കേരളീയ സമൂഹത്തിലെ പ്രധാനപ്പെട്ട രണ്ട് വസ്ത്രവിവാദങ്ങളാണ് യേശുദാസിന്റെയും ഡോ. ഫസൽ ഗഫൂറിന്റെയും പ്രസ്താവനകളെ ചുറ്റിപ്പറ്റി ഈയിടെയുണ്ടായത്. ഇരുവർക്കുമെതിരേ രംഗത്തുവന്നത് പരസ്പര വിരുദ്ധദിശയിൽ ചിന്തിക്കുന്ന രണ്ടു കൂട്ടരാണ്. 'അവരിലാർക്കാണ് കൂടുതൽ അസഹിഷ്ണുതയെന്ന് നാം മനസ്സിലാക്കിയത് ഫസൽ ഗഫൂറിന് കിട്ടിയ ന്യൂനപക്ഷ കമ്മീഷന്റെ നോട്ടീസിൽനിന്നാണ്. മനുഷ്യാവകാശം പ്രസംഗിക്കുന്നവരൊക്കെ ഇക്കാര്യം അത്ര ഗൗരവത്തിലെടുത്തതായി തോന്നിയില്ല. ഫസൽ ഗഫൂറിനെ പിന്തുണച്ചുകൊണ്ടുള്ള പ്രതികരണങ്ങൾക്ക് ശക്തി കുറവായിരുന്നു. മുഖം മറയ്ക്കൽ മതപരമായ അവകാശമാണെന്ന് സ്ഥാപിക്കുന്നതിലായിരുന്നു മറുഭാഗത്തിന്റെ ശ്രദ്ധ. ഈ 'സന്ദർഭത്തിൽ പർദ്ദയുടെ, വിശിഷ്യാ മുഖം മറച്ചുള്ള പർദ്ദയുടെ ഇസ്ലാമികമായ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു ചർച്ചയാണിവിടെ ഉദ്ദേശിക്കുന്നത്.
മനുഷ്യനെ മൃഗങ്ങളിൽനിന്നു വേർതിരിക്കുന്നത് മനുഷ്യസംസ്കാരമാണ്. ജൈവപരിണാമത്തിന്റെ അത്രതന്നെ പ്രാധാന്യം സാംസ്കാരികപരിണാമത്തിനുണ്ട്. സാംസ്കാരികപരിണാമത്തിന്റേതായി ഇന്ന് മനുഷ്യർക്കിടയിൽ നിലനില്ക്കുന്ന അടയാളങ്ങളിൽ വസ്ത്രധാരണത്തിന് തീരെ അവഗണിക്കാനാവാത്ത പ്രാധാന്യമുണ്ട്. മനുഷ്യരെപ്പോലെ വ്യവസ്ഥാപിതമായി വസ്ത്രം ധരിക്കുന്ന മറ്റൊരു ജീവിവർഗ്ഗം ഭൂമുഖത്തില്ല. പല കാരണങ്ങളാണ് വസ്ത്രധാരണത്തിന്റെ ഉത്പത്തിക്കു പിന്നിൽ പ്രവർത്തിച്ചത്. പാരിസ്ഥിതികമായ കാരണങ്ങൾക്കാണ് അവയിൽ കൂടുതൽ പ്രാധാന്യം. അസഹ്യമായ കാലാവസ്ഥാവ്യതിയാനങ്ങളിൽനിന്ന് ശരീരത്തെ രക്ഷിക്കാൻ വസ്ത്രം ആവശ്യമായിരുന്നു. അധിനിവേശങ്ങളും ദേശാടനങ്ങളും മനുഷ്യന്റെ സാന്നിധ്യം ഒരു ആഗോളപ്രതിഭാസമാക്കി മാറ്റി. സാധാരണഗതിയിൽ എല്ലാ ജീവികൾക്കും അവയുടെ ആവാസവ്യവസ്ഥയ്ക്കിണങ്ങിയ അനുകൂലനങ്ങൾ തൊലിയുടെ ഘടനയിലും 'മറ്റുമായി പ്രകൃതിതന്നെ നല്കിയിട്ടുണ്ട്. തണുപ്പുള്ള പ്രദേശങ്ങളിൽ ജീവിക്കുന്ന ജീവികളിൽ കാണുന്ന കട്ടിയിൽ കൊഴുപ്പും ഇടതൂർന്നു നില്ക്കുന്ന രോമങ്ങളും ഇതിന്റെ ഉദാഹരണമണ്. മനുഷ്യൻ അവന്റെ ജീവശാസ്ത്രപരമായ ആവാസവ്യവസ്ഥയുടെ അതിരുകൾ ഭേദിച്ചുകൊണ്ട് ലോകം കീഴടക്കിയപ്പോൾ വസ്ത്രങ്ങൾ ആവശ്യമായി വന്നു.
