ഹിമാലയ മലനിരകളിലെ ഇന്ത്യാ-ചൈനാ അതിർത്തിയിൽ, ഇന്ത്യയും ചൈനയുമായി തുടർന്നുകൊണ്ടിരിക്കുന്ന സംഘർഷഭരിതമായ അന്തരീക്ഷത്തിൽ ഇന്ത്യാ-ചൈനാ ബന്ധത്തിന്റെ ഭാവി എന്ന നിലയിൽ ഒരു പരിപ്രേക്ഷ്യം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. 2020 ജൂൺ മാസത്തിൽ ലഡാക്ക് പ്രവിശ്യയിലെ ഗാൽവൻ താഴ്‌വരയിൽ ഇന്ത്യയുടെ ഇരുപത് സൈനികരും ഇനിയും വ്യക്തമല്ലാത്ത എണ്ണത്തിൽ ചൈനീസ് സൈനികരും കൊല്ലപ്പെടുകയുണ്ടായി. ഈ സംഭവം ഏഷ്യയിലെ ഭൂരാഷ്ട്രതന്ത്രം (geographics) മാത്രമല്ല, ആഗോള രാഷ്ട്രീയത്തിലും വലിയ സ്വാധീനം ചെലുത്തുന്ന ഒന്നാണ്.
ഊതിപ്പെരുപ്പിച്ച ഒരു വാദമെന്നു തോന്നാമെങ്കിലും കുറേയധികം ദശാബ്ദങ്ങളായി ഇന്ത്യയും ചൈനയും ഊഷ്മളമായ അതിർത്തിബന്ധങ്ങൾ പുലർത്തിയിരുന്നു. 1962-ൽ നടന്ന ഇന്ത്യാ-ചൈനാ യുദ്ധത്തിൽ ഇന്ത്യയ്ക്ക് ഏകദേശം 23,200 സ്‌ക്വയർ കിലോമീറ്റർ ഭൂമി നഷ്ടപ്പെട്ടു. ചൈനയുടെ ഒരു പ്രധാന ആവശ്യം അവർ തെക്കൻ ടിബറ്റ് എന്നുവിളിക്കുന്ന അരുണാചൽപ്രദേശിന്റെ ഏകദേശം 92,000 സ്‌ക്വയർ കിലോമീറ്റർ സ്ഥലംകൂടി സ്വന്തമാക്കുക എന്നതാണ്. യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് ഇരുവശവുമായി ഹൈവേകളും ബങ്കറുകളും പണിതുയർത്തുമ്പോഴും അതൊക്കെ മിക്കപ്പോഴും ''വ്യത്യസ്ത അഭിപ്രായങ്ങൾ'' (different perception) എന്ന നിലയിൽ തള്ളിക്കളയുകയാണുണ്ടായിട്ടുള്ളത്.
പലപ്പോഴും ചെറിയ കൈയേറ്റങ്ങൾ ചൈന നടത്താറുണ്ടായിരുന്നെങ്കിലും കഴിഞ്ഞ 50 വർഷമായി യാതൊരു തരത്തിലുമുള്ള വെടിവെപ്പുകളും ഈ മേഖലയിൽ ഉണ്ടായിട്ടില്ല. അതിനാൽത്തന്നെ ഗാൽവൻ താഴ്‌വരയിലെ കൈയേറ്റം വളരെ ഗൗരവമുള്ളതാണ്. ഇപ്രാവശ്യത്തെ കൈയേറ്റങ്ങൾ പൊതുജനങ്ങളുടെ ഇടയിൽപോലും ചർച്ചയാകുകയും അത് ചൈനയുടെ പ്രസിഡന്റ് ഷിയുടെ കോലം കത്തിക്കുന്നതിലും ചൈനാനിർമ്മിത ഉപകരണങ്ങൾ ഉപേക്ഷിക്കുന്നതിനും കാരണമായി.
