ഭൂരഹിതരും ഭൂമാഫിയകളും

Society

ഭൂരഹിതരും ഭൂമാഫിയകളും


മണ്ണിന്റെ യഥാർത്ഥ അവകാശികൾ സ്വന്തം ഭൂമിയിലേക്ക്-ഇതാണ് ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി യു.ഡി.എഫ് സർക്കാർ വൻതോതിൽ പ്രചാരണം നൽകിയ മുദ്രാവാക്യം. ഈ പദ്ധതിയുടെ ഉദ്ഘാടനം യു പി എ അദ്ധ്യക്ഷ സോണിയാഗാന്ധി 2013 സെപ്റ്റംബർ 30-നു തിരുവനന്തപുരത്ത് നിർവ്വഹിക്കുകയും ചെയ്തു. 2015 Zero Landless (Citizens) Kerala പദ്ധതി പൂർത്തീകരിക്കുന്നതോടെ കേരളത്തിൽ ഒരൊറ്റ ഭൂരഹിതനും അവശേഷിക്കില്ല എന്നാണ് ഈ സർക്കാർ പ്രചരിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് തന്നെ മാതൃകയായി സർക്കാർ എടുത്തു കാട്ടുന്ന ഈ പദ്ധതി, കേരളത്തിലെ ഭൂരഹിതരെയും സാമൂഹിക പ്രശ്‌നങ്ങളെ ഗൗരവത്തോടെ നോക്കികാണുന്നവരെയും ആശങ്കയിലാക്കുകയാണ്. കാരണം ലളിതമാണ്. ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന ഒരു സംവിധാനമായി രാഷ്ട്രീയ നേതൃത്വങ്ങൾ ജനാധിപത്യ സംവിധാനത്തെയും സർക്കാരിനെയും രൂപപ്പെടുത്തുമ്പോൾ സാധാരണ ജനങ്ങളും ഭൂരഹിതരും നീതിക്കായി ആരെ സമീപിക്കും? ഒരു നുണ ബുൾഡോസർ പോലെ സമൂഹ മനസ്സാക്ഷിക്ക് മുകളിലൂടെ നിരങ്ങി നീങ്ങുന്നഒരു തോന്നലാണ് സാധാരണ പൗരന്മാർക്കിപ്പോഴുള്ളത്. ഭൂരഹിതരുടെ സ്വപ്നത്തെയും ആവശ്യത്തെയും ലളിതമായ ഒരു ഫോർമുലയിലൂടെ യു.ഡി.എഫ് സർക്കാർ പിഴുതെറിയുമ്പേൾ, ഭൂമിക്ക് വേണ്ടി മുറവിളി കൂട്ടുന്ന സാധാരണ ജനങ്ങളുടെ ആശങ്കകൾ ഇനിയും വഴിത്തിരിവുകൾ തേടുകയാണ്.

