പരിവർത്തനവാദം

Society

പരിവർത്തനവാദം


ശ്രീനാരായണഗുരു ഒരു സംന്യാസിയായിരുന്നു. അദ്ദേഹം ഒരു സംന്യാസി സംഘത്തെ രൂപീകരിക്കുകയും ബ്രഹ്‌മചര്യം പോലുള്ള നിഷ്ഠകളെ കർശനമായി പാലിക്കുകയും ചെയ്തു. എങ്കിലും സംന്യാസിജീവിതത്തിന്റെ പേരിലല്ല അദ്ദേഹം കേരളത്തിന്റെ ചരിത്രസാന്നിധ്യമായത്. സമൂഹരൂപീകരണത്തെ സഹായിക്കുന്ന ആത്മീയവും ഭൗതികവുമായ ചിലമൂല്യമണ്ഡലങ്ങൾ അദ്ദേഹത്തിലുണ്ടെന്ന് ഈഴവസമുദായം സവിശേഷമായും പൊതുസമൂഹത്തിലെ ഉൽബുദ്ധവിഭാഗങ്ങൾ പരക്കെയും തിരിച്ചറിയുകയായിരുന്നു. തൽഫലമായാണ് ഇന്നത്തെ ലക്ഷക്കണക്കിനായ ശ്രീനാരായണീയർ ഉണ്ടായതും നാരായണഗുരു ലോകപ്രശസ്തനായതും. ഈ പരിവർത്തനദിശയിൽ കുറഞ്ഞ പ്രാതിനിധ്യമേ സംന്യാസിസംഘത്തിന് അവകാശപ്പെടാൻ കഴിയൂ. എന്നാൽ നാരായണഗുരു തന്റെ ആത്മീയചിന്തയുടെ ഭാഗമായി സംന്യാസജീവിതത്തിനു മുന്തിയ പരിഗണന നൽകിയതിനാൽ ഈഴവരെല്ലാം സംന്യാസിപ്രസ്ഥാനത്തിൽ ചേരണമെന്നും ബ്രഹ്‌മചര്യം പോലുള്ളവ അനുഷ്ഠിച്ചു ജീവിക്കണമെന്നും ആരെങ്കിലും നിർദ്ദേശിച്ചാൽ അതിനെ മുഴുത്ത വിഡ്ഡിത്തമായി മാത്രമല്ല കടുത്ത അനീതിയായും കാണേണ്ടതുണ്ട്.

ഇതേപ്രകാരത്തിൽ തന്നെയാണ് അംബേദ്കറിന്റെ ബുദ്ധമതപരിവർത്തനത്തെയും കാണേണ്ടത്. ഹൈന്ദവ സാമൂഹികവ്യവസ്ഥയ്ക്ക് അദ്ദേഹം അലോസരമുണ്ടാക്കിയത് ഒരു ജനാധിപത്യവാദിയെന്ന നിലയിൽ തന്റെ നിലപാടുകളിൽ ഉറച്ചുനിന്നതിനാലും അരികുവൽകൃതരെ ഉൾക്കൊള്ളുന്ന അദ്ദേഹത്തിന്റെ ചിന്തകളുടെ ഫലമായിട്ടുമാണ് ആധുനികതയുടെ അഭാവമായി അദ്ദേഹം മതത്തെ സ്വീകരിച്ചു. അത് ബുദ്ധമതമായത് അദ്ദേഹത്തിന്റെ പ്രത്യേകമായ തിരഞ്ഞെടുപ്പും ആത്മീയതയും മൂലമാണ്.

ഈ കാര്യങ്ങൾ ഇവിടെ എഴുതുന്നത്- കേരളത്തിലെ പിന്നോക്ക സമുദായങ്ങളിലും ദലിത്‌സമുദായത്തിലും വർദ്ധിച്ചുവരുന്ന ഹൈന്ദവവൽക്കരണം, സാമൂഹികവും രാഷ്ട്രീയവുമായ അവകാശവേദികളിൽ നിന്നുള്ള പിന്നോട്ടടി, വികസനം വിദ്യാഭ്യാസം വിഭവവിതരണം എന്നിങ്ങനെയുള്ള ഇടങ്ങളിൽ നിന്നുമുള്ള പുറന്തള്ളൽ, വിപുലമായ ഭൂസമരങ്ങൾ പോലും നടത്തിയിട്ടും കിട്ടുന്ന അവഗണന, ദലിതരിൽ നിന്നുണ്ടായ പൊളിച്ചെഴുത്തുകളെ സ്വീകരിക്കുന്നതിനു പകരം 'കൗതുകകരമായ അപരങ്ങളെ' പുനർവിന്യസിച്ചുകൊണ്ടു തിരിച്ചടിക്കാനുള്ള മുഖ്യധാരയുടെ ശ്രമങ്ങൾ, കീഴാളരാഷ്ട്രീയത്തെയും ന്യൂനപക്ഷ രാഷ്ട്രീയത്തെയും ഭരണകൂടവും മാധ്യമങ്ങളും അപരവൽക്കരിക്കുന്ന സ്ഥിതി- ഇപ്പോഴും തുടരുന്ന പശ്ചാത്തലത്തിലാണ്.


Related Articles