ഇസ്ലാമോ ഫോബിയയും ക്രൈസ്തവ  സമൂഹവും

Society

ഇസ്ലാമോ ഫോബിയയും ക്രൈസ്തവ സമൂഹവും


ബന്ധുത്വത്തിന്റെ ഇഴകൾ വളരെയേറെ ഉണ്ടെങ്കിലും ഉത്ഭവകാലം മുതൽക്കുതന്നെ ഇസ്ലാം മതവും ക്രിസ്തുമതവും തമ്മിൽ സംഘർഷങ്ങൾ ഉണ്ടായിരുന്നതായി ചരിത്രം പഠിക്കുന്നവർക്ക് മനസ്സിലാക്കാനാവുന്നതാണ്. സെമിറ്റിക് പാരമ്പര്യവും ആധുനികഘടന കൃത്യമായി സ്വംശീകരിച്ചെടുത്തതുമൊക്കെ കാരണമായി പറയാമെങ്കിലും സാമ്രാജ്യത്വ രാഷ്ട്രീയ താല്പര്യങ്ങൾ തന്നെയാണതിന്റെ പിന്നിലുള്ളതെന്നു നിസ്സംശയം പറയാം. എന്നാൽ മറുവശത്തു നൈതികതയുടെ പ്രവാചക സംസ്‌കൃതി ആഗോള വ്യാപകമായി നിർമ്മിച്ചെടുത്തതിൽ ഈ രണ്ടു മതങ്ങൾക്കും ഉള്ള പങ്ക് വളരെ വ്യക്തവുമാണ്. ക്രൈസ്തവ ദൈവശാസ്ത്രരംഗത്ത് പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ അത് ഞാൻ ഏറ്റവും വിലമതിക്കുന്ന കാര്യവുമാണ്. പക്ഷെ ഈ അടുത്ത കാലത്തായി ക്രൈസ്തവരുടെ ഇടയിൽ പ്രത്യേകിച്ചും കേരള ക്രൈസ്തവ സമൂഹത്തിൽ വർധിച്ചുവരുന്ന ഇസ്ലാമോഫോബിയ അഥവാ മുസ്ലിംവിരുദ്ധത മതപഠനങ്ങളെ ഗൗരവമായി കാണുന്നവർ ആഴത്തിൽ വിശകലനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യേണ്ടതുണ്ട്.

ശത്രുതയുടെ ചരിത്രപാഠങ്ങൾ

സെമിറ്റിക് മതങ്ങളായ യൂദ മതത്തിനും ക്രിസ്തുമതത്തിനും ഇസ്ലാംമതത്തിനും സ്ഥല സംബന്ധവും മതഗ്രന്ഥ സംബന്ധവുമായ ഒട്ടേറെ ബന്ധങ്ങളുണ്ട്. മെഡിറ്ററേനിയൻ പ്രദേശവും സംസ്‌കൃതിയും മരുഭൂപ്രകൃതിയും ഈ മതങ്ങളുടെ അനുഷ്ഠാന ക്രമങ്ങളെ കൃത്യമായി സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ മതഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലുള്ള ബന്ധുത്വമാണതിൽ ഏറ്റവും പ്രധാനപ്പെട്ടത്. യൂദമതമാണ് ആദ്യം ഉണ്ടായത്. ഇപ്പോഴത്തെ ബൈബിളിന്റെ ആദ്യഭാഗമായ മോശയുടെ നിയമ പുസ്തകങ്ങളും പ്രവാചക പുസ്തകങ്ങളുമടങ്ങുന്ന എബ്രായ പാഠങ്ങളാണ് യൂദമതത്തിനാധാരം. മനുഷ്യസംസ്‌കൃതിയെ പരിപോഷിപ്പിച്ച ഒട്ടനവധി നൈതിക പാഠങ്ങൾ യൂദമതം സംഭാവന ചെയ്തിട്ടുണ്ട്. എന്നാൽ നാലാം നൂറ്റാണ്ടോടുകൂടി ക്രിസ്തുമതവും ഏഴാം നൂറ്റാണ്ടോടുകൂടി ഇസ്ലാം മതവും രാഷ്ട്രീയ അധികാര ഘടനയിൽ കൂടുതൽ ശക്തമായ സാഹചര്യത്തിൽ യൂദമത തത്ത്വചിന്തകൾ കൂടുതൽ ദേശീയവും വംശീയവുമായി മാറുന്നതുകാണാം. യൂദവംശമാണ് യഥാർത്ഥ ദൈവജനമെന്നും ദൈവീകഉടമ്പടിയുടെ ഭാഗമായി ലഭിച്ച ഇസ്രായേൽ തിരിച്ചുപിടിക്കേണ്ടതുണ്ടെന്നുമുള്ള പഠനങ്ങൾ ഇന്ന് സയണിസത്തിലാണ് എത്തിനിൽക്കുന്നതെന്നു യിസ്രെയേൽ-പലസ്തിൻ സംഘർഷ പശ്ചാത്തലത്തിൽ നമുക്ക് മനസ്സിലാക്കാനാവും.


Related Articles