ജിഹാദും ലൗ ജിഹാദും

Society

ജിഹാദും ലൗ ജിഹാദും


'ലവ് ജിഹാദ്' എന്ന വിഷയം ആദ്യമായി കേരളത്തിലെ പൊതു തിരഞ്ഞെടുപ്പ് രംഗത്തേക്കും വന്നു. 2021മാർച്ച് ആദ്യവാരം കേരള രാഷ്ട്രീയത്തിൽ നാമത് കണ്ടു പ്രണയവും രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഇത്രയും അർത്ഥശൂന്യമായ ഒരു വ്യവഹാരം ഇന്ത്യാചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും. പ്രണയം യുദ്ധത്തിലേക്ക് നയിക്കുന്നത് ചരിത്രത്താളുകളിൽ കണ്ടെത്താം. പക്ഷേ പ്രണയത്തിന്റെ പേരിൽ വീണ്ടും മതധ്രുവീകരണ പദ്ധതികൾ ആവിഷ്‌ക്കരിക്കുവാൻ ഈ വിഷയത്തിൽ ഇവിടെ ഇനിയുമേറെ സാധ്യതയുണ്ടെന്ന് കണ്ടുകൊണ്ടാണ് ഇപ്പോഴത്തെ ഈ പരിശ്രമങ്ങൾ. കേരളത്തിൽ ഈ വിഷയത്തിലുള്ള രാഷ്ട്രീയ-മത പ്രസ്താവനകൾ നിരീക്ഷിക്കുമ്പോൾ അങ്ങനെയാണ് മനസ്സിലാകുന്നത്.

കർണാടകയിലെയും ഉത്തർപ്രദേശിലെയും ഭരണകക്ഷി അംഗങ്ങൾ കഴിഞ്ഞ വർഷം 'ലൗജിഹാദി'നെക്കുറിച്ച് രൂക്ഷമായി പ്രതികരിക്കുകയും നിയമനിർമ്മാണത്തിനായി ശ്രമിക്കുകയും ചെയ്തത് വാർത്തയായിരുന്നു. 'ലൗജിഹാദ്' ഇപ്പോഴും നടപ്പിലുണ്ടെന്നും അത് നിർത്തലാക്കണമെന്നും അവർ ഭീഷണി മുഴക്കിക്കൊണ്ടായിരുന്നു പ്രതികരിച്ചത്. പ്രതിസ്ഥാനത്ത് നിൽക്കുവാൻ മുസ്‌ലിം എന്ന സമുദായം, മൃദുലക്ഷ്യമായി (soft target), അപരവൽക്കരിക്കപ്പെടുന്നതിനായി (otherisation) അവിടെയുണ്ട് എന്നതാണ് വസ്തുത. 2020 ജനുവരിയിൽ കേന്ദ്രസർക്കാർതന്നെ പാർലമെന്റിൽ റിപ്പോർട്ട് നൽകിയിരുന്നത് 'ലൗജിഹാദ്' എന്ന ഒന്നില്ല എന്നായിരുന്നു. എന്നിട്ടും 'ലൗജിഹാദ്' എന്ന വിചിത്രമായ കുറ്റാരോപണവുമായി വീണ്ടും വേട്ടയാടുവാൻ ഒരുങ്ങുകയാണ്. തൃശൂർ സർക്കാർ മെഡിക്കൽ കോളേജിലെ ജാനകി-നവീൻ എന്നീ വിദ്യാർത്ഥികളുടെ ഡാൻസ് അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗമായപ്പോൾ അവിടെയും ലവ് ജിഹാദ് സൂചിപ്പിച്ചുകൊണ്ട് വിദ്വേഷപ്രചാരകർ രംഗത്ത് വന്നു. ഹിന്ദുമുസ്‌ലിം എന്ന ലേബലിൽ ആണ് കലാ ആവിഷ്‌ക്കാരത്തെയും അവർ കാണുന്നത്. എന്നാൽ തുടർന്നും ഡാൻസ് ചെയ്യുമെന്നും വിദ്വേഷ പ്രചാരണത്തെ അവഗണിക്കുന്നുവെന്നും ഈ വിദ്യാർത്ഥികൾ നിലപടെടുത്തത് ശ്രദ്ധേയമായി. മതേതരമായി തന്നെ വിഷയത്തെ പരിഹരിക്കുവാനാണ് ഇവിടെ ശ്രമിക്കേണ്ടത്.

2009-10 കാലഘട്ടത്തിൽ കേരളത്തിലാണ് ഇന്ത്യയിൽ ആദ്യമായി 'ലൗജിഹാദ്' എന്ന വിചിത്രമായ പദപ്രയോഗത്തിലൂടെ കുറ്റാരോപണം പ്രാവർത്തികമാക്കിത്തുടങ്ങിയത്. ഇത്രത്തോളം വിചിത്രമായ ഒരു വിഷയത്തിൽ മുസ്‌ലിം സമുദായത്തെ ഒന്നാകെ പ്രതിസ്ഥാനത്ത് നിർത്തി സംശയിക്കുന്ന പ്രചരണം കേരളചരിത്രത്തിൽ ഉണ്ടായിരിക്കാൻ സാധ്യതയില്ല. 'ലൗജിഹാദ്' വിഷയത്തിൽ നിരന്തരം നിരപരാധിത്വം തെളിയിക്കുവാൻ ഒരു സമുദായം ഒന്നാകെ വലിച്ചിഴക്കപ്പെടുകയായിരുന്നു. മുസ്‌ലിം/ഇസ്‌ലാം എന്നല്ല ഏതെങ്കിലും ഒരു മതവിഭാഗം ലോകത്ത് ആസൂത്രിതമായി പ്രണയത്തിലൂടെ മതപ്രചരണം നടത്തുമെന്ന് വിചാരിക്കുന്നത് തികഞ്ഞ ബുദ്ധിശൂന്യതയായിരിക്കും.


Related Articles