അദ്ദേഹത്തോടുള്ള അനീതിയാണ്.


Related Articles