ലിംഗപദവിയും  സാമൂഹികതയും

Society

ലിംഗപദവിയും സാമൂഹികതയും


എല്ലാ സാഹിത്യ ചരിത്രങ്ങളും എഴുത്തുകാരാൽ സമ്പുഷ്ടമാണ്. എന്നാൽ എഴുത്തുകാരികൾ ചില കാലങ്ങളിൽ അപൂർവമായി പ്രത്യക്ഷമാവുന്നുണ്ടെങ്കിലും കൂടുതലും കാണാമറയത്തു തന്നെയായിരുന്നു. വിദ്യാസമ്പന്നരായ സമ്പന്ന കുടുംബങ്ങളിൽപെട്ട ചില സ്ത്രീകൾ മാത്രമാണ് അപൂർവമായെങ്കിലും ചരിത്ര താളുകളിൽ ഇടം പിടിച്ചിട്ടുള്ളത്. പൗരാണിക ഗ്രീക്ക് മിത്തോളജി പ്രകാരം സാഹിത്യത്തിന്റെയും ശാസ്ത്രത്തിന്റെയും കലയുടേയുമെല്ലാം ദേവത (Muses) സ്ത്രീയായിരുന്നിട്ടും, എഴുത്തുകാരികൾ എന്തേ പിറക്കാതെ പോയി? മിൽറ്റന്റെ പാരഡൈസ് ലോസ്റ്റ് തുടങ്ങുന്നത് എഴുത്തിന്റെ ദേവതകളുടെ കടാക്ഷം കൊണ്ടാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ചിന്തകൾക്ക് ലിംഗവ്യത്യാസമുണ്ടോ? സ്ത്രീകളെ പ്രസാദിപ്പിക്കാൻ എഴുത്തിന്റെ ദേവതകൾക്ക് കഴിയാഞ്ഞിട്ടാണോ? എന്തുകൊണ്ടാണ് പുരുഷന്മാരെ പോലെ സ്ത്രീകൾ ചിന്തിക്കുകയും എഴുതുകയും ചെയ്യാതിരുന്നത്? എന്തുകൊണ്ടാണ് പല പുരുഷന്മാരും എഴുത്തെന്ന മാധ്യമത്തിൽ ഭ്രമിക്കപ്പെടുകയും അമൂല്യങ്ങളായ പല രചനകൾക്കും സ്രഷ്ടാവാകുകയും ചെയ്യുമ്പോഴും പ്രശസ്തിയുടെ അത്യുന്നതികൾ കയറിയിട്ടും ഒരു എഴുത്തുകാരിയാവുക എന്ന ആഗ്രഹത്തിൽ സ്ത്രീകൾ ഭ്രമിക്കപ്പെടാതിരുന്നത്? അതോ എഴുത്തിന്റെ സ്ഫുരണങ്ങൾ നാമ്പിട്ടപ്പോൾതന്നെ അവരെ കല്ലെറിഞ്ഞു വീഴ്ത്തിയിട്ടാണോ? അതോ എഴുതിയത് പുറത്ത് പറയാനുള്ള ഭയം കൊണ്ടായിരുന്നോ? അതുമല്ലെങ്കിൽ എഴുതിയതിന് അതർഹിക്കുന്ന പ്രാധാന്യം നൽകാതെ അവഗണിച്ചതാണെന്നോ? സാഹിത്യ ചരിത്ര വായനയോ ചരിത്രവായനയോ നടത്തുന്ന ഏതൊരു കുട്ടിയും സ്വാഭാവികമായ് ചോദിക്കാവുന്ന ഒരു ചോദ്യമാണ് എന്തു കൊണ്ടാണ് ഇവയെല്ലാം കഴിവൊത്ത പുരുഷ പ്രജകളാൽ സമ്പുഷ്ടമായിരിക്കുന്നതെന്നും, നമുക്ക് ഹീറോകൾ മാത്രമേ ഉള്ളുവെന്നും. പുരുഷന്റെയും സ്ത്രീയുടെയും കഴിവുകൾക്ക് ലിംഗപദവിയും സാമൂഹികതയും ആയി എന്തെങ്കിലും ബന്ധമുണ്ടോ?.

