കോവിഡ്-19 മഹാമാരി ലോകത്തെ നിയന്ത്രിക്കുവാൻ തുടങ്ങിയിട്ട് ആറുമാസത്തോളമായി. ഒരു വൈറസ് ലോകത്തിന്റെ ചാലകങ്ങളെ നിയന്ത്രിക്കുക എന്നത് ഒരുപക്ഷേ, കുറച്ചു മാസങ്ങൾക്ക് മുൻപുവരെ നമുക്ക് അവിശ്വസനീയമായി തോന്നിയേക്കാം. ഈ രോഗാവസ്ഥ മൂലം ജനങ്ങൾ ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള സാമ്പത്തിക അസമത്വങ്ങളും പട്ടിണിയും പലായനങ്ങളുംകൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. കൂടാതെ, കോവിഡ്കാലത്ത് ആരോഗ്യത്തെയും ചികിത്സയെയും സംബന്ധിച്ച ഒരുപാട് ചർച്ചകളും നാം കണ്ടു. ചികിത്സ എന്നത് കേവലം സമ്പത്തു കൈയാളുന്ന ഒരു വിഭാഗത്തിന്റെ കുത്തകയല്ലെന്നും അത് ഒരു രാഷ്ട്രം അതിലെ ജനതയ്ക്കു നൽകേണ്ട അവകാശമാണ് എന്നതും ഇതിൽ പ്രധാനമാണ്.
ആരോഗ്യം എന്നാൽ ഏതൊരു ആധുനിക ദേശത്തിന്റെയും ജീവിത നിലവാരത്തിന്റെ സൂചകമായാണു കണക്കാക്കുന്നത്. ലോകത്തിലെതന്നെ സാമ്പത്തിക വിദഗ്ദ്ധരുടെയും പഠിതാക്കളുടെയും ഇടയിൽ കൃത്യമായ ഒരു സ്ഥാനം നേടിയെടുത്ത സംസ്ഥാനമാണ് കേരളം. കേരളാ മോഡൽ വികസനം എന്നതിനെ ചുറ്റിത്തന്നെ നിരവധി പഠനങ്ങൾ നിലവിലുണ്ട്. കോവിഡ് വൈറസ് പടർന്നു പിടിച്ച ഈ സമയത്ത് കേരളത്തിലെ ആരോഗ്യമേഖലയുടെ ചരിത്രം വിവിധ തലങ്ങളിലായി പുതുക്കി വായിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് കേരളം നേരിട്ട മുൻകാല വൈറസുകളുടെ ചരിത്രവും അതിൽ നേടിയ വിജയവും എന്നതാണ് ജനപ്രിയ മേഖലയിയലെ മുഖ്യ ചർച്ച. എന്നാൽ തിരുവിതാംകൂർ, മിഷനറി പ്രസ്ഥാനം എന്നിവയിൽമാത്രം കേന്ദ്രീകരിച്ചാണ് ഈ ചർച്ചകൾ മുഴുവൻ വികസിക്കപ്പെട്ടത്. മലബാർ മേഖലയുടെ പ്രാതിനിധ്യമില്ലായ്മയാണ് ഈ പഠനങ്ങളുടെ എല്ലാം അടിസ്ഥാന പോരായ്മ. ഇത്തരത്തിൽ ചരിത്രരചനയിൽ നടത്തുന്ന ഒഴിവാക്കലുകളിൽ മലബാർ പ്രദേശത്തിലെ ആരോഗ്യമേഖലയിലെ പരിണാമദിശകളിൽ ചില മുഹൂർത്തങ്ങളെ അടയാളപ്പെടുത്താനുള്ള ശ്രമമാണ് ഈ ലേഖനം. അതായത് ഭരണകൂടം പൊതുജനാരോഗ്യം മെച്ചപ്പെടുത്തുവാൻ വേണ്ടി എന്തെല്ലാം നടപടികളും സൗകര്യങ്ങളും നടപ്പിലാക്കി എന്ന് പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് മലബാറിലെ, പ്രത്യേകിച്ച് കോഴിക്കോട് പട്ടണത്തിലെ, ആരോഗ്യ സംവിധാനങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷിക്കുകയാണ് ഈ ലേഖനത്തിൽ ചെയ്യുന്നത്.
കോവിഡ് നിർമ്മിച്ച ആരോഗ്യ ചരിത്രരചനകൾ
