ഇന്ത്യയെ ഇന്ത്യയായിത്തന്നെ നിലനിര്‍ത്തുകയെന്ന രാഷ്ട്രീയജാഗ്രത ഒരു പൗരബോധമായി മുന്നേറുമ്പോള്‍ മാത്രമാണ് നമ്മുടെ രാഷ്ട്രം വളരുന്നത്. ഭാരതമോ ഭാരതത്തിന്റെ തന്നെ അന്തര്‍രൂപമായ ആര്യാവര്‍ത്തമാണോ? അല്ലെങ്കില്‍ ബ്രിട്ടീഷ്-ബ്രിട്ടീഷാനന്തരം പൗരാണിക വിശുദ്ധിയില്‍നിന്ന് കളങ്കിതമായി രൂപപ്പെട്ട ഇന്ത്യയാണോ തുടരേണ്ടത്? പൗരാണികആര്‍ഷത്തില്‍ അതായത് ശ്രേണീകൃത അസമത്വ-ആഭ്യന്തരകൊളോണിയലിസത്തില്‍നിന്നും വിച്ഛേദിക്കപ്പെടുന്ന ഇന്ത്യയാണോ രൂപംകൊള്ളേണ്ടത് എന്നുള്ള ചോദ്യങ്ങളും അവകാശവാദങ്ങളും ഇന്ത്യന്‍ദേശീയചരിത്രത്തിലെ വൈരുദ്ധ്യാത്മക നിലപാടുകളായിരുന്നു. ഇന്ത്യന്‍ദേശീയതയുടെ ചരിത്രത്തെ പ്രശ്ന വല്‍ക്കരിച്ചുകൊണ്ട്മാത്രമേ നമുക്ക് സമകാലികമായി ‘ഇന്ത്യ’യെ സംരക്ഷിക്കാനും നയിക്കാനും സാധിക്കുകയുള്ളൂ. ഇന്ത്യയെ ഏകമതാത്മകതയില്‍ രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും അതിനോട് എതിരിട്ടുകൊണ്ട് മതവൈവിധ്യബഹുസ്വരതയില്‍ ഇന്ത്യയെ നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങളും ഒരേസമയം തന്നെ നടക്കുന്നുണ്ട്. ആ ഘട്ടത്തിലെ ഇന്ത്യന്‍മാധ്യമങ്ങളുടെ രാഷ്ട്രീയകാഴ്ചപ്പാടുകളെ സംബന്ധിച്ച ചരിത്രപരമായ പരിശോധന ഇവിടെ പ്രസക്തമാണ്. ഇന്ത്യന്‍ജനസാമാന്യത്തിന്റെ സാംസ്കാരികബോധത്തെ പൗരാണികമായി ക്രമീകരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച മാധ്യമസ്ഥാപനമാണ് ഗീതാപ്രസ്സ്. ഗാന്ധി-അംബേദ്കര്‍ വിരുദ്ധതയിലും മുസ്‌ലിം വിദ്വേഷത്തിലും അടിയുറച്ച ഗീതാപ്രസ്സിന്റെ നാള്‍വഴികളും അംബേദ്കറിന്റെ ഹിന്ദുരാഷ്ട്രവിരുദ്ധ മാധ്യമപ്രവര്‍ത്തനങ്ങളെയും അപഗ്രഥനവിധേയമാക്കാനാണ് ഈ പഠനം ശ്രമിക്കുന്നത്.
ഹിന്ദുരാഷ്ട്രഭാവനകളും ഗീതാപ്രസ്സും
ഇന്ത്യന്‍ദേശീയതയുടെ സാംസ്‌കാരിക/രാഷ്ട്രീയചരിത്രത്തിനകത്ത് അക്രാമകമായൊരു ഹിന്ദുദേശീയവാദത്തെ പ്രചുരപ്രചാരമാക്കിയതില്‍ നിര്‍ണ്ണായകമായി പ്രവര്‍ത്തിച്ച അച്ചടിവ്യവസായ സംരംഭമാണ് ഗീതാപ്രസ്സും അതിന്റെ കല്യാണ്‍ മാസികയും. 1923 ഏപ്രിലില്‍ ഭഗവദ്ഗീതയുടെ ആദ്യവിവര്‍ത്തനത്തോടെയാണ് ഗീതാപ്രസ്സ് ആരംഭിക്കുന്നത്. 1 ബംഗാളിലെ ബങ്കുര കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന സഞ്ചാരപ്രകൃതനായ മാര്‍വാരി വ്യാപാരിയായിരുന്ന ജയ്ദയാല്‍ ഗോയന്ദ്ഖയുടെ "ഗീതാഭക്തി' യില്‍ നിന്നാണ് ഹിന്ദുരാഷ്ട്രസങ്കല്പങ്ങളെ ബലപ്പെടുത്തുന്ന അച്ചടിവ്യവസായം അങ്കുരിക്കുന്നത്. ഗോയ്ന്ദ്ഖ തന്റെ വ്യാപാരസമയത്തിനിടയിലെ ഒഴിവുവേളകളില്‍ ഗീതാപാരായണത്തിനും സംവാദത്തിനും മാറ്റിവെക്കുകയും ക്രമേണ തന്റെ നിലവിലുള്ള വ്യാപാരത്തില്‍ (പാത്രക്കച്ചവടം) വിമുഖനാവുകയും ചെയ്തു. വിപുലമായ സുഹൃദ്‌സംഘങ്ങളിലൂടെ ഗീതാസംവാദം കാര്യക്ഷമമാക്കുന്നതിനായി കല്‍ക്കട്ടയിലെ ബന്‍സ്റ്റല്ല സ്ട്രീറ്റില്‍ 1922-ല്‍ സ്ഥാപിച്ച ഗോവിന്ദ് ഭവന്‍ ഹിന്ദുമതസംവാദകേന്ദ്രമായി. ഗീതാസംവാദങ്ങളുടെ താത്പര്യങ്ങളില്‍ നിന്നും നാമ്പെടുക്കുന്ന ഈ മതാത്മകസംരംഭം പിന്നീട് സാമുദായികവിഭാഗീയതയുടെയും ഇതരമതദ്വേഷത്തി (പ്രത്യേകിച്ച് മുസ്‌ലിം) ന്റെയുമൊക്കെ വിഭാഗീയരാഷ്ട്രീയത്തെ നിരന്തരം അഭിസംബോധന ചെയ്തുകൊണ്ടാണ് വളര്‍ന്നുപന്തലിക്കുന്നത്. കച്ചവടവും മതവും ധ്രുവീകരണരാഷ്ട്രീയവുമൊക്കെ ഇടകലര്‍ന്ന ചരിത്രമാണ് ഗീതാപ്രസ്സിന്റെ നാള്‍വഴികള്‍.
