പുതുമാങ്കനി, പൂത്തമൃതേ,
ഗുളമേ
മധുവേ, മധുരക്കനിയേ, രസമേ
വിധിമാധവരാദി
തിരഞ്ഞിടുമെൻ
പതിയേ, പദപങ്കജമേ ഗതിയേ
(ചിജ്ജഡചിന്തനം - ഗുരു)
നാരായണഗുരു ഒരു രാഷ്ട്രീയകാലാവസ്ഥയായി മാറിക്കഴിഞ്ഞ കേരളമാണിത്. ഒരു വ്യക്തി അങ്ങനെ മാറുന്നത് സാമൂഹികചരിത്രത്തിലെ അപൂർവമായ പ്രതിഭാസമാണ്. ഗുരുവിനെ സാമൂഹികപരിഷ്കർത്താവും ജാതിനിഷേധിയും യുക്തിവാദിയും ആത്മീയനേതാവും സമുദായാചാര്യനും കവിയും തത്ത്വചിന്തകനും ഒക്കെയായി ഏതാണ്ടു തുല്യനിലകളിലോ നേരിയ വ്യത്യാസങ്ങളോടെയോ കാണുന്ന ഒരു സമൂഹം അനിവാര്യമായി ഇവിടെ സംഭവിച്ചിരിക്കുന്നു. അങ്ങനെയെല്ലാം ചിന്തിക്കുന്നതിന്റെ കേന്ദ്രശില ഗുരുവിന്റെ ഏറ്റവും വലിയ പ്രതിഷ്ഠയായ 'ശ്രീനാരായണധർമ്മ'മാണ്. 'ജാതിഭേദം മതദ്വേഷം, യേതുമില്ലാതെ സർവരും, സോദരത്വേനവാഴുന്ന മാതൃകാസ്ഥാനമാണിത്' എന്ന സ്ഥലപരമായ വിശ്വദർശനമാണ് ശ്രീനാരായണധർമ്മം. അതിന്റെ പരിപാലനമാണ് അന്നും ഇന്നും എന്നും എസ്എൻഡിപിയുടെ പ്രത്യയശാസ്ത്രദൗത്യം.
ഗുരു ജീവിച്ചു തീർത്ത വർഷങ്ങൾ സുതാര്യമായി നമ്മുടെ മുന്നിലുണ്ട്. അത്ര ബൃഹത്താണ് ഗുരുവിനെ സംബന്ധിച്ച ജീവചരിത്രപരത. ഇന്ത്യയുടെ സാമൂഹികജീവിതത്തിൽ ഇത്ര ബഹുമുഖമായി ഒരു വ്യക്തിയുടെ ജീവിതം എഴുതപ്പെട്ടിട്ടില്ല. ഗുരു അരുവിപ്പുറത്തും മരുത്വാമലയിലും നയിച്ച അഗാധമായ അവധൂതജീവിതംപോലും സംശയങ്ങളില്ലാതെ ചരിത്രവത്കരിക്കപ്പെട്ടിട്ടുണ്ട്. ഈ ചരിത്രപരത, അഭിലഷണീയമായ അനേകം വൈരുദ്ധ്യങ്ങളിലൂടെ കേരളത്തിന്റെ മാനസികജീവിതത്തെ അസാധാരണമായി പുനർനിർമ്മിച്ചു എന്നത്, ഇനിയൊരാൾക്കും പൊളിച്ചുകളയാനാവാത്ത ഭൂതകാലമാണ്. സാമുദായികമോ രാഷ്ട്രീയമോ ആയ ഒരു പിന്തുണയുമില്ലാതെ ഏതൊരാൾക്കും ഗുരുധർമ്മം ഇന്ന് അനുഭവവേദ്യമാണ്. ഗുരു നമ്മുടെ ഇടയിലെല്ലാമുണ്ട്. അത്ര പ്രത്യക്ഷമാണ് ഗുരുധർമ്മത്തിന്റെ കാതൽ. എന്നാൽ, മെല്ലെമെല്ലെ ആ ധാർമ്മികതയെ ന്യൂനീകരിച്ച്, ജാതിമാത്രവാദമാക്കാൻ പരിശ്രമിക്കുന്ന പുതിയ സംഘാടനങ്ങളോട് ഇന്നു പൊരുതിനിൽക്കാത്ത പക്ഷം ഗുരുഅറിവ് (episteme narayanaguru) എന്ന അനുഭവസാഗരം നഷ്ടപ്പെട്ട് നാമൊരു സാംസ്കാരികസ്മൃതിനാശത്തിലേക്കു പോകാനുള്ള സാധ്യതയുണ്ട്.
