2022–ൽ പുറത്തിറങ്ങിയ ‘പ്രേ’ (prey) എന്ന സയൻസ് ഫിക്ഷൻ സിനിമയിലെ ‘നരു’ എന്ന നായികാ കഥാപാത്രം വേട്ടയിലെ ആൺകോയ്മാ വക്താക്കളെ ഒട്ടൊന്നുമല്ല അസ്വസ്ഥരാക്കിയത്. സോഷ്യൽ മീഡിയയിലടക്കം വന്ന വിമർശനങ്ങളിൽ വേട്ടയിലെ പെൺവഴക്കത്തെ കുറിച്ചുള്ള ആവലാതികൾ കടന്നു വന്നു. ഈ സിനിമയെ പ്രെഡേറ്റർ ഫ്രാഞ്ചൈസി സീരിസിലെ അവസാനം ഇറങ്ങിയ സിനിമയെന്ന രീതിയിൽ കണ്ടാൽ മതിയെങ്കിലും ‘നരു’വെന്ന കഥാപാത്രം തൊടുക്കുന്ന അസ്ത്രങ്ങൾ കൊള്ളേണ്ടിടത്ത് കൃത്യമായി തറക്കുന്നുണ്ടെന്നതിൽ സംശയമൊന്നുമില്ല. ഒരു പെൺ കഥാപാത്രം തന്റെ വംശത്തെ രക്ഷിച്ചെടുക്കുന്നത് കണ്ടു നിൽക്കാൻ പ്രാപ്തിയില്ലാത്ത ആൺബോധത്തെ വെല്ലുവിളിക്കാൻ പര്യാപ്തമാണ് കാരാ ആക്കാബേക്കിന്റേയും സാറാ ലേസിയുടേയും സയന്റിഫിക് അമേരിക്കനിലെ പഠനം. ഈ പഠനം ചരിത്രാതീത കാലത്തെ കുറിച്ച് നമ്മൾ തയ്യാറാക്കിയ ആൺ പെൺ തൊഴിൽ ബന്ധങ്ങളെ കുറിച്ചുള്ള ധാരണകളെ പുനർവായിക്കാൻ പര്യാപ്തമാണ്.
പെണ്ണും വേട്ടക്കാരിയായിരുന്നുവെന്ന് പറയുമ്പോൾ ആണധികാരത്തിന്റെ സൂചകമായി നായാട്ടിനെ ആഘോഷിച്ച സംസ്കാര തുടർച്ചയിൽ നിലവിൽ വിശ്വസങ്ങളെ തിരുത്തുക എന്നത് ഒട്ടൊന്നുമല്ല പ്രയാസകരമാകുന്നത്. അതുകൊണ്ടുതന്നെ ലാസിയും ഓക്കോബോക്കും വെട്ടിത്തുറക്കുന്ന ചർച്ച വരുംദിവസങ്ങളിൽ ചൂടുപിടിക്കും എന്നത് തീർച്ചയാണ്. ആൺ പെൺ ജൈവശാസ്ത്ര സവിശേഷതകളും കോഗ്നിറ്റീവ് ആന്ത്രപ്പോളജി പരിപ്രേഷ്യങ്ങളും പാലിയോ ആന്ത്രപ്പോളജിയുടെ സാധ്യതകളും ആർക്കിയോളജി തെളിവുകളുമായി ചേർത്തുവെച്ച് പരിശോധിച്ചാൽ അവർ മുന്നോട്ട് വെച്ച വാദഗതികളുടെ ശാസ്ത്രീയത മനസ്സിലാക്കാം.
വേട്ട ആണിനും പരിപാലനം പെണ്ണിനുമെന്ന സങ്കൽപ്പം ആഴത്തിൽ ഉറച്ചുപോയ സാമൂഹ്യ ചുറ്റുപാടുകളുമായാണ് നമ്മൾ പാകപ്പെട്ടതെന്ന ആമുഖത്തോടെ നരവംശശാസ്ത്ര മനസ്സിനെ അതിൽ നിന്നും വേർതിരിച്ച് ലേസിയും ആക്കബേക്കും വാദഗതികൾ അവതരിപ്പിക്കുമ്പോൾ നവീനശിലായുഗം വരെയുള്ള ലിംഗസമത്വ കാലത്തെ വേട്ടയിലെ പെൺ വഴക്കങ്ങളെ കുറിച്ച് മതിയായ തെളിവുകൾ നിരത്താൻ ശ്രമിക്കുന്നതായി തന്നെ കാണാം. ശേഷം വരുന്ന കാർഷീക ജീവികാസമ്പാദന പ്രാമുഖ്യമുള്ള സാമ്പത്തീകക്രമമാണ് ആൺ പെൺ തൊഴിൽ വിഭജനമെന്ന സാമൂഹ്യക്രമം സാധ്യമാക്കിയത്. ആണധികാര ലോകക്രമത്തെ നിശ്ചയിക്കാൻ മറ്റു ചില സൂചകങ്ങളെ പോലെ തന്നെ കായിക ശേഷിയെ കുറിച്ചുള്ള മുൻവിധികൾ അടിച്ചേൽപ്പിക്കുകയും അതിന്റെ തുടർച്ചയായി ഗവേഷണലോകംവരെ ചലിപ്പിക്കപ്പെടുകയും ചെയ്തു എന്നും അവർ സമർത്ഥിക്കുന്നുണ്ട് (Ocoboch and Lacy, November 2023). നവമാധ്യമ ലോകത്തും അല്ലാതേയും ‘നരു’വിന്റെ പ്രകടനത്തിൽ നമുക്ക് സംശയം വരുന്നത് നവീനശിലായുഗത്തിനു ശേഷം പരിണമിച്ച ലിംഗകേന്ദ്രീകൃത തൊഴിൽ വിഭജനത്തിലൂടെ സാധ്യമാക്കിയ ആൺമേധാവിത്ത ബുദ്ധി വികാസത്തിന്റെ തിയററ്റിക്കൽഘട്ട പാകപ്പെടലിലൂടെയാണ്. വേട്ടയിലെ ലിംഗ മുൻവിധികളെ തിരുത്താനും, ജോലിയുടെ വിഭജനത്തിലൂടെ സാധ്യമായ പരിണാമമെന്ന മാൻ ദി ഹണ്ടർ പരിപ്രേഷ്യത്തെ പുനർ വായിക്കാനും സയന്റിഫിക് അമേരിക്കയിലെ ഈ വെളിപ്പെടുത്തൽ കാരണമാകും.