മൂന്ന് സെന്റിന്റെ ജാലവിദ്യ

ദശകങ്ങളായി നീറുന്ന കേരളത്തിലെ ഭൂപ്രശ്‌നത്തിന് എത്ര ലളിതമായാണ് യു.ഡി.എഫ് സർക്കാർ പരിഹാരം കണ്ടതെന്ന് നോക്കുക ? കേരളത്തിൽ 2,44,000 ഭൂരഹിതരാണുള്ളത്. ഇവർക്ക് വേണ്ടി 3 സെന്റ് വീതം ഭൂമി നൽകാനുള്ള ഒരു പദ്ധതി നടപ്പാക്കുക. 2015 ഓടെ രണ്ടുഘട്ടമായി പൂർത്തീകരിക്കുക. ആദ്യഘട്ടമെന്ന നിലയിൽ ഒരു ലക്ഷം പേർക്ക് മൂന്ന് സെന്റ് വീതം ഭൂമി നൽകാൻ ഏതാണ്ട് 3000 ഏക്കർ ഭൂമിമതി. അനായാസമായി കേരളത്തിലെ ഭൂരാഹിത്യംപരിഹരിച്ച്, ഇന്ത്യയ്ക്ക് തന്നെ മാതൃകയാക്കാൻ കഴിയുന്ന ഒരു സ്വപ്ന പദ്ധതിയാണ് റവന്യൂ മന്ത്രി അടൂർ പ്രകാശും, മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുംനടപ്പാക്കി കൊണ്ടിരിക്കുന്നത്. കേരളത്തിലെ എസ്റ്റേറ്റുടമകളായ ടാറ്റ, ഹാരിസൺ തുടങ്ങിയ വമ്പന്മാർ കൈവശം വെക്കുന്ന ഏതാണ്ട് ഒന്നരലക്ഷത്തോളം ഏക്കർ തോട്ടങ്ങൾ, സർക്കാർ ഉടമസ്ഥതയിലുള്ള പ്ലാന്റേഷൻ കോർപ്പറേഷൻ പോലുള്ള വൻകിട എസ്റ്റേറ്റുകൾ കൈവശംവെക്കുന്ന ഏതാണ്ട് അര ലക്ഷത്തോളം ഏക്കർതോട്ടം, ഇറിഗേഷൻ വകുപ്പ്, വൈദ്യുതി ബോർഡ്, കൃഷി വകുപ്പ്, ഫോറസ്റ്റ് ഡവലപ്‌മെന്റ് കോർപറേഷൻ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ കൈവശം വെക്കുന്ന അര ലക്ഷത്തോളം ഏക്കർ വരുന്ന തോട്ടം, റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തിൽ വിവിധ ജില്ലകളിൽ ഉടനടി ഏറ്റെടുക്കാൻ കഴിയുന്ന ഏതാണ്ട് അര ലക്ഷത്തോളം ഭൂമി തുടങ്ങിയ സംവിധാനങ്ങളിൽ നിന്നും ഏറ്റെടുക്കാൻ കഴിയുന്ന ഭൂമിയുടെ ഒരു ചെറിയ അംശം പോലും 3 സെന്റ് പദ്ധതിക്ക് വേണ്ടി ആവശ്യമില്ല. കേരളത്തിലെ ആകെ കൃഷിയോഗ്യമായ ഭൂമിയുടെ 60 -65 % വും തോട്ടങ്ങളാണ്. ആ തോട്ടങ്ങളിൽ ഏതാണ്ട് 12 ലക്ഷത്തോളം ഏക്കറിൽ റബ്ബർ എസ്റ്റേറ്റുകളാണ്. ചെറുകിട ഇടത്തരം എസ്റ്റേറ്റുടമകൾ കൈവശം വെക്കുന്ന മേൽപറഞ്ഞ എസ്റ്റേറ്റുകളിൽ വ്യാപകമായി റവന്യൂ പുറമ്പോത്ത് ഭൂമി ഉണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. മേൽപറഞ്ഞ എസ്റ്റേറ്റുകളിൽ നിന്നും, ഭൂമി കൃഷി ചെയ്യാതെ തരിശിട്ടിരിക്കുന്ന പ്രമാണിമാരുടെ കൈവശമുള്ള ഭൂമിയിൽ നിന്നും സമ്പൂർണ്ണ ഭൂരഹിത കേരളം പദ്ധതിക്ക് വേണ്ടി ഭൂമി പിടിച്ചെടുക്കേണ്ടതില്ല. സർക്കാരിന് അനായാസം കണ്ടെത്താവുന്ന 3000 ഏക്കർ ഭൂമികൊണ്ട് കേരളത്തിലെ ഭൂരാഹിത്യത്തെ തുടച്ചു നീക്കാൻ കഴിയും. ഇതാണ് പദ്ധതിയുടെ കാതൽ.എത്ര ലളിതമായാണ് നീറുന്ന ഒരു ദേശീയ പ്രശ്‌നത്തെ ശ്വാശ്വതമായി തുടച്ചു നീക്കുന്നത്? ദശകങ്ങളായി തുടരുന്ന ഒരു പ്രക്ഷോഭത്തിലൂടെ ഉയർത്തിക്കൊണ്ടുവന്ന ഭൂപ്രശ്‌നത്തെ സർക്കാരിന്റെ എല്ലാ വ്യവഹാരങ്ങളിൽ നിന്നും ശാശ്വതമായി മാറ്റി നിർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.


Related Articles