ബ്രിട്ടിഷ് മലബാറിലെ ചെറുമ വിദ്യാഭ്യാസം

Society

ബ്രിട്ടിഷ് മലബാറിലെ ചെറുമ വിദ്യാഭ്യാസം


ധുനിക (ഇംഗ്ലിഷ്) വിദ്യാഭ്യാസം ഇന്ത്യയിൽ ആരംഭിച്ചതും ഇന്ത്യയിലെമ്പാടും അതു വ്യാപകമായതും പത്തൊമ്പതാം നുറ്റാണ്ടിലായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോൾ, അതായത് ആധുനിക (ഇംഗ്ലിഷ്) വിദ്യാഭ്യാസം ആരംഭിച്ച് ഒരു നൂറ്റാണ്ടു കഴിഞ്ഞപ്പോൾ, മാത്രമാണ്  ഇന്ത്യയിലെ മുൻ അടിമജാതികളിൽ ഈ വിദ്യാഭ്യാസം എത്തിയത്. ഇന്ത്യയിലെ  ഉയർന്ന ജാതിയിൽപ്പെട്ടവർക്കു  വിദ്യാഭ്യാസം നൽകി അവരെ  സർക്കാർ ഉദ്യോഗസ്ഥരാക്കി ബ്രിട്ടീഷ് കോളനി ഭരണം സുസ്ഥിരമാക്കുകയായിരുന്നു ബ്രിട്ടീഷ് തന്ത്രം. അതുകൊണ്ട് ഇന്ത്യൻ സമൂഹത്തിലെ ഏറ്റവും അടിത്തട്ടിൽ കഴിഞ്ഞിരുന്ന അടിമജാതികളിൽ ആധുനികതയുടെ പ്രകാശകിരണമായ വിദ്യാഭ്യാസം വൈകിമാത്രമാണ് എത്തിയത്.

ബ്രിട്ടീഷ് കോളനി ഭരണത്തിനു മുൻപ് ഇന്ത്യയിലെ മറ്റു സമുദായാംഗങ്ങൾക്കു നാടൻ (സാമ്പ്രദായിക)   വിദ്യാഭ്യാസം ലഭ്യമായിരുന്നപ്പോൾ അന്ന് ഇന്ത്യയിലെ അടിമജാതികൾക്ക് യാതൊരുവിധ വിദ്യാഭ്യാസവും ലഭിച്ചിരുന്നില്ലെന്ന് ഓർക്കണം. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിന്റെ ഡിമാൻഡ് (ആവശ്യബോധം) അടിമജാതികളുടെ ഇടയിൽ വളർന്നുവരേണ്ടത് അവരുടെ ഇടയിലെ വിദ്യാഭ്യാസ വ്യാപനത്തിന് വളരെ പ്രധാനപ്പെട്ട ഒരു മുന്നുപാധിയായിരുന്നു. ഈ മുന്നുപാധി ഇന്ത്യയിൽ എല്ലായിടത്തും എന്നുവേണ്ട കേരളക്കരയിലെ വിവിധ ഭാഗങ്ങളിലും വളർന്നു വന്നത് വ്യത്യസ്ത രീതിയിലും വേഗത്തിലുമാണ്. അതാതു പ്രദേശത്തിന്റെ സമൂർത്ത സാഹചര്യങ്ങളിലെ വ്യത്യാസം അനുസരിച്ചു വിദ്യാഭ്യാസ വ്യാപനത്തിന്റെ ഗതിവേഗത പല പ്രദേശങ്ങളിലും ഒരേ പ്രദേശത്തുതന്നെ വിവിധ സാമൂഹ്യ വിഭാഗങ്ങളുടെ ഇടയിലും വ്യത്യസ്തമായിരുന്നു. ഈ ലേഖനം മലബാറിലെ ചെറുമർ ഉൾപ്പെടെയുള്ള മുൻ അടിമജാതികളുടെ (പറയർ, പുലയർ തുടങ്ങിവർ) പത്തൊമ്പതാം നൂറ്റാണ്ടിലെ വിദ്യാഭ്യാസ പുരോഗതി പരിശോധിക്കുന്നു.

ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാർ ജില്ലയിലെ മുൻ അടിമ ജാതികളുടെ വിദ്യാഭ്യാസ പ്രോത്സാഹന നടപടികൾ അവരുടെ  ആകമാന ജീവിതസാഹചര്യം മെച്ചപ്പെടുത്തുവാൻ മലബാർ ജില്ലയിലെ ബ്രിട്ടീഷ് ഭരണകൂടം നടത്തിയ ശ്രമങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. മലബാറിലെ അടിമകളുടെ വിദ്യാഭ്യാസ പുരോഗതിക്കുള്ള മാർഗ്ഗങ്ങളിൽ, ബ്രിട്ടീഷ് ഇന്ത്യയോട്  മലബാർ  കൂട്ടിച്ചേർക്കപ്പെട്ട  1800 മുതൽ ജില്ലാ ഉദ്യോഗസ്ഥർ ഗൗവരമായി ശ്രദ്ധിച്ചിരുന്നു. ഈ വിഷയത്തിൽ മലബാറിലെയും പ്രവിശ്യ ആസ്ഥാനമായ മദ്രാസിലെയും ബ്രിട്ടീഷ് ഇന്ത്യയുടെ അന്നത്തെ തലസ്ഥാനമായിരുന്ന കൽക്കട്ടയിലെയും   ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കിടയിൽ   ധാരാളം കത്തിടപാടുകൾ നടന്നിരുന്നു. ആ കത്തുകളിലെ ഉള്ളടക്കത്തെ ആധാരമാക്കിയാണ് ഈ ലേഖനം തയ്യാറാക്കപ്പെട്ടിരിക്കുന്നത്. മിഷണറി, വിദ്യാഭ്യാസ സംരംഭങ്ങളും മറ്റു സ്വകാര്യ വിദ്യാഭ്യാസ സംരംഭങ്ങളും മലബാറിൽ താരതമ്യേന കുറവായിരുന്നെങ്കിലും അവ ഈ ലേഖനത്തിന്റെ കേന്ദ്ര പ്രതിപാദ്യമല്ല. 


Related Articles