മലയാളി ശരീരം

Society

മലയാളി ശരീരം


ലയാളിയുടെ ശരീരത്തിലെ അവയവങ്ങളെപ്പറ്റി ഇന്ന് നിലനില്ക്കുന്ന സാമൂഹ്യ അവബോധം ജനാധിപത്യ സമൂഹത്തിന്റെ ബോധമല്ല. ജനാധിപത്യം പുലർന്നിട്ട് മുക്കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും സങ്കീർണ്ണവുംഅദൃശ്യവുമായ ഫ്യുഡൽ കാല സാംസ്‌കാരികത മലയാളികളെയും അവരറിയാതെ പിന്തുടരുന്നുണ്ട്. ശരീരത്തിലെ അവയവങ്ങളെക്കുറിച്ചുള്ള പൊതുബോധം സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇത് ബോധ്യമാകും. സവർണ്ണവും അവർണ്ണവും എന്ന് ചുരുക്കത്തിൽ പറയാവുന്ന രണ്ട് സാംസ്‌കാരികത വലയം ചെയ്യപ്പെട്ടതാണ് മലയാളിയുടെ ശരീരം. ശരീരത്തിലെ ഓരോ അവയവവും ക്രമപ്രകാരവും, കാര്യക്ഷമവുമായി പ്രവർത്തിക്കുമ്പോഴാണ് ശരീരത്തിന് പൂർണ്ണത ഉണ്ടാകുന്നത്. കാൽപാദം മുതൽ മൂർദ്ധാവ് വരെയുള്ള ശരീരഭാഗങ്ങൾക്ക് ഒരേ പ്രകാരത്തിൽ തുല്ല്യത അവകാശപ്പെടാവുന്ന തരത്തിലാണ് പ്രവർത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും എല്ലാ അവയവത്തിനും സമൂഹം നല്കുന്ന മാനം ഒന്നല്ല. അതിപ്രധാനമെന്ന് കരുതപ്പെടുന്ന പലതിനേയും പൊതുസമൂഹത്തിൽ പറയാൻ പോലും പാടില്ലാത്ത ഭാഷാപദ സഞ്ചയത്തിൽ ഉൾപ്പെടുത്തി നമ്മൾ പുറമ്പോക്കിൽ ഇരുത്തിക്കളഞ്ഞു. അവയൊക്കെ പുറത്ത് പറയണമെങ്കിൽ നാട്ടുഭാഷയോ, ശുദ്ധമലയാളമോ പറ്റില്ല. സംസ്‌കൃത ഭാഷ അല്ലെങ്കിൽ സംസ്‌കൃതം പോലെതന്നെ മലയാളി ശ്രേഷ്ഠത കല്പിച്ച ഇംഗ്ലീഷ് ഭാഷാ സാംസ്‌കാരികതയുടെ മറ വേണം.

വളച്ചുകെട്ടാതെ ആർക്കും മനസ്സിലാകുന്ന ചില ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. 'കുണ്ടി', 'ചന്തി' തുടങ്ങിയ പദങ്ങൾ കേൾക്കുമ്പോൾ അഥവാ വായിക്കുമ്പോൾ നെറ്റി ചുളിയുന്നവരാണ് ഭൂരിഭാഗം മലയാളികളും. എന്നാൽ ശരീരത്തിലെ ഇതേ ഭാഗത്തെ നിതംബം, പൃഷ്ഠം, ആസനം എന്നിങ്ങനെ സംസ്‌കൃതത്തിലോ, ബട്ടക്‌സ് എന്ന് ഇംഗ്ലീഷിലോ പറയുമ്പോൾ മേല്പറഞ്ഞ ശരീരഭാഗം പുറത്ത് പറയാവുന്ന സഭ്യമായ പദമായി മാറുന്നു. ആദ്യത്തെ നാട്ടുഭാഷാ പ്രയോഗങ്ങളെ അസഭ്യമെന്നും, രണ്ടാമത് സൂചിചിപ്പിച്ച സംസ്‌കൃത/ഇംഗ്ലീഷ് ഭാഷാപ്രയോഗങ്ങളെ സഭ്യമെന്നും മലയാളി വിധിയെഴുതിയിട്ടുള്ളതാണ്. പുരുഷ-സ്ത്രീ ജനനേന്ദ്രിയങ്ങളെ പ്രാദേശികമായി പലപേരുകളിൽ വിളിക്കപ്പെടുന്നുണ്ട്. അത്തരം പദപ്രയോഗങ്ങൾ വായനക്കാർക്ക് സുപരിചിതമാകും എന്നതിനാൽ ഇവിടെ പരാമർശിക്കുന്നില്ല. അടിവയർ, അരക്കെട്ട് എന്നിങ്ങനെ മലയാളത്തിലും, ഗുഹ്യഭാഗമെന്ന് സംസ്‌കൃതത്തിലും ഇവയെ പൊതുവായി പരാമർശിക്കുമ്പോൾ പൊതുസമൂഹത്തിൽ പ്രശ്‌നമില്ലാതെ നില്ക്കുന്നു. ഈ ശരീരഭാഗങ്ങൾ തെറികളായും മലയാളികളുടെ ജീവിതവ്യവഹാരങ്ങളിൽ ഏറ്റക്കുറച്ചിലുകളോടെ ഉപയോഗിക്കപ്പെടുന്നുണ്ട്. സംസ്‌കൃത-ഇംഗ്ലീഷ് സാംസ്‌കാരികതയുടെ ഒരാവരണം നമ്മുടെ ശരീരത്തെ പൊതിഞ്ഞിട്ടുണ്ട്. അതിനു മുകളിലാണ് മലയാളികൾ വസ്ത്രം ഇട്ടിരിക്കുന്നത്. അഥവാ ഇടാൻ സാമൂഹ്യാവബോധം അനുവദിക്കുന്നത്.


Related Articles