ദേശീയതയിലെ സംസ്‌കാരവിശകലനസമീപനങ്ങളെ അതിന്റെ വ്യത്യസ്തമാനങ്ങളില്‍ അഭിമുഖീകരിക്കുമ്പോള്‍ അതില്‍ സംസ്‌കാരവിമര്‍ശനത്തിന്റെ അദ്വിതീയ മാതൃകയ്ക്ക് മാര്‍ഗ്ഗദര്‍ശിയാവുന്നു എന്നുള്ളതാണ് ബി. ആർ. അബേദ്ക്കറുടെ എക്കാലത്തെയും പ്രസക്തി. ചരിത്രമെന്ന ഗര്‍ഭത്തിനകത്താണ് സാഹിത്യപരങ്ങളായ വേദേതിഹാസങ്ങളും സ്മൃതിശാസ്ത്രപുരാണങ്ങളുമൊക്കെ സ്ഥിതികൊള്ളുന്നത്. ഭൂതകാലത്തിലെ അധീശസ്ഥാപനങ്ങളുടെ കാലികമായ നിലനില്‍പ്പിനും സാധൂകരണത്തിനുമുള്ള പ്രമാണികവ്യവഹാരങ്ങളായാണ് അവ പ്രവര്‍ത്തിക്കുന്നത്. ചരിത്രം ഔദ്യോഗികമായൊരു ബോധന വൈജ്ഞാനിക പദ്ധതിയായിട്ടാണ് ആധികാരികമാക്കപ്പെടുന്നതെങ്കില്‍ സാഹിത്യം ഒരു സാംസ്‌കാരികബോധമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ജീവിതത്തെ പ്രതിഫലിപ്പിക്കുക എന്നതില്‍ കവിഞ്ഞ് ജീവിതത്തെ നിരന്തരം ഭൗതികമാക്കുന്ന സാംസ്‌കാരികശക്തിയായിട്ടാണ് സാഹിത്യത്തെ കാണേണ്ടത്. സാഹിത്യത്തിന്റെ ഭൗതികശേഷിയെ തിരിച്ചറിയുകയും വിമര്‍ശനാത്മകമാക്കുകയും ചെയ്യുന്ന സന്ദര്‍ഭം ഇന്ത്യന്‍ ദേശീയതാസംവാദങ്ങള്‍ക്കകത്തുണ്ട്. ഇന്ത്യക്കാര്‍ ഒരു ദേശീയജനതയായി പരിണമിക്കണമെങ്കില്‍ പ്രാഥമികമായി കൈവരിക്കേണ്ടത് സാഹോദര്യ സമത്വത്തിലൂന്നിയ സാമൂഹിക ജനാധിപത്യമാണെന്ന് പ്രഖ്യാപിക്കുന്ന അംബേദ്ക്കര്‍ ഹിംസാത്മകമായ സാമൂഹിക ഘടനയെ സാധൂകരിക്കുന്ന പ്രമാണസ്രോതസ്സുകളായിട്ടാണ് ബ്രാഹ്‌മണസാഹിത്യത്തെ കാണുന്നത്.
ഇന്ത്യയെ അതിന്റെ അടിത്തട്ടില്‍ നിന്ന് അറിയുകയും, ദയാശൂന്യമായ നീതിരാഹിത്യവ്യവസ്ഥകളെ നിരന്തരം അഭിമുഖീകരിക്കുകയും ചെയ്തുകൊണ്ടാണ് അംബേദ്ക്കറെന്ന (1892-1956) ചരിത്രപുരുഷന്‍ അശ്രാന്തമായ പോരാട്ടങ്ങളിലേര്‍പ്പെടുന്നത്. വളരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ പൊതുസ്ഥലത്തിലൂടെ നടക്കുവാനോ, വെള്ളം കുടിക്കാനോ തലമുടി വെട്ടുവാനോ യാത്രചെയ്യുവാനോ ഒന്നുംതന്നെ സാധിക്കാതെ, ദൈനംദിനജീവിതത്തിലെ ഭീകരമായ വിലക്കുകളെ അനുഭവിച്ചറിഞ്ഞുകൊണ്ടാണ് അംബേദ്ക്കര്‍ ജാതിവ്യവസ്ഥയെ മനസ്സിലാക്കുന്നത്. ശ്രേണീകൃതമായൊരു സാമൂഹിക-സാമ്പത്തികവ്യവസ്ഥയായി നിലനില്‍ക്കുന്ന ജാതിയെ അതിന്റെ വേരുകളില്‍ നിന്ന് അന്വേഷിക്കുകയും അതിനെ ഉന്‍മൂലനം ചെയ്യാനുള്ള ജ്ഞാനാത്മകമായ രീതിശാസ്ത്രം രൂപപ്പെടുത്തുകയും ചെയ്യുന്നതിന്റെ ആദ്യപടിയായിട്ടാണ് സാഹിത്യത്തിന്റെ ഭൗതികതയെ തിരിച്ചറിയേണ്ടത്. യൂറോപ്പിന്റെയും ഇന്ത്യയുടെയും സംസ്‌കാര ദേശീയചിന്തകള്‍ക്ക് അടിത്തറയാകുന്ന ആര്യന്‍ വംശീയസിദ്ധാന്തം അതിന്റെ സ്രോതസ്സുകളായ വേദങ്ങള്‍, വേദങ്ങളെ വംശീയതയുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് നയിക്കുന്ന മാനവധര്‍മ്മശാസ്ത്രങ്ങള്‍ (മനുസ്മൃതി ആധികാരികം) ബ്രാഹ്‌മണങ്ങള്‍, കഥാത്മകമായ മിത്തിക്കല്‍ ഭാവനകളെ ജനപ്രിയമാക്കുന്ന ഇതിഹാസങ്ങള്‍, പുരാണങ്ങള്‍ തുടങ്ങി ചരിത്രവും, പുരാണവും, സാഹിത്യവും ഇടകലര്‍ന്ന വംശീയപ്രമാണസംഘാതങ്ങളെയാണ് അംബേദ്ക്കര്‍ പ്രാഥമികവിമര്‍ശനപാഠങ്ങളായി തിരഞ്ഞെടുക്കുന്നത്. അംബേദ്ക്കര്‍ മുന്നോട്ട് വയ്ക്കുന്ന ഗഹനമായ വിമര്‍ശനാവബോധം ഇന്ത്യയിലെ മര്‍ദ്ദിതജനതയെ ജ്ഞാനാത്മകമായി നവീകരിക്കുന്ന രാഷ്ട്രീയബോധമായി വികസിക്കുന്നു എന്നുള്ളിടത്താണ് അതിന്റെ സര്‍വ്വകാലിക പ്രസക്തി.
