മത, ജാതി, വർഗ്ഗ, ലിംഗ, ഭാഷാവ്യത്യാസങ്ങളില്ലാതെ എല്ലാ പൗരന്മാർക്കും അവകാശങ്ങളിൽ തുല്യത ഉറപ്പുവരുത്തേണ്ടതുണ്ട് ഡെമോക്രസിയിൽ. എന്നിട്ടും ഇന്ത്യൻ സിവിൽ നിയമങ്ങളിലേക്കു വരുമ്പോൾ ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ, പാഴ്‌സി തുടങ്ങി ഏഴ് വ്യത്യസ്ത സിവിൽ കോഡുകളുണ്ട് നിലവിൽ. അവയിൽ മുസ്‌ലിം വ്യക്തിനിയമസംഹിതപോലെ തികച്ചും സ്ത്രീ വിരുദ്ധമായ ഒന്നുകൂടി ഉൾപ്പെടുന്നു എന്ന വൈരുധ്യവുമുണ്ട്. ജനാധിപത്യവ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നായ നിയമസംഹിതയിൽത്തന്നെ ലിംഗ നീതിക്കെതിരായ നിയമങ്ങളുൾപ്പെട്ടിരിക്കുക എന്നത് എത്രമേൽ അപലപനീയമാണ്!
ശരിയാണ്, ജനാധിപത്യത്തിൽ മതസ്വാതന്ത്ര്യംകൂടി ഉൾപ്പെടുന്നുണ്ട്. മതേതരത്വമെന്നത് മതനിരാകരണമല്ലതാനും. അന്യർക്ക് ദ്രോഹകരമാകാത്തിടത്തോളം സ്വമതത്തിൽ വിശ്വസിക്കുവാനും ആരാധനകളും ആചാരങ്ങളും നിലനിർത്താനും സ്വന്തം മതത്തിന്റെ ആശയങ്ങളെപ്പറ്റി മറ്റുള്ളവരോടു സംസാരിക്കുവാനും ഓരോ ഇന്ത്യക്കാരനും സ്വാതന്ത്ര്യമുണ്ട്. നാനാത്വത്തിൽ ഏകത്വമെന്ന സങ്കല്പം അതീവ ഹൃദയാവർജ്ജകവും ജനാധിപത്യപരവുംതന്നെ. നൂറ്റാണ്ടുകൾക്കുമുമ്പേ തുടങ്ങിയ അന്യ ദേശങ്ങളുമായുള്ള സാംസ്‌കാരിക കൊടുക്കൽ വാങ്ങലുകളിലൂടെ ഉരുത്തിരിഞ്ഞതുകൂടിയാണ് വർത്തമാനകാല ഇന്ത്യൻ സംസ്‌കൃതി. സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമാണ് മതങ്ങളുമെന്നതിനാൽതന്നെ വ്യത്യസ്ത മതാശയങ്ങളെ പരിചയപ്പെടാനും സ്വാംശീകരിക്കാനും സമരസപ്പെടാനും ഇന്ത്യൻ സമൂഹത്തിന് എന്നുമായിട്ടുണ്ട്. ജാതിവിഭജനത്താൽ പീഡിതമായിരുന്ന ഇന്ത്യയുടെ സാമൂഹ്യ പരിവർത്തനരംഗത്തും വൈദേശിക മതവക്താക്കളുടെ വിദ്യാഭ്യാസപരമായ ഇടപെടലുകളും സാമൂഹ്യ സമത്വ സന്ദേശങ്ങളും പങ്കു വഹിച്ചിട്ടുണ്ടെന്നുള്ളതും ഓർമ്മിക്കപ്പെടേണ്ടതാണ്.
ഇന്ത്യൻ പൗരന്മാർക്കെല്ലാവർക്കും ക്രിമിനൽ നിയമങ്ങൾ ഒന്നുതന്നെയെങ്കിലും വ്യത്യസ്ത സിവിൽ നിയമങ്ങൾ അനുവദിക്കപ്പെട്ടത് ഈ സാംസ്‌കാരിക വൈവിധ്യങ്ങളെ അംഗീകരിക്കൽതന്നെയായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തുതന്നെ നിലനിന്നിരുന്ന സിവിൽ നിയമങ്ങൾ വലിയ വിശകലനങ്ങളോ മാറ്റങ്ങളോ കൂടാതെ അംഗീകരിക്കപ്പെട്ടതിനു പിന്നിലും ഈ വൈവിധ്യ സംരക്ഷണബോധംതന്നെയായിരിക്കണം. കാലം മുന്നോട്ടുപോകുമ്പോൾ അവയിലെ അപര്യാപ്തതകൾ കണ്ടെത്തി പുതിയ നിയമനിർമ്മാണം വഴി തിരുത്തുന്നതിനുള്ള സാധ്യതയും ജനാധിപത്യത്തിലുണ്ട്. മതത്തിന്റെ പേരിലായാലും ചിലർക്കു പ്രത്യേകാവകാശങ്ങളും, മറ്റു ചിലർക്ക് അവകാശ നിഷേധങ്ങളും നിലനിർത്തിക്കൊണ്ടുപോവുകയെന്നതു ജനാധിപത്യ വിരുദ്ധംതന്നെ.
