ആത്മകഥയിലെ ഇന്ത്യൻ കീഴാളഭൂപടം

Society

ആത്മകഥയിലെ ഇന്ത്യൻ കീഴാളഭൂപടം


കൈകളില്‍ വടികളുമായി ഭീഷണി ഉയര്‍ത്തിക്കൊണ്ട് എന്റെ മുന്‍പിൽ അണിനിരന്ന ഒരു ഡസന്‍ പാര്‍സികളെയും അവരോട് കാരുണ്യത്തിനായി കേണുകൊണ്ട് ഭയചകിതനായിനിന്ന എന്റെയും അവസ്ഥകൾ ഉള്‍ക്കൊള്ളുന്ന ആ രംഗം നീണ്ട പതിനെട്ട്‌ വര്‍ഷം പിന്നിട്ടിട്ടും ഇന്നും മനസ്സില്‍ മായാതെ അവശേഷിക്കുന്നു. അത് ഇന്നും വ്യക്തമായി ഓര്‍ക്കാൻ കഴിയുന്നുവെന്ന് മാത്രമല്ല, കണ്ണീരോടെയല്ലാതെ അതെനിക്ക് ഓര്‍മ്മിക്കുവാനും കഴിയുന്നില്ല. ഒരു ഹിന്ദുവിന് തീണ്ടിക്കൂടാത്ത ഒരു വ്യക്തി ഒരു പാര്‍സിക്കും അസ്പര്‍ശ്യനാണെന്നുള്ള കാര്യം ജീവിതത്തില്‍ ആദ്യമായി അന്നാണ് ഞാൻ മനസിലാക്കിയത് (ഡോ.ബി.ആര്‍. അംബേദ്കര്‍, ആത്മകഥാകുറിപ്പുകള്‍, പുറം. 16).

അംബേദ്കര്‍ ആത്മകഥയെഴുതിയിട്ടില്ല. വിവിധ വിഷയങ്ങളിലായി ആയിരക്കണക്കിന് പുറങ്ങളില്‍ പരന്നുകിടക്കുന്ന പണ്ഡിതോചിതമായ പ്രബന്ധങ്ങളും പ്രഭാഷണങ്ങളുമായി താരതമ്യം ചെയ്‌താല്‍ ഏതാണ്ട് ഇരുപത്തിയഞ്ചു പേജ്‌ മാത്രമാണ് തന്റെ സ്വന്തം ജീവിതത്തിലെ ചില അനുഭവങ്ങള്‍ കുറിക്കുവാനായി മാറ്റിവെച്ചത് എന്നത് ആരെയും അത്ഭുതപ്പെടുത്തും. ലോകത്തിലെ വിവിധ വന്‍കരകളിലായി വ്യാപിച്ചുകിടക്കുന്ന, ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലും അക്കാലത്തെ ഭരണതലത്തിന്റെ ഉന്നതവൃത്തങ്ങളുമായി ചിലവഴിച്ച അസാധാരണമായ അനുഭവങ്ങളുണ്ടായിട്ടും അതൊന്നും വിവരിക്കേണ്ടതില്ല എന്ന് അദ്ദേഹം തീരുമാനിച്ചത്തിന്റെ യുക്തിയെന്താവാം? എഴുതിയ ആത്മകഥാക്കുറിപ്പുകളാകട്ടെ ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ഉന്നതവിദ്യാഭ്യാസവും പദവികളും ഉണ്ടായിരുന്ന ഒരു മഹർ ചെറുപ്പക്കാരൻ യഥാക്രമം ഹിന്ദു, പാര്‍സി, മുസ്ലീം സമുദായത്തില്‍നിന്നും നേരിട്ട ക്രൂരമായ വിവേചനങ്ങളെക്കുറിച്ചും അതിന്റെ വ്യത്യസ്ത രീതികളെക്കുറിച്ചും പറയാനായിരുന്നു. യാത്രാസ്വാതന്ത്യം, കുടിവെള്ളമെന്ന മനുഷ്യന്റെ അടിസ്ഥാനാവകാശം, മാന്യമായി തൊഴിലെടുക്കാനുള്ള അവകാശം, അവഗണിതരും അസംഘടിതരുമായ മനുഷ്യരെ സംഘടിപ്പിക്കാനുള്ള അവകാശം എന്നീ നാലു പ്രമേയങ്ങളെ ഇന്ത്യന്‍സാഹചര്യത്തിൽ വിശകലനം ചെയ്യാനാണ് തന്റെ ജീവിതത്തിലെ ചില അനുഭവങ്ങളെ അംബേദ്‌കർ ഉപയോഗിച്ചതെന്ന്‍ ആത്മകഥാക്കുറിപ്പുകളിലൂടെ കടന്നുപോകുന്ന ഒരാള്‍ക്ക് ബോധ്യപ്പെടും. ഇന്ത്യൻ സാമൂഹിക –രാഷ്ട്രീയചരിത്രം പരിവര്‍ത്തനത്തിന്റെയും ഇളകിമറിയുന്ന രാഷ്ട്രീയസംവാദങ്ങളുടെയും സന്ദര്‍ഭത്തിൽ അതിന്റെ കേന്ദ്രമായിനിന്ന ഒരാൾ വ്യക്തിപരമായി ആഖ്യാനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ടതില്ലെന്ന്‍ തീരുമാനിച്ചത്തിന്റെ പിന്നിൽ ഉന്നതമായ ഒരു വിവേകം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. അതുകൊണ്ട് ഡോ. അംബേദ്‌കർ വൈകാരികവും ഭാവനാത്മകവുമായ ജീവിതസന്ദര്‍ഭങ്ങളെ അഭിമുഖീകരിച്ചിട്ടില്ല എന്ന് കരുതേണ്ടതില്ല.

അദ്ദേഹത്തിന്റെ രണ്ടാംഭാര്യയായ (ശാരദാ കബീർ) സവിത അംബേദ്കറുടെ മറാത്തിയിലെഴുതപ്പെട്ട (വിജയ്‌റാവു സുര്‍വാഡെയുടെ ദീര്‍ഘമായ നിര്‍ബന്ധംകൊണ്ട്, അദ്ദേഹം കേട്ടെഴുതാമെന്നു സമ്മതിച്ചതുകൊണ്ടാണ് ഇങ്ങനെ ഒരു ആത്മകഥയുണ്ടായത്) ഡോ. അംബേദ്കരന്‍ചയ സഹാവാസ്ത് (My Life with Dr. Ambedkar) എന്ന രചനയില്‍ ആരും ഇതുവരെ കാണാത്ത ഒരു അംബേദ്‌കറെ വരച്ചുചേര്‍ത്തിട്ടുണ്ട്. സവിത അംബേദ്കറുടെ മരണത്തിന്റെ (2003) ഇരുപത് വര്‍ഷം പിന്നിട്ടപ്പോൾ ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം പുറത്തിറങ്ങി. ഇത്രയുംകാലം ആരാലും ശ്രദ്ധിക്കപ്പെടാതെ ഈ പുസ്തകം മാറിയതെന്തുകൊണ്ട് എന്ന അത്ഭുതവും ഖേദവും ആമുഖക്കുറിപ്പിൽ വിവര്‍ത്തകനായ നദീം ഖാന്‍ പങ്കുവെക്കുന്നുണ്ട്.


Related Articles