ശബരിമലയിലെ ഇടതുപക്ഷം

Society

ശബരിമലയിലെ ഇടതുപക്ഷം


ടിസ്ഥാനപരമായ സാമൂഹികമാറ്റങ്ങൾ എക്കാലവും യാഥാസ്ഥിതിക സമൂഹത്തിന്റെ എതിർപ്പും അപ്രീതിയും സമ്പാദിച്ചിട്ടുണ്ട്. അടിമകൾ അടിമത്തത്തെ സ്വാതന്ത്ര്യമായി കണ്ടിരുന്ന, സതിസമ്പ്രദായത്തെ അതിന്റെ ഇരകളായ സ്ത്രീകൾ പവിത്രമായി ആരാധിച്ചിരുന്ന, വിധവാവിവാഹ നിരോധനത്തെ വിധവകൾതന്നെ പൂജിച്ചിരുന്ന, പെൺഭ്രൂണഹത്യ ദൈവികമാണെന്നു കരുതിയിരുന്ന, ബ്രാഹ്‌മണദാസ്യം അഭിമാനമായി കരുതിയിരുന്ന, നമ്പൂതിരി സംബന്ധം ആഭിജാത്യമായി കരുതിയിരുന്ന, ജാതിവിവേചനം കർമഫലമാണെന്നു കരുതിയിരുന്ന ഒരു ഭൂതകാലമാണു നമ്മുടേത്. ഈ ഭൂതകാലത്തിന്റെ ശേഷിപ്പുകൾക്കെതിരേ, ഇന്ത്യൻ സമൂഹത്തിനുള്ളിൽ നിന്ന് അഗാധതലസ്പർശിയായ വിപ്ലവങ്ങളുണ്ടായിട്ടില്ലയെന്നതും ഒരു വസ്തുതയാണ്. ഈ ഭൂതകാലജീർണനകളെ ഭാഗികമായെങ്കിലും പരാജയപ്പെടുത്തിയത് ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകൾ ആവിഷ്‌കരിച്ച നിയമങ്ങളാണ്. സതി നിരോധിക്കുന്ന നിയമത്തിനെതിരേ തെരുവിറങ്ങിയവരിൽ അധികവും സ്ത്രീകളായിരുന്നു. നമ്മുടെ സ്വകാര്യവും പവിത്രവുമായ വിശ്വാസാചാര ജീവീതത്തിലേക്കു നുഴഞ്ഞു കയറുന്ന ഒരു 'വൈദേശികശക്തി' യായിട്ടാണ് ശരാശരി ഇന്ത്യാക്കാർ നിയമത്തെ വീക്ഷിച്ചിരുന്നത്. നിയമവാഴ്ചയോടുള്ള വെറുപ്പിനെയും ഭയത്തെയും സ്വാതന്ത്ര്യാനന്തരകാലത്തേക്കു വ്യാപിപ്പിക്കുന്നതിൽ ദേശീയപ്രസ്ഥാനവും ഒരു പങ്കു വഹിച്ചിട്ടുണ്ട്.

ശാസ്ത്രീയാവബോധം, മതേതരത്വം, യുക്തിചിന്ത എന്നിവയുടെ അടിസ്ഥാനത്തിൽ ഇന്ത്യയെ പുനർനിർമിക്കുന്നതിന് നെഹ്‌റു സ്വീകരിച്ച സമീപനങ്ങൾ, പൂർണമായ അർത്ഥത്തിൽ വിജയിക്കാതിരുന്നതിനു കാരണം നിയമവാഴ്ചയോട് ഇന്ത്യൻ സമൂഹത്തിന്റെ അടിത്തട്ടിലുള്ള ഈ ഭയമാണ്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ, വിവിധ മതങ്ങളുടെ പഴഞ്ചൻ ആചാരങ്ങളെ നവീകരിക്കുന്നതിന് ഭരണകൂടവും കോടതിയും സ്വീകരിച്ച നടപടികളെ വിശ്വാസി സമൂഹംതന്നെയാണ് എതിർത്തു തോല്പിച്ചത്. എന്നാൽ, സമൂഹപുരോഗതിയുടെ ദീർഘകാല താത്പര്യങ്ങളോട് പ്രതിബദ്ധത പുലർത്തുന്ന പ്രസ്ഥാനങ്ങൾ വിശ്വാസി സമൂഹത്തിന്റെ--അതിന്റെ സംഖ്യാബലം എത്രതന്നെ വലുതായാലും-- ക്ഷുദ്രമായ ഭാവുകത്വത്തെയും ജീവിതവീക്ഷണത്തെയും നിർഭയം നിരാകരിക്കുകയാണു വേണ്ടത്. പുരോഗമന-ഇടതുപ്രസ്ഥാനങ്ങളുടെ ലക്ഷ്യം സമൂഹത്തിന്റെ മൗലിക പരിവർത്തനവും പുരോഗതിയുമാണെങ്കിൽ, അതിനു ചില ത്യാഗങ്ങൾ ചെയ്യേണ്ടിവരും.

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളെ ഈ പശ്ചാത്തലത്തിലാണു വിലയിരുത്തേണ്ടത്. സ്ത്രീ-പുരുഷസമത്വമെന്ന മൗലികമായ ഒരു ദർശമാണ് ഈ കോടതിവിധി ഉയർത്തിപ്പിടിക്കുന്നത്. എന്നാൽ, വലിയൊരു വിഭാഗം സ്ത്രീകൾതന്നെ സ്ത്രീ -പുരുഷസമത്വമെന്ന ആദർശത്തിനെതിരേ തെരുവിറങ്ങി എന്നതും ഒരു വസ്തുതയാണ്. ആർത്തവംപോലെയുള്ള ശാരീരികപ്രക്രിയകളെ ശുദ്ധിയുടെയും അശുദ്ധിയുടെയും അടിസ്ഥാനത്തിൽ കാണാൻ പഠിപ്പിക്കുന്ന പ്രാകൃതമായ മതബോധം ഈ സ്ത്രീകളുടെ ലോകബോധത്തെ അത്രമേൽ സ്വാധീനിച്ചിരുന്നു എന്നതാണ് അതിനു കാരണം. ഈ മതബോധത്തിനു കീഴടങ്ങുകയും കോടതിവിധിയെ നിരാകരിക്കുകയുമാണോ പുരോഗമന പ്രസ്ഥാനങ്ങൾ ചെയ്യേണ്ടത്?


Related Articles