മരണത്തോടുള്ള  മനോഭാവങ്ങൾ

Society

മരണത്തോടുള്ള മനോഭാവങ്ങൾ


നുഷ്യർക്ക് മരണത്തെ കടത്തിവെട്ടുവാനും തോല്പിക്കുവാനും കഴിയുമെന്ന വിശ്വാസത്തിന്റെ പുറത്താണ് ആധുനികലോകം രൂപപ്പെടുത്തിയിരിക്കുന്നത്. വിപ്ലവാത്മകമായ ഒരു പുത്തൻ മനോഭാവമായിരുന്നു അത്. ചരിത്രത്തിൽ അധികപങ്കും മനുഷ്യർ അബലരായി മരണത്തിനു കീഴടങ്ങുകയാണു ചെയ്തിട്ടുള്ളത്. ആധുനികകാലഘട്ടത്തിൽ ഈയടുത്തകാലംവരെ ഒട്ടുമിക്ക മതങ്ങളും പ്രത്യയശാസ്ത്രങ്ങളും മരണത്തെ നമ്മുടെ അനിവാര്യമായ വിധിയായും എന്നാൽ ജീവിതത്തിന് അർത്ഥംനൽകുന്ന മുഖ്യസ്രോതസ്സായും കണ്ടുപോന്നു. അവസാനശ്വാസമെടുത്തുകഴിഞ്ഞശേഷം മാത്രമാണ് മനുഷ്യന്റെ അസ്തിത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പലതും സംഭവിക്കുക, ജീവിതത്തിന്റെ പരമമായ രഹസ്യങ്ങൾ അപ്പോൾ മാത്രമാണ് നിങ്ങൾക്കു മനസ്സിലാകുക. അപ്പോൾമാത്രമാണ് നിങ്ങൾക്കു നിത്യമായ മോക്ഷം ലഭിക്കുക, അല്ലെങ്കിൽ അവസാനമില്ലാത്ത നാശത്തിലേക്കു നിങ്ങൾ വീഴുക. മരണമില്ലാത്ത ഒരു ലോകത്തിൽ അതുകൊണ്ടുതന്നെ സ്വർഗ്ഗമോ നരകമോ പുനർജന്മമോ ഇല്ലാത്ത ലോകത്തിൽ ക്രിസ്തുമതം, ഇസ്‌ലാം, ഹിന്ദുമതം തുടങ്ങിയ മതങ്ങളെല്ലാംതന്നെ നിരർത്ഥകമായിമാറും. ചരിത്രത്തിലുടനീളം ഏറ്റവും കൂർമ്മമായ ധിഷണകളെല്ലാം ശ്രമിച്ചുകൊണ്ടിരുന്നത് മരണത്തിന് അർത്ഥം നൽകുവാനാണ്, അല്ലാതെ അതിനെ തോല്പിക്കുവാനല്ല.

ഗിൽഗമെഷിന്റെ ഇതിഹാസം, ഓർഫിയസിന്റെയും യൂറിഡൈസിന്റെയും പുരാണകഥ, ബൈബിൾ, ഖുർ ആൻ, വേദങ്ങൾ എന്നുതുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിശുദ്ധഗ്രന്ഥങ്ങളും കഥകളും ആശയറ്റ മനുഷ്യരോട് ക്ഷമാപൂർവം പറഞ്ഞുകൊണ്ടിരുന്നത് ദൈവമോ പ്രപഞ്ചശക്തിയോ പ്രകൃതിമാതാവോ നിശ്ചയിച്ചതുകൊണ്ടാണ് നാം മരിക്കുന്നതെന്നും വിധിയെ വിനയത്തോടും സൗമനസ്യത്തോടുംകൂടി സ്വീകരിക്കണമെന്നുമാണ്. ഒരുപക്ഷേ, ദൈവം എന്നെങ്കിലും ക്രിസ്തുവിന്റെ രണ്ടാംവരവുപോലെയുള്ള ഏതെങ്കിലുമൊരു അതീന്ദ്രിയമായ നീക്കത്തിലൂടെ മരണത്തെ നിരോധിച്ചു എന്നുവരാം. എങ്കിലും അത്തരം വിപ്ലവങ്ങൾ സംഘടിപ്പിക്കുന്നത് മജ്ജയും മാംസവുമുള്ള മനുഷ്യരുടെ തലത്തിനപ്പുറത്താണ്.

അങ്ങനെയിരിക്കെയാണ് ശാസ്ത്രവിപ്ലവം വന്നത്. ശാസ്ത്രജ്ഞർക്ക് മരണം ദൈവത്തിന്റെ ഉത്തരവല്ല വെറുമൊരു സാങ്കേതികപ്രശ്‌നം മാത്രമാണ്. ദൈവം പറഞ്ഞതുകൊണ്ടല്ല മനുഷ്യർ മരിക്കുന്നത്, സാങ്കേതികമായ ചില വീഴ്ചകൾകൊണ്ടാണ്. ഹൃദയം രക്തം പമ്പ്‌ചെയ്യുന്നത് നിർത്തുന്നു. കാൻസർ കരളിനെ കേടുവരുത്തുന്നു. ശ്വാസകോശങ്ങളിൽ വൈറസുകൾ പെരുകുന്നു. ഈ സാങ്കേതികപ്രശ്‌നങ്ങൾക്കെല്ലാം എന്താണ് ഉത്തരവാദി? മറ്റുചില സാങ്കേതികപ്രശ്‌നങ്ങൾ. വേണ്ടത്ര ഓക്‌സിജൻ ഹൃദയപേശികളിലേക്ക് എത്താത്തതുകൊണ്ടാണ് ഹൃദയം രക്തം പമ്പ്‌ചെയ്യുന്നത് നിർത്തിയത്. ആകസ്മികമായ ചില ജനിതക ഉൾപരിവർത്തനങ്ങൾ (mutations) മൂലമാണ് കാൻസർ കോശങ്ങൾ കരളിൽ പടർന്നത്. ബസ്സിൽ ആരോ തുമ്മിയതുകൊണ്ടാണ് എന്റെ ശ്വാസകോശങ്ങളിൽ വൈറസുകൾ പെരുകിയത്. അതിൽ അതീന്ദ്രിയമായി ഒന്നുമില്ല.


Related Articles