ദൈവദശകം ദേശീയ പ്രാർത്ഥനാഗാനമോ?

Society

ദൈവദശകം ദേശീയ പ്രാർത്ഥനാഗാനമോ?


ശ്രീനാരായണ ഗുരുസ്വാമികൾ രചിച്ച 'ദൈവദശകം' എന്ന പ്രാർത്ഥനാഗീതത്തിന്റെ പിറവിയുടെ നൂറാം വർഷം ആചരിക്കുന്ന സന്ദർഭമാണിത്. 1914-ൽ ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വ്യാപൃതനായിരിക്കുന്ന വേളയിലാണ് ഗുരുസ്വാമികൾ (1856-1928) ഈ പ്രാർത്ഥനാകാവ്യം രചിക്കുന്നത്. 'ദൈവദശകം' ഇന്ത്യയുടെ ദേശീയ പ്രാർത്ഥനാഗാനമായി അംഗീകരിക്കണമെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം കഴിഞ്ഞ കുറെക്കാലമായി ഉയർത്തിവരുന്ന ആവശ്യം കൂടുതൽ ഉച്ചത്തിൽ കേൾക്കുന്ന ഈ ഘട്ടത്തിൽ അങ്ങനെയൊരാവശ്യം സർവ്വഥാ സ്വീകാര്യമായിരിക്കുമോ എന്ന് അന്വേഷിക്കേണ്ടതുണ്ട്..

'ദൈവദശക'ത്തിന്റെ ഉള്ളടക്കം എല്ലാ മതസ്ഥർക്കും ഒരുപോലെ സ്വീകാര്യമാണെന്നും അത് ആലപിക്കുന്നതിൽ, അക്കാരണത്താൽ, ആർക്കും ഒരു സങ്കോചവും തോന്നേണ്ടതില്ലെന്നുമുള്ള വാദമാണ് ആ കാവ്യത്തെ ദേശീയപ്രാർത്ഥനാകാവ്യമായി അംഗീകരിപ്പിക്കാൻ വെമ്പുന്നവരെ മുമ്പോട്ട് കുതിപ്പിക്കുന്ന ശക്തി. രക്ഷയും സൗഖ്യവും തേടിക്കൊണ്ട് ദൈവത്തെ വിളിച്ചു പ്രാർത്ഥിക്കുന്നു എന്ന അർത്ഥത്തിൽ 'ദൈവദശക'ത്തിലെ ഏതാനും ശ്ലോകങ്ങൾ എല്ലാ ദൈവവിശ്വാസികളും അംഗീകരിക്കുമെന്നതിന് സംശയമില്ല. എന്നാൽ, ആ കാവ്യം ആദ്യന്തം മുന്നോട്ടുവയ്ക്കുന്ന ദൈവികദർശനം/ദൈവാസ്തിത്വന്യായം എല്ലാ മതവിശ്വാസികളും ഒരുപോലെ കൈക്കൊള്ളുകയില്ല---കുറഞ്ഞപക്ഷം ഇസ്‌ലാം മതവിശ്വാസികളെങ്കിലും!

അദ്വൈതദർശനമാണ് ശ്രീനാരായണ ചിന്തയുടെ കാതൽ. സൃഷ്ടിയും സ്രഷ്ടാവും രണ്ടല്ല ഒന്നുതന്നെയാണ് എന്നിടത്താണ് അദ്വൈതദർശനത്തിന്റെ ഊന്നൽ. അതുതന്നെയാണ് 'ദൈവദശക'വും വിളംബരം ചെയ്യുന്നത്. ഒരു ദൃഷ്ടാന്തമെന്നനിലയ്ക്ക് അഞ്ചാമത്തെ ശ്ലോകം നോക്കാം:
നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ! സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും.


Related Articles