പൊക്കിൾക്കൊടി ബന്ധമല്ല, പ്രകൃതിയുടെ ഭാഗമായിത്തന്നെ മനുഷ്യൻ കഴിഞ്ഞുകൂടിയ കാലത്തിന്റെ അടയാളങ്ങളാണ് പുരാതനമായ നാട്ടുവഴക്കങ്ങൾ. പുഴകളെയും പാമ്പുകളെയുംമൃഗങ്ങളെയും കുന്നുകളെയും വൃക്ഷങ്ങളെയുമെല്ലാം പേരിട്ടു വിളിച്ച് ആരാധിക്കുന്ന സമ്പ്രദായം അങ്ങനെ നിലവിൽ വന്നതാണ്. ''കാക്ക കരയുന്നുണ്ടല്ലോ, ആരോ വിരുന്ന് വരുന്നുണ്ടല്ലോ'' എന്ന മുത്തശ്ശിയുടെ പ്രസ്താവം മൊബൈൽ ഫോണൊന്നും സങ്കല്പത്തിലേ വന്നിട്ടില്ലാത്ത കാലത്തെ പ്രകൃതിയുമായുള്ള പാരസ്പര്യത്തിന്റെ അനേകമനേകം ഓർമ്മകളിൽ ഒന്നുമാത്രമാണ്.
ഭൃഗുമഹർഷി, മഹാഭാരതത്തിലെ ശാന്തിപർവ്വത്തിൽ, വൃക്ഷങ്ങൾക്ക് എല്ലാ വികാരങ്ങളും അനുഭവിക്കാനാവുമെന്ന് പറഞ്ഞിട്ടുണ്ട്. തൊടുമ്പോഴും തലോടുമ്പോഴും കെട്ടിപ്പിടിക്കുമ്പോഴും സ്നേഹത്തോടെ സംസാരിക്കുമ്പോഴും കുപിതനാകുമ്പോഴുമെല്ലാം വൃക്ഷമറിയും. മകരം 28-ന് ഏർപ്പ് (ഉച്ചാരൽ) എന്നൊരു സംഗതി ഉത്തരകേരളത്തിലുണ്ട്. ഏർപ്പ് എതിർപ്പുതന്നെ. ഏർപ്പ് ദിവസം കൃഷിയിൽ ഏർപ്പെടുന്നതിനോടുള്ള എതിർപ്പ്. മകരം 28-ന് ഭൂമീദേവി പുഷ്പിണിയാകുന്ന ദിവസമത്രേ. അന്ന് കലപ്പകൾകൊണ്ട് വയലുകൾ ഉഴുതുമറിക്കാൻ പാടില്ല. കൃഷിപ്പണികൾ ഒന്നും പാടില്ല. എത്ര ശ്രേഷ്ഠമായ സങ്കല്പം! ഭൂമി പുഷ്പിണിയാവുക!
എന്നാൽ കാണക്കാണെ എല്ലാ പൊക്കിൾക്കൊടി ബന്ധങ്ങളും അറുത്തുകളഞ്ഞ് മനുഷ്യൻ പ്രകൃതിയിൽനിന്നും 'സ്വതന്ത്രനാ'യി. ഭൂമി ചൂഷണത്തിനുള്ള, കൊള്ളയടിക്കാനുള്ള ഒരിടം മാത്രമാണെന്നും താൻമാത്രമാണ് ഭൂമിയുടെ അവകാശി എന്നും അവൻ ധരിച്ചുവശായി. 'ഭൂമി നമ്മുടേതല്ല, നാം ഭൂമിയുടേതാണ്' (സിയാറ്റിൽ മൂപ്പൻ) എന്ന ചിന്തയേ അവശേഷിക്കാതായി. ''ഒരു ജീവിയും മറ്റൊരു ജീവിയുടെ അവകാശത്തിൽ കൈവയ്ക്കരുത്'' (ഈശാവാസ്യോപനിഷത്ത്) എന്ന് തുടങ്ങി നമ്മുടെ ദേശത്തിലുരുവംകൊണ്ട പ്രാക്തനമായ നൈതിക ചിന്തകൾക്ക് പ്രസക്തി കുറഞ്ഞുവന്നു.