എന്താണ് സർഗാത്മകത? ഒരു മാനസിക ശേഷിയെന്ന നിലയിൽ സർഗാത്മകതയെ ആഴത്തിൽ പഠിക്കാൻ വിവിധ മനഃശാസ്ത്ര ശാഖകൾ ശ്രമിച്ചിട്ടുണ്ട്. ചേഷ്ടാവാദം (Behaviourism) സർഗാത്മകതയെ പ്രോത്സാഹനത്തിലൂടെയും, പ്രതിഫലം/ സമ്മാനം (Reward) നല്കുന്നതിലൂടെയും വളർത്തിയെടുക്കാവുന്ന ഒരു രേഖീയ (linear) സ്വഭാവരൂപീകരണ പ്രക്രിയയായാണ് കാണുന്നത്. അതിന്റെ ഉറവിടങ്ങളെയും തുടർപ്രക്രിയയെയുംകുറിച്ചും വിശദമായി അപഗ്രഥിക്കാൻ ശ്രമിച്ചത് മനോവിശകലന (sPycho-analytic) സിദ്ധാന്തങ്ങളാണ്. അത് സർഗാത്മകതയെ, ഉപബോധ അബോധ മനസ്സുകളുടെ പ്രവർത്തന ഫലമെന്നും, മനസ്സിന്റെതന്നെ സ്വയം വിമലീകരിക്കാനുള്ള (Catharsis) ത്വരയുടെ ഭാഗമാണെന്നും വിലയിരുത്തി. പിന്നീട് വന്ന മനഃശാസ്ത്രകാഴ്ചപ്പാടുകൾ സർഗാത്മക കഴിവുകളെ സാമാന്യ ചിന്തയുടെ ഭാഗമായും ഒരു വിശ്വമാനവ പ്രകൃതിയായുമാണ് അടയാളപ്പെടുത്തുന്നത്. ഈ നിർചനങ്ങളിലെല്ലാം സർഗാത്മകതയെ ഒരു വ്യക്ത്യാധിഷ്ഠിത കഴിവായാണ് പരിഗണിക്കുന്നത്. സർഗാത്മകതയെ കുറിച്ച് ആദ്യ കാലങ്ങളിൽ നടന്ന പഠനങ്ങളൊന്നും തന്നെ മനുഷ്യനെന്ന സാമൂഹ്യജീവിയിൽ കുടുംബവും സമൂഹവും സംസ്‌കാരവും വിദ്യാഭ്യാസവും വരുത്തിയേക്കാവുന്ന മാറ്റങ്ങളെ സ്പർശിക്കുന്നേയില്ല. സർഗാത്മകതയെ വ്യക്ത്യാധിഷ്ഠിത കഴിവായി പരിഗണിക്കുമ്പോൾ കഴിവുകളിൽ ലിംഗവ്യത്യാസം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരുന്നുമില്ല. ആയതിനാൽ സ്ത്രീകൾ കഴിവുകളിൽ ഒട്ടും പുറകിലല്ലായിരുന്നുവെന്നും ഉറപ്പിക്കാം. സർഗാത്മകത എന്നത് വിവിധ വ്യവഹാര രൂപങ്ങളിലായി വ്യാപാരിച്ചിരിക്കുന്ന ഒന്നാണ്. എഴുതാനും വരയ്ക്കാനുംആലങ്കാരിക ഭാഷയിൽ സംസാരിക്കുന്നതും നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഒക്കെയുള്ള കഴിവുകൾ ഉൾപ്പെടുന്നു. ഇതിൽ സർഗാത്മക രചനയ്ക്കുള്ള കഴിവുകളെ മാത്രമാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.


Related Articles