''ഞങ്ങള് സാധാരണക്കാർക്ക് ഈ ഡാറ്റകൊണ്ട് എന്ത് വന്നാലും കുഴപ്പമില്ല. ഞങ്ങൾക്ക് ഇപ്പൊഴത്തെ ജീവിതമാണ് വലുത്. ഞങ്ങൾക്ക് ഈ ഡാറ്റ എന്താണ് ചെയ്യുന്നതെന്ന് അറിയണ്ട, കേരളത്തിലെ സർക്കാർ ഈ ദുരിതത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കും എന്നകാര്യത്തിൽ ഉറപ്പുണ്ട്. ചാരക്കേസും ലാവലിൻ കേസും പൊലെ ഈ ഡാറ്റാകേസും കൊണ്ടുനടക്കാനുള്ള പരിപാടിയാണ് പ്രതിപക്ഷത്തിന്''.
സ്പ്രിൻക്ലർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലിൽ വലിയ തോതിൽ ഷെയർ ചെയ്യപ്പെട്ട ഒരു വീഡിയോയിൽ, വീട്ടമ്മയെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ പറഞ്ഞ വാക്കുകളാണിത്. തനിക്ക് രാഷ്ട്രീയമില്ലെന്നും എന്നാൽ പ്രളയവും നിപ്പയും ഓഖിയും കടന്നുവന്ന് കൊറോണയിൽ എത്തിനിൽക്കുന്ന ദുരന്തങ്ങളിൽ നമ്മളെ നയിച്ച പിണറായി വിജയൻ സർക്കാറിലുള്ള വിശ്വാസം അത്രത്തോളമുണ്ടെന്നും ഈ വീഡിയോയിൽ വീട്ടമ്മ പറയുന്നു.
കൊറോണയെ കേരളം എങ്ങനെയാണ് നേരിടുന്നതെന്നും പ്രളയത്തെ എങ്ങനെയാണ് നേരിട്ടുകഴിഞ്ഞതെന്നും മനസ്സിലാക്കുന്ന ഒരു സാധാരണ മലയാളിയുടെ പൊതുബോധത്തിൽ നിന്നാണ് ഇവർ ഇങ്ങനെ പറയുന്നത്. കൊറോണയെ നേരിടുന്ന കാര്യത്തിൽ കേരളസർക്കാർ എടുത്തിട്ടുള്ള അതിവിപുലമായ മുന്നൊരുക്കങ്ങൾ ശ്രദ്ധേയമാണ്. ആ കേരളമാതൃക ഇന്ന് അന്താരാഷ്ട്രശ്രദ്ധ ആർജിച്ചതുമാണ്.
