സ്വതന്ത്രചിന്ത പരദൂഷണമാവരുത്‌

Society

സ്വതന്ത്രചിന്ത പരദൂഷണമാവരുത്‌


ചാപ്പയടി, ലിഞ്ചിങ്, ഡൗൺ ഗ്രേഡിങ്, താറടിക്കൽ, വെള്ളപൂശൽ, കാപ്‌സ്യൂൾ നിർമ്മാണം തുടങ്ങിയ പുച്ഛപദാവലികൾകൊണ്ട് എതിർ ആശയക്കാരെ തറപറ്റിക്കാൻ രവിചന്ദ്രൻ സി. ശ്രമിക്കുമ്പോൾ, താൻ ചെയ്യുന്നതും മേൽക്കാര്യംതന്നെയാണെന്ന് തിരിച്ചറിയുന്നില്ല എന്നതാണ് ഒന്നാമത്തെ ദുര്യോഗം. 'തെളിവുകൾ നയിക്കട്ടെ' എന്ന് എഴുതി പ്രദർശിപ്പിക്കുമ്പോഴും തന്റെ വാദങ്ങൾക്കൊന്നിനും തെളിവു വേണ്ട എന്നതാണ് രണ്ടാമത്തെ പ്രശ്‌നം. ലിഞ്ചിങ് ഗ്രൂപ്പുകൾ തനിക്കെതിരെ വെറുപ്പ് ഉത്പാദിപ്പിക്കുന്നു എന്ന് ആവർത്തിച്ചു പരാതിപ്പെടുമ്പോഴും മൊത്തത്തിൽ അതുതന്നെയാണ് താനും കൂട്ടരും ചെയ്യുന്നതെന്നും ഇദ്ദേഹം തിരിച്ചറിയുന്നില്ല.

ഹൈന്ദവ വിമർശനം

സ്വയമൊരു മിശിഹയാകാനുള്ള ശ്രമത്തിലെ സഹതാപപരമായ ഉള്ളടക്കമാണ് താൻ മാത്രമാണ് ഹിന്ദുവിമർശനം നടത്തുന്നുവെന്ന അബദ്ധ പ്രസ്താവന. അതായത് ഇന്നേക്ക് ഏഴോ എട്ടോ വർഷം മുമ്പു മാത്രമാണ് ഹിന്ദു വിമർശനം ഇന്ത്യയിൽ അവതരിക്കുന്നതത്രേ. ദേവി പ്രസാദ് ചതോപാദ്ധ്യായ, ഡി.ഡി. കോസംബി, രാഹുൽ സംകൃത്യായനൻ, റോമില ഥാപ്പർ, ഇർഫാൻ ഹബീബ്, ജ്യോതിറാവു ഫുലേ, ഇ.വി. രാമസ്വാമി, കെ. ദാമോദരൻ തുടങ്ങിയവരെക്കുറിച്ചൊന്നും ഈ പണ്ഡിതൻ കേട്ടിട്ടുണ്ടാവിേല്ല. മലയാളത്തിൽതന്നെ സഹോദരൻ, മിതവാദി കൃഷ്ണൻ, കുറ്റിപ്പുഴ, എൻ.ഇ. ബലറാം, കുസുമം, വി.ടി., എം.സി., ഇടമറുക്, പവനൻ, കലാനാഥൻ തുടങ്ങിയവരെക്കുറിച്ചും ഇദ്ദേഹം അജ്ഞനാവും. അഥവാ തനിക്കു മുമ്പേ ഇവർ ജനിച്ചുപോയി എന്നത് ഒരു കുഴപ്പമാകാം. സവർക്കർ, ഗോൾവർക്കർ തുടങ്ങിയവരെക്കുറിച്ചുള്ള വിമർശന ഗ്രന്ഥങ്ങൾ എത്രയെണ്ണം മലയാളത്തിലുണ്ട്. ആർ.എസ്.എസ്. വിട്ടു വന്നവർതന്നെ എഴുതിയ കൃതികൾവരെയുണ്ട്. തനിക്കറിയാത്തതൊക്കെ സംഭവിച്ചിട്ടില്ല എന്നു ധരിക്കുന്നത് എത്ര സഹതാപപരമാണ്. കുറഞ്ഞപക്ഷം യാതൊരു തെളിവുമില്ലാതെയാണ് ഈ നിലവിളി.


Related Articles