ദലിത് പ്രമേയങ്ങൾ

Society

ദലിത് പ്രമേയങ്ങൾ


നവോത്ഥാനത്തിൽ അയ്യങ്കാളിയുടെയും, പൊയ്കയിലപ്പച്ചന്റെയും, പാമ്പാടിജോൺജോസഫിന്റെയും നേതൃത്വത്തിൽ നടന്ന കീഴാള ഏകീകരണങ്ങളിലെല്ലാം ഉപജാതിവിഭജനങ്ങളെ മറികടക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടായിരുന്നു. പുതിയ ലോകബോധത്തിനനുസരിച്ചു സമുദായത്തെയും ശരീരങ്ങളെയും സജ്ജീകരിക്കുന്നതിന് മേൽപ്പറഞ്ഞപോലുള്ള പരിശ്രമങ്ങൾ അത്യാവശ്യമായി. ഇതിനൊപ്പം ചേർത്തുവായിക്കേണ്ടതാണ് അക്കാലത്തെ ഇതര സമുദായങ്ങളിലെ ഉൽബുദ്ധ വിഭാഗങ്ങളുമായി ഇടപെഴകാൻ അവർ കാണിച്ച സന്നദ്ധതയും. ഇത്തരം കാര്യങ്ങളെ കേവലമായ സവർണ്ണ വിധേയതയായി കാണുന്നത് അപക്വതയാണ്. നേരെമറിച്ച്, കീഴാളസമുദായങ്ങളുടെ സാമൂഹികമായ ചലനാത്മകതയെ (Social Mobility‑)വ്യാപിപ്പിക്കാൻ സമരങ്ങളെന്നപോലെ മറ്റുതരത്തിലുള്ള ഇടപാടുകളും ആവശ്യമാണെന്ന വസ്തുത തിരിച്ചറിയുകയാണ് വേണ്ടത്.

നവോത്ഥാനത്തിനു ശേഷം കേരളത്തിലുണ്ടായ എല്ലാ ദലിത് പ്രതിനിധാനങ്ങൾക്കും തങ്ങളുടെ സമരങ്ങൾക്കൊപ്പം സഹവർത്തിത്വത്തിന്റെ ധാരയെയും മുന്നോട്ടുകൊണ്ടുപോകേണ്ടിവന്നിട്ടുണ്ട്. കല്ലറ സുകുമാരൻ മുതൽ ഇങ്ങേയറ്റത്തുള്ള ഏതൊരാളെയെടുത്താലും ഇത് വാസ്തവമാണ്.

1970- കളിൽ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിയെപ്പറ്റിയുള്ള ആദ്യസ്വരമുയർന്നത് ദലിത് പക്ഷത്തുനിന്നുമാണ്. 1980-കളിൽ ശ്രീനാരായണഗുരുവിനെ അവർണ്ണീകരിച്ചും, സഹോദരനയ്യപ്പന്റെ പൗരസമത്വപ്രക്ഷോഭണത്തെ വീണ്ടെടുത്തും സവർണ്ണ സാംസ്‌കാരിക മേന്മാവാദത്തിനു വിള്ളലേല്പിച്ചത് ഇതേ പക്ഷത്തെ പ്രസ്ഥാനങ്ങളും ബുദ്ധിജീവികളുമാണ്. 1990-കളിലെ മണ്ഡൽകമ്മീഷൻ പ്രക്ഷോഭണഘട്ടത്തിൽഎസ്.എൻ.ഡി.പി.യോടും വിശ്വകർമ്മമഹാസഭയോടും മുസ്ലീം-ലാറ്റിൻ ക്രിസ്ത്യൻ സംഘടനകളോടും ഒത്തൊരുമിച്ച് പ്രവർത്തിക്കാനും അവർ രംഗത്തുണ്ടായിരുന്നു. 2000-നു മുമ്പേതന്നെ കേരളത്തിൽ പുതുതായി ആരംഭംകുറിച്ച നവജനാധിപത്യ-സ്ത്രീവാദ-പരിസ്ഥിതി മുന്നേറ്റങ്ങളിലും ആശയരൂപീകരണങ്ങളിലും ദലിത് സാന്നിധ്യം കാണാം. ഇതേ കാലയളവിൽ, നമ്മുടെ സമൂഹത്തിൽ മാർക്‌സിസ്റ്റിതരമായ ഒരു ജ്ഞാനമണ്ഡലം രൂപപ്പെടുത്താനും സജീവമായി പ്രവർത്തിച്ചത് ദലിത് പ്രതിനിധാനങ്ങളാണ്. കോളനികളിൽനിന്നും സ്വത്ത്, പദവി, അധികാരം മുതലായവയ്ക്ക് വേണ്ടിയുള്ള സമരങ്ങളിലേയ്ക്ക് കടക്കാനും, വികസനത്തിന്റെ പുറമ്പോക്കുകൾ ആരാണെന്ന തിരിച്ചറിവ് നേടാനും മാത്രമല്ല; അയ്യങ്കാളിയെ കർഷകതൊഴിലാളി നേതാവിൽനിന്നും മാറ്റി സമുദായവൽക്കരണപാതയിൽ കണ്ടെത്താനും, പൊയ്കയിലപ്പച്ചന്റെ വിചാരങ്ങൾക്ക് പുതുവ്യാഖ്യാനം കൊടുക്കാനും, സഹോദരനയ്യപ്പന്റെ സാഹോദര്യദർശനത്തെ പുതുക്കാനും കേരളത്തിൽ സർവ്വശക്തമായിരുന്ന മാർക്‌സിസ്റ്റ് പരിപ്രേഷ്യങ്ങൾ ദുർബലമാകേണ്ടതുണ്ടായിരുന്നു.


Related Articles