ബുദ്ധധർമ്മം ഭാഷയിലും സംസ്‌കാരത്തിലും സാമൂഹികജീവിതത്തിലും കേരളീയ പരിസരത്തെ ആഴത്തിൽ സ്വാധീനിച്ചിട്ടുള്ള ഒന്നാണ്. ഇതിനെ സംബന്ധിച്ച നിരവധി പഠനങ്ങളും ലഭ്യമാണ്. അതേസമയം കേരളത്തിൽ നിലനിന്നിരുന്ന, സമകാലിക സാംസ്‌കാരിക ജീവിതത്തിലും തുടരുന്ന താന്ത്രികബുദ്ധിസത്തെക്കുറിച്ച് ആഴത്തിലുള്ള പര്യാലോചനകൾ മലയാളത്തിൽ ആരംഭിക്കേണ്ടിയിരിക്കുന്നു. ബുദ്ധിസത്തെ സംബന്ധിച്ച് പൊതുവായി ബൗദ്ധദർശനങ്ങളുടെ അടിസ്ഥാനത്തിൽ അതിന്റെ പ്രാദേശികവഴക്കങ്ങളെയും പരിഗണിക്കുന്ന ഒരു രീതിനിലവിലുണ്ട്. ഇതാകട്ടെ കൊളോണിയൽ കണ്ടെത്തലുകളിലൂടെ മേൽകൈവന്ന ദാർശനികബുദ്ധമതത്തെ ഉപഭൂഖണ്ഡമാകമാനം വ്യാപിച്ച ഒന്നായി പരിഗണിക്കുന്നു. ബുദ്ധദർശനങ്ങൾക്കും ബൗദ്ധസംസ്‌കാരത്തിനും ഇന്ത്യയിൽ പല വിതാനങ്ങളുണ്ടായിരുന്നു. താന്ത്രികബുദ്ധമതമാകട്ടെ സമ്പൂർണ്ണമായി ബൗദ്ധദർശനങ്ങളുടെ കൃത്യമായ നിർവചനപാതയിലൂടെയായിരുന്നില്ല അതിന്റെ ചരിത്രസഞ്ചാരം നടത്തിയിരുന്നതും. 'താന്ത്രികം' എന്ന പ്രയോഗം തന്നെ ആ അർത്ഥത്തിൽ പ്രശ്‌നഭരിതമാണ്.
ബുദ്ധധർമ്മം ദേശാന്തരങ്ങളിലൂടെ സഞ്ചരിച്ച് നിലനിന്നത് പ്രാദേശികമായ സംസ്‌കാരങ്ങളെയും വിശ്വാസ അനുഷ്ഠാനരൂപങ്ങളെയും ഉൾച്ചേർത്തുകൊണ്ടാണ്. കേവലം പ്രബോധനാത്മകമായ ഒരു മതരൂപം മാത്രമായിരുന്നില്ല ബുദ്ധധർമ്മം; ജനസംസ്‌കാരധർമ്മപ്രബോധനങ്ങൾക്കൊപ്പം താന്ത്രികനുഷ്ഠാനങ്ങളും ഇടകലർന്നിരുന്നു. ഇവിടെ ബുദ്ധനും ബോധിസത്വനും എല്ലാം തന്നെ താന്ത്രിക ദേവതകളായി മാറിത്തീരുന്നു. ഉദ്ദിഷ്ടകാര്യസിദ്ധിക്കുള്ള ഉപാസ്യദേവതകളായും രക്ഷകരായും വരദായികളായും ബൗദ്ധരും ബോധിസത്വരും ജനജീവിതത്തെ സ്വാധീനിച്ചു. അങ്ങനെ പ്രബോധനാത്മകവും ദാർശനികവുമായ ഒരു തലം നിലനിൽക്കെതന്നെ ബുദ്ധൻ അനുഷ്ഠാനപാരമ്പര്യമായി ചരിത്രത്തിലൂടെ ക്രമേണ ചലിക്കാൻ തുടങ്ങുകയും ചെയ്തു. വജ്രയാനബുദ്ധിസം ഉൾപ്പെടെയുള്ള ബൗദ്ധതാന്ത്രിക മാർഗ്ഗങ്ങൾ ഇത്തരത്തിൽ ഉരുവംകൊണ്ടവയാണ്. തദ്ദേശീയജനസംസ്‌കാരത്തിൽ പ്രബലരായിരുന്ന അനുഷ്ഠാനജീവിതങ്ങളെ ഉൾക്കൊള്ളുക എന്നത് ബൗദ്ധധർമ്മത്തിന്റെ അതിജീവനത്തിനും അനിവാര്യമായി തീർന്നിട്ടുണ്ടാവാം. ഇതാകട്ടെ, വ്യത്യസ്തങ്ങളായ താന്ത്രിക സംസ്‌കാരങ്ങളെ സൃഷ്ടിക്കുകയും ചെയ്തു. പൊതുവായി ഈ സാംസ്‌കാരിക ക്രമത്തെ 'താന്ത്രികബുദ്ധിസം' എന്നു വിളിക്കാം.
കേരളത്തിലെ കളമെഴുത്തുപാട്ടിലും, ക്ഷേത്രാനുഷ്ഠാനങ്ങളിലും വിവിധ ആചാരമുറകളിലും ബൗദ്ധതന്ത്രത്തിന്റെ സ്വാധീനത്തെ സംബന്ധിച്ച് ഗൗരവതരമായ അന്വേഷണങ്ങൾ നടന്നുവരുന്നുണ്ട്. തദ്ദേശീയ അയ്യപ്പ ആരാധനാവിശ്വാസക്രമങ്ങളിലുൾപ്പെടെ ബൗദ്ധസ്വാധീനം ദർശിക്കാം. അയ്യപ്പനെ ഒരു ബ്രാഹ്‌മണദേവതയായി അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അയ്യപ്പാരാധനയിൽ ആണ്ടുകിടക്കുന്ന ശരണമന്ത്രങ്ങൾ ബുദ്ധനിൽ നിന്നും ബൗദ്ധസംഘത്തിൽനിന്നും പുറപ്പെട്ടതാണ്. ഇത്തരം 'ശരണ വിളികൾ' ബ്രാഹ്‌മണമതത്തിന്റെ പൊതുപാരമ്പര്യത്തിൽ ദർശനനീയമല്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തിൽനിന്നും കണ്ടെടുക്കപ്പെട്ട ആര്യമഞ്ജുശ്രീയമൂലകല്പം എന്ന ബൗദ്ധതന്ത്രഗ്രന്ഥം ഇവിടെ പ്രചാരത്തിലുണ്ടായിരുന്ന ബൗദ്ധതന്ത്രസംസ്‌കാരത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. ബൗദ്ധതന്ത്രത്തെ ഖനനം ചെയ്‌തെടുക്കാൻ കഴിയുന്ന മറ്റ് രണ്ട് പ്രധാന ഗ്രന്ഥപാഠങ്ങൾ പന്ത്രണ്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഈശാനശിവഗുരുദേവപദ്ധതിയും, പതിനാറാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട തന്ത്രസാരസംഗ്രഹവുമാണ്. ബ്രാഹ്‌മണീകമായ ഈ തന്ത്രഗ്രന്ഥങ്ങളിൽ നിന്നും കേരളത്തിൽ ദമനം ചെയ്യപ്പെട്ട ബൗദ്ധതന്ത്രത്തിന്റെ ചരിത്രത്തെ ഖനനം ചെയ്‌തെടുക്കാൻ കഴിയും.
