ഇന്ത്യക്ക് മാത്രമായി ഒരു ഇസ്‌ലാം ഉണ്ടോ

Society

ഇന്ത്യക്ക് മാത്രമായി ഒരു ഇസ്‌ലാം ഉണ്ടോ


സാങ്കേതികമായി ഇസ്‌ലാമിക നിയമം എന്നർത്ഥമുള്ള ശരീഅത്ത് എന്ന ശബ്ദം നിയമപദാവലിയിലെ ഒരു വാക്കെന്നതിനപ്പുറം രാഷ്ട്രീയവും സാംസ്‌കാരികവും സ്വത്വപരവുമായ മാനങ്ങളുള്ള ഒരു സംജ്ഞയായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ബാബരി പ്രശ്‌നംപോലെ ഇരുതലമൂർച്ചയുള്ള ഒരു ആയുധമാണ് ശരീഅത്തിലധിഷ്ഠിതമായ മുസ്‌ലിം വ്യക്തിനിയമവും. രാമജന്മഭൂമിയും കശ്മീരും പശുവുമെല്ലാം തരാതരംപോലെ എടുത്ത് ഉപയോഗിക്കാവുന്ന രാഷ്ട്രീയ ആയുധങ്ങളാണ്. ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ പൊട്ടിക്കാനായി പ്രകടനപത്രികയിൽ കരുതിവെച്ചിട്ടുള്ള ഉഗ്രശേഷിയുള്ള ഇത്തരം ടൈംബോബുകൾ മനോഹരമായ പുരോഗമന മുദ്രാവാക്യംകൊണ്ട് ലേപനം ചെയ്താണ് അവതരിപ്പിച്ചിട്ടുള്ളത്. ലിംഗനീതിയിലോ ന്യൂനപക്ഷ സുരക്ഷയിലോ ദലിത്-ആദിവാസി പ്രശ്‌നങ്ങളിലോ വാചകമടിക്കപ്പുറം യാതൊരു ആത്മാർത്ഥതയുമില്ലാത്ത നമ്മുടെ ഭരണകക്ഷിയുടെ പ്രകടനപത്രികയിൽ ഇങ്ങനെ വായിക്കാം. 'ഏകീകൃത സിവിൽനിയമം ഉണ്ടാകാത്തിടത്തോളം കാലം ലിംഗനീതി ഉണ്ടാവില്ല.' ബീഫിന്റെ പേരിൽ ന്യൂനപക്ഷ സമുദായത്തിൽപെട്ടവരെതല്ലിക്കൊല്ലുകയും കെട്ടിത്തൂക്കുകയും ചെയ്യുമ്പോഴോ പശുവിന്റെ തോലുരിക്കുന്ന കാര്യം പറഞ്ഞ് ദലിതനെ തല്ലിച്ചതയ്ക്കുമ്പോഴോ പ്രകടമാവാത്ത നീതിബോധം മുസ്‌ലിം സ്ത്രീകളുടെ വിഷയത്തിൽ പ്രദർശിപ്പിക്കുന്നതിലെ പരിഹാസ്യമായ വൈരുദ്ധ്യം കാണാതിരിക്കാനാവില്ല. 1986-ൽ രാജീവ്ഗാന്ധി സർക്കാർ പാസ്സാക്കിയ മുസ്‌ലിം വനിതാ വിവാഹമോചനാനന്തര അവകാശ സംരക്ഷണ ബിൽ (1986) പ്രാബല്യത്തിൽ വന്ന് മൂന്ന് ദശകങ്ങൾ കഴിഞ്ഞു. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ശരീഅത്തും മുസ്‌ലിം വ്യക്തിനിയമവും വീണ്ടും സജീവചർച്ചാവിഷയമായിരിക്കുകയാണ്. വ്യക്തിനിയമവും ഏകീകൃത സിവിൽ നിയമവും അതിന്റെ ക്രോഡീകരണവും മാത്രമല്ല; വിഷയത്തിന്റെ രാഷ്ട്രീയവും സാംസ്‌കാരികവും മതപരവും സാമുദായികവുമായ വശങ്ങൾ പരിശോധിക്കുന്ന ഒരു സംഭാഷണമാണ് ഇവിടെ.

അഷ്‌റഫ് കടയ്ക്കൽ: ഇന്ത്യയിലെ മാർക്‌സിസ്റ്റ് ആചാര്യനായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് എൺപതുകളിൽ തുടങ്ങിവെച്ച, മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ചർച്ച 1985-ൽ ഷാബാനു എന്ന വിവാഹമുക്തയായ മുസ്‌ലിം സ്ത്രീയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസിൽ, സുപ്രീം കോടതി വിധി പറഞ്ഞതോടെയാണ് 'ശരീഅത്ത് വിവാദം' എന്ന പേരിൽ ഈ വിഷയം ഇന്ത്യയാകെ കത്തിപ്പടർന്നത്. നമ്മുടെ ഭരണഘടന നിർമ്മാണസഭയിൽ ഏകീകൃത വ്യക്തിനിയമം അനിവാര്യമാണെന്ന് വാദമുന്നയിച്ചവരുടെ കൂട്ടത്തിൽ ഡോ. അംബേദ്കറും ഉണ്ടായിരുന്നു. പക്ഷേ, മുസ്‌ലിം വ്യക്തിനിയമം കേന്ദ്രപ്രമേയമാക്കി ഒരു സമഗ്രചർച്ച അന്നുണ്ടായില്ല. വിഷയത്തെ ഇഴകീറി പരിശോധിക്കുന്ന ഒരു സംവാദം ഷാബാനു കേസ്സിൽ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗബഞ്ചിന്റെ വിധിയോടനുബന്ധിച്ചാണുണ്ടായത്. കോടതിവിധിയെ ഇടതുപക്ഷകക്ഷികളും ഫെമിനിസ്റ്റ് സംഘടനകളുമെല്ലാം സ്വാഗതം ചെയ്തു. ശരീഅത്ത് മുസ്‌ലിം സ്ത്രീകളുടെ അവകാശസംരക്ഷണം ഉറപ്പുവരുത്താൻ വ്യക്തിനിയമങ്ങളിൽ കാലോചിതമായ പരിഷ്‌കരണം വേണമെന്ന ആവശ്യം ഒരുപക്ഷത്ത്. ഇസ്‌ലാമിക ശരീഅത്ത് സമ്പൂർണ്ണവും ദൈവികനിയമവുമായതിനാൽ അതിൽ തിരുത്തലുകൾ വരുത്താൻ സാധ്യമല്ല എന്ന മറുവാദവുമായി മതസംഘടനകൾ മറുപക്ഷത്ത്.


Related Articles